കലാ സാഹിത്യരംഗത്തെ പ്രവർത്തന മികവിനുള്ള ഫ്രഞ്ച് സർക്കാരിന്റെ സിവിലിയൻ ബഹുമതി നൈറ്റ് ഓഫ് ദി ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് (Knight of the Order of Arts and Letters) ഡിസി ബുക്സ് സി.ഇ.ഒ. രവി ഡിസി ഏറ്റുവാങ്ങി. കലാസാഹിത്യ രംഗത്തെ മികവിന് ഫ്രഞ്ച് സര്‍ക്കാര്‍ നല്‍കുന്ന അന്തര്‍ദേശീയ ബഹുമതിയാണിത്.
ഡല്‍ഹിയിലെ ഫ്രഞ്ച് എംബസിയില്‍ നടന്ന ചടങ്ങില്‍ ഫ്രഞ്ച് അംബാസഡര്‍ തിയറി മതോ, പുരസ്കാരം രവി ഡിസിക്ക് സമ്മാനിച്ചു. സാഹിത്യ സൃഷ്ടികള്‍ ഭാഷാപരവും സാംസ്‌കാരികവുമായ എല്ലാ അതിര്‍വരമ്പുകളും മറികടന്ന് കൂടുതല്‍ ആളുകളിലേക്കെത്തിക്കാന്‍ കൂടുതല്‍ പ്രതിബദ്ധതയോടെ തുടര്‍ന്നും പ്രവർത്തിക്കുമെന്ന്, പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് രവി ഡിസി പറഞ്ഞു.
ഫ്രഞ്ച് സാഹിത്യത്തിന് മലയാളത്തിൽ വലിയൊരു വായനാ സമൂഹം ഇന്നുണ്ട്. ഇതിൽ ഡി സി ബുക്സ് വഹിച്ച പങ്കിനെ തിയറി മതോ അഭിനന്ദിച്ചു. 2025 ലെ കെ എൽ എഫിൽ അതിഥി രാജ്യമായി ഫ്രാൻസ് എത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക വിനിമയത്തെ കൂടുതൽ ശക്തമാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
