കവിയും വിവർത്തകനും അദ്ധ്യാപകനും പത്രപ്രവർത്തകനുമായിരുന്ന പ്രൊഫ. കെ വി തമ്പിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള കെ വി തമ്പി സാഹിത്യ പുരസ്കാരം എഴുത്തുകാരി കൃപ അമ്പാടിക്ക്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച കൃപ അമ്പാടിയുടെ പെങ്കുപ്പായം എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം.
റവ. ഡോ. മാത്യു ദാനിയൽ, മധു ഇറവങ്കര, ബാബു ജോൺ, ജോർജ് ജേക്കബ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ''ഗൃഹാതുരതയിൽ നിന്നും ലിംഗഭേദത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യപ്രഖ്യാപനമാണ് കൃപയുടെ കവിതകൾ. പ്രമേയ സ്വീകരണത്തിലും ആവിഷ്കാരത്തിലും വേറിട്ടു നിൽക്കുന്ന ഈ കവിതകൾ സമകാല മലയാളകവിതയെ പ്രതിനിധാനം ചെയ്യുന്നു'' വെന്ന് പുരസ്കാരസമിതി പറഞ്ഞു. ജൂൺ 8ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ ചേരുന്ന യോഗത്തിൽ ശാന്ത കടമ്മനിട്ടയാണ് പുരസ്കാരം സമ്മാനിക്കുന്നത്.
