മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ ഇ. സന്തോഷ്കുമാറിന് , 'എം.എൽ.എ ബുക്ക് ഓഫ് ദി ഇയർ' അവാർഡ്. സന്തോഷ്‌കുമാറിന്റെ 'തപോമയിയുടെ അച്ഛൻ' എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. മലയാളത്തിൽ അഞ്ചുവർഷത്തിനിടെ പ്രസിദ്ധീകരിച്ച മികച്ച പുസ്തകത്തിന് കൊണ്ടോട്ടി എം.എൽ.എ. ടി.വി. ഇബ്രാഹിം ഏർപ്പെടുത്തിയ പുരസ്കാരമാണിത്. അൻപതിനായിരം രൂപയാണ് പുരസ്കാരത്തുക.
ഞായറാഴ്‌ച കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ അക്കാദമിയിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ പാണക്കാട് സാദിഖലി തങ്ങളിൽ നിന്ന് സന്തോഷ്‌കുമാർ അവാർഡ് ഏറ്റുവാങ്ങി. കൊണ്ടോട്ടി മണ്ഡലത്തിലെ എഴുത്തുകാരെ ആദരിക്കുന്നതിനായി നടപ്പാക്കുന്ന 'അക്ഷരദക്ഷിണ' പരിപാടിയുടെ ഭാഗമായി, മണ്ഡലത്തിലെ 131 എഴുത്തുകാരുടെ സൃഷ്‌ടികൾ ഉൾപ്പെടുത്തിയുള്ള പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
'കൊണ്ടോട്ടിയിലെ എഴുത്തുസംസ്കാരം' എന്ന വിഷയത്തിൽ ഡോ. കെ.കെ. മുഹമ്മദ് അബ്ദുൽസത്താർ, ഡോ. രാജേഷ്മോൻജി, പി.പി. ഷാനവാസ് എന്നിവർ പങ്കെടുത്ത ചർച്ചയും നടത്തപ്പെട്ടു. അഷ്റഫ് മടാൻ ആയിരുന്നു മോഡറേറ്റർ. ഷമീർ ചാവക്കാട്, അഷ്റഫ് പാലപ്പെട്ടി എന്നിവർ നയിച്ച സൂഫി സംഗീത നിശ 'സുനോ ഖവാലി'യും പരിപാടിയുടെ ഭാഗമായി അരങ്ങേറി.
