കേസരി പുരസ്കാരം 2025 മാധവൻ പുറച്ചേരിക്ക്

Award

കേസരി പുരസ്കാരം 2025 മാധവൻ പുറച്ചേരിക്ക്


യുവകലാസാഹിതി പറവൂർ താലൂക്ക് കമ്മിറ്റി സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയ 16 -ാമത് കേസരി പുരസ്കാരം മാധവൻ പുറച്ചേരിയുടെ "ഉച്ചിര" എന്ന കവിത സമാഹാരത്തിന് ലഭിച്ചു. ധീരനായ പത്രപ്രവർത്തകനും ചിന്തകനും ഗവേഷകനും ആയിരുന്ന കേസരി എ. ബാലകൃഷ്ണപിള്ളയുടെ സ്മരണ നിലനിർത്തുന്നതിനായി 1997 ലാണ് യുവകലാസാഹിതി പറവൂർ താലൂക്ക് കമ്മിറ്റി കേസരി പുരസ്കാരത്തിന് തുടക്കം കുറിച്ചത്. 2022, 2023, 2024 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളാണ് ഇത്തവണ അവാർഡിനായി പരിഗണിച്ചത്. അവാർഡ് നിർണ്ണയത്തിനായി ലഭിച്ച 51 കവിത സമാഹാരങ്ങളിൽ നിന്നും പ്രശസ്ത സാഹിത്യകാരന്മാരായ ആലങ്കോട് ലീലാ കൃഷ്ണൻ, ഡോ. സുനിൽ പി ഇളയിടം, ഡോ. വത്സലൻ വാതുശ്ശേരി എന്നിവർ ഉൾപ്പെട്ട ജൂറിയാണ് മാധവൻ പുറച്ചേരിയുടെ "ഉച്ചിര" എന്ന കവിതാ സമാഹാരം പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.

ഈ വർഷത്തെ കേസരി അവാർഡിന് പരിഗണിക്കപ്പെട്ട കാവ്യഗ്രന്ഥങ്ങൾ പൊതുവേ ഉയർന്ന നിലവാരം പുലർത്തി. പരമ്പരാഗതമായ കാവ്യസംസ്കാരത്തിൻ്റെ തുടർച്ചയായി നിൽക്കുമ്പോഴും ഏറ്റവും പുതിയ കാവ്യ ഭാവുകത്വങ്ങളെ സ്വാംശീകരിക്കാനും പുതിയ ലോകാനുഭവങ്ങളോട് സംവദിക്കാനും ഈ കാവ്യങ്ങൾക്ക് അനായാസം സാധിക്കുന്നു. ഇരുത്തം വന്ന എഴുത്ത് എന്ന വിശേഷണത്തിന് അർഹമാണ് ഈ സമാഹാരത്തിലെ കവിതകൾ. ആന്തരികമായ കരുത്തും രചനാപരമായ കൈയടക്കവുമുള്ള ഈ കവിതകൾ മലയാള കവിതാ ചരിത്രത്തിൽത്തന്നെ തനതായ ഇടം അർഹിക്കുന്നുണ്ട് എന്നും അവാർഡ് നിർണ്ണയ കമ്മിറ്റി വിലയിരുത്തി.

11,111 രൂപയും പ്രശസ്തി പത്രവും മെമെന്റോയും അടങ്ങുന്നതാണ് അവാർഡ്. 


Related Articles