പ്രശസ്ത സാഹിത്യകാരനും മാധ്യമ പ്രവർത്തകനുമായിരുന്ന ജെകെവിയുടെ (ജോസഫ് കാഞ്ഞിരത്തിങ്കൽ വർക്കി) നാമധേയത്തിൽ നൽകി വരുന്ന എട്ടാമത് സാഹിത്യപുരസ്കാരം ആർകെ ബിജുരാജിന്. ‘കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം’ എന്ന പുസ്തകത്തിനാണ് അവാർഡ്. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ആധികാരികതയോടും സൂക്ഷ്മതയോടും കൂടി കേരള രാഷ്ട്രീയചരിത്രത്തെ അതിഗംഭീരമായി ഒരു ഗവേഷണപ്രബന്ധത്തിെന്റെ ഗൗരവത്തോടെ ബിജുരാജ് കേരളരാഷ്ട്രീയ ചരിത്രം എന്ന പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു എന്ന് പുരസ്കാര സമിതി വിലയിരുത്തി.
ജെകെവിയുടെ പേരിലുള്ള പ്രഥമ മാധ്യമ പുരസ്കാരം 24 ന്യൂസിലെ വാർത്താ അവതാരകൻ എസ് വിജയകുമാറിനും ലഭിച്ചു. 7,500 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
പി.കെ. പാറക്കടവും ഏബ്രഹാം മാത്യുവും കേന്ദ്ര യൂണിവേഴ്സിറ്റിയുടെ രജിസ്ട്രാർ ഡോ. ബാലചന്ദ്രൻ കീഴോത്തും അടങ്ങുന്ന സമിതിയാണ് പുരസ്കാരജേതാക്കളെ തെരഞ്ഞെടുത്തത്. പുരസ്കാരങ്ങൾ ജെകെവിയുടെ ജന്മവാർഷികദിനമായ ഒക്ടോബർ ഒന്നാം തീയതി ചങ്ങനാശ്ശേരി സർഗ്ഗക്ഷേത്ര ജെകെവി ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
