കൈരളീ കലാസമിതി നൽകുന്ന പ്രഥമ സാഹിത്യ പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ എൻഎസ് മാധവന്. ബെംഗളൂരുവിലെ പ്രമുഖ മലയാളിസംഘടനയായ കൈരളീ കലാസമിതി, സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് നല്ർകുന്ന ബഹുമതിയാണിത്. ഒരുലക്ഷം രൂപയും ആർട്ടിസ്റ്റ് ഷഫീഖ് പുനത്തിൽ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
എഴുത്തുകാരായ സുഭാഷ് ചന്ദ്രൻ, റഫീഖ് അഹമ്മദ്, ഇപി രാജഗോപാലൻ എന്നിവരടങ്ങുന്ന സമിതിയാണ് ജേതാവിനെ നിർദേശിച്ചത്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും എൻഎസ് മാധവൻ നൽകിയ സംഭാവനകൾക്കുള്ള മുഴുവൻ മലയാളികളുടെയും ആദരമായി ഈ പുരസ്കാരത്തെ കണക്കാക്കുന്നതായി പുരസ്കാര നിർണയസമിതി വിലയിരുത്തി.
കൈരളീ കലാസമിതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ജൂൺ എട്ടിന് നടക്കുന്ന സാഹിത്യോത്സവത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് പ്രസിഡന്റ് സുധാകരൻ രാമന്തളി, ജനറൽ സെക്രട്ടറി പികെ സുധീഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. എച്ച്എഎല്ലിലെ കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ നടക്കുന്ന സാഹിത്യോത്സവത്തിൽ കേരളത്തിൽനിന്നും കർണാടകയിൽനിന്നുമുള്ള എഴുത്തുകാരും സഹൃദയരും പങ്കെടുക്കുകയും സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളെ സംബന്ധിച്ച ചർച്ചകൾ നടത്തുകയും ചെയ്യും.
