2025 ലെ ക്രോസ് വേഡ് ബുക്ക് അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച വിവർത്തനത്തിനുള്ള ക്രോസ് വേഡ് പുരസ്കാരം മലയാളികളായ മനോജ് കുറൂരിനും ജെ. ദേവികയ്ക്കും. വിവർത്തന വിഭാഗത്തിൽ മനോജ് കുറൂരിന്റെ 'നിലം പൂത്തുമലർന്ന നാൾ' എന്ന നോവലിന്റെ ഇംഗ്ലിഷ് പരിഭാഷയായ 'The Day The Earth Bloomed' പുരസ്കാരം സ്വന്തമാക്കി. ജെ. ദേവികയാണ് പുസ്തകത്തിന്റെ വിവർത്തനം നിർവഹിച്ചത്. 2025 ലെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ബുക്ക് ഓഫ് ദി ഇയർ പുരസ്കാരവും പുസ്തകം കരസ്ഥമാക്കിയിരുന്നു.
രണ്ടായിരം വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു കാലഘട്ടത്തിന്റെ കഥപറയുന്ന നോവലാണ് മനോജ് കുറൂരിന്റെ നിലം പൂത്തുമലര്‍ന്ന നാള്. തികച്ചും പരിമിതമായ തെളിവുകളില്‍ നിന്നും അവശേഷിപ്പുകളില്‍ നിന്നുമാണ് മനോജ് കൂറൂര്‍ ഈ നോവലിന്റെ കാതല്‍ കണ്ടെത്തിയിരിക്കുന്നത്. നാടോടിവിജ്ഞാനീയവും സംസ്കാരവും ഭാഷയും ചരിത്രവും എല്ലാം കടന്നുവരുന്ന ഒരു യാത്രാവിവരണ കൃതി എന്നും ഈ നോവലിനെ വിലയിരുത്താവുന്നതാണ്. നോവല്‍ ആരംഭിക്കുന്നതുതന്നെ ഒരു യാത്രയുടെ തയ്യാറെടുപ്പോടെയാണ്. അതിസാധാരണമായൊരു വനയാത്രയുടെ അനുഭൂതിയാണ് അത് സമ്മാനിക്കുന്നത്.
സംസ്കൃതാക്ഷരങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ദ്രാവിഡാക്ഷരങ്ങള്‍ മാത്രം ഉള്ള ഭാഷയാണ് നോവലിലുടനീളം. എങ്കിലും വായനയുടെ ഒഴുക്കിന് അല്പംപോലും തടസ്സം വരാതെയും കൃത്രിമത്വം അനുഭവപ്പെടാതെയും അന്നത്തെ ജീവിതശൈലി, ഭൂപ്രകൃതിയിലെ വൈവിദ്ധ്യങ്ങള്‍, ഭക്ഷണരീതികള്‍, സംഗീതം, ആചാരങ്ങള്‍, വീട്ടുപകരണങ്ങള്‍, ആഭരണങ്ങള്‍ എന്നു വേണ്ട സകലതിനെപ്പറ്റിയുമുള്ള സൂക്ഷ്മവിവരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദ്രാവിഡാക്ഷരങ്ങളിൽ എഴുതിയ ഈ നോവലിനെ ഏറ്റവും മനോഹരമായി ഇംഗ്ലിഷിലേക്ക് പറിച്ചുനടുകയായിരുന്നു പുസ്തകത്തിന്റെ വിവർത്തകയായ ജെ ദേവിക.
