2025 ലെ എഴുത്തച്ഛന്‍ പുരസ്കാരം കെ ജി എസിന്. സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്ക് കേരള സർക്കാർ നല്‍കുന്ന ബഹുമതിയാണ് എഴുത്തച്ഛന്‍ പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ആണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. എൻ.എസ്. മാധവൻ ചെയർമാനും കെ.ആർ. മീര, ഡോക്ടർ കെ.എം. അനിൽ എന്നിവർ അംഗങ്ങളും കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫസർ സി.പി. അബൂബക്കർ മെമ്പർ സെക്രട്ടറിയുമായ പുരസ്കാരനിർണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
എ.എൻ. ഗോപാലപിള്ളയുടെയും ജി. ഭവാനിയമ്മയുടെയും മകനായി 1948 ല്‍ കൊല്ലം ജില്ലയിലെ ചവറയിലായിരുന്നു കെ ജി ശങ്കരപിള്ളയുടെ ജനനം. ശങ്കരമംഗലം, ഏഴാം മൈൽ, കടമ്പനാട് എന്നീ സ്‌കൂളുകളിലും കൊല്ലം എസ്. എൻ. കോളേജ്, കേരള സർവ്വകലാശാല എന്നീ കോളേജുകളിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
1971 മുതൽ വിവിധ ഗവ. കോളേജുകളിൽ അധ്യാപകനായി ജോലിചെയ്തു. 2003-ൽ എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പലായി വിരമിച്ചു. പുത്തേഴൻ പുരസ്‌കാരം, കടവനാട് പുരസ്‌കാരം, കേരള-കേന്ദ്രസാഹിത്യ അക്കാദമി അവാർഡുകൾ, കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, ആശാൻ പുരസ്കാരം, മഹാകവി പി. പുരസ്‌കാരം, ഓടക്കുഴൽ അവാർഡ്, നവമലയാളി പുരസ്‌കാരം, കടമ്മനിട്ട പുരസ്‌കാരം, പന്തളം കേരളവർമ്മ പുരസ്‌കാരം, ഹബീബ് വലപ്പാട് പുരസ്‌കാരം, ഗുരുദക്ഷിണ പുരസ്‌കാരം, കമലാസുരയ്യ കവിതാപുരസ്‌കാരം, ഉള്ളൂർ അവാർഡ്, ബഹ്റിൻ കേരളീയ സമാജം സാഹിത്യപുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.
