പ്രമുഖ കാഥികനും ഭാഷാ പണ്ഡിതനും പുരോഗമന ചിന്തകനുമായിരുന്ന പ്രൊഫ. കടയ്ക്കോട് വിശ്വംഭരന്റെ സ്മരണാര്‍ത്ഥം നല്കി വരുന്ന കടയ്ക്കോട് വിശ്വംഭരന് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സാഹിത്യ പുരസ്കാരം കവി മാധവന് പുറച്ചേരിക്കാണ്. അമ്മക്കടല്‍, അവരുടെ രാവുകള്‍ ഉത്തമഗീതം, ഭൂമിജന്മം, മരായണം, ഗൃഹബുദ്ധന് കിളിപ്പാട്ട് ഉച്ചിര തുടങ്ങിയ 42 കവിതകള്‍ അടങ്ങിയ പുറച്ചേരിയുടെ 'ഉച്ചിര' എന്ന കാവ്യസമാഹാരമാണ് അവാര്‍ഡിനര്‍ഹമായത്.
ചരിത്ര പാഠങ്ങളും, പ്രകൃതിയുടെ സൗന്ദര്യവും സാമൂഹ്യ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളും വികാരങ്ങളും പ്രകടമാക്കുന്നവയാണ് പുരസ്കാരം നേടിയ മാധവന് പുറച്ചേരിയുടെ കവിതകള്‍. പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള ചെയര്‍മാനും ഡോ. സി. ഉണ്ണികൃഷ്ണന്, അഡ്വ. സുരേന്ദ്രന് കടയ്ക്കോട് എന്നിവര്‍ അംഗങ്ങളുമായ ജൂറി കമ്മറ്റിയാണ് സാഹിത്യ പുരസ്കാരം നിര്‍ണ്ണയിച്ചത്. പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
ഒക്ടോബര്‍ 23-ന് കൊല്ലം, എഴുകോണ്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ ചടങ്ങിന് രാവിലെ എട്ടിന് സ്മൃതി മണ്ഡപത്തില്‍ പി.എ.എബ്രഹാം പതാക ഉയര്‍ത്തും. ഉച്ചയ്ക്ക് രണ്ടിന് കാഥിക സംഗമവും തുടര്‍ന്ന് യുവ കാഥികരുടെ കഥാപ്രസംഗങ്ങളും നടക്കും. വൈകിട്ട് ആറുമണിക്ക് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. അനുസ്മരണ യോഗത്തില്‍ വിവിധ മേഖലകളില്‍ പ്രതിഭകളായവരെ മന്ത്രി ആദരിക്കുമെന്ന് ഫൗണ്ടേഷന് ചെയര്മാന് എഴുകോണ്‍ സന്തോഷും സെക്രട്ടറി വി. സന്ദീപും അറിയിച്ചു.
