ബുക്കർ പ്രൈസ് അന്തിമ പട്ടിക പ്രഖ്യാപിച്ചു; രണ്ടാം ബുക്കറിന് ഒരുങ്ങി കിരൺ ദേശായി

Award

ബുക്കർ പ്രൈസ് അന്തിമ പട്ടിക പ്രഖ്യാപിച്ചു; രണ്ടാം ബുക്കറിന് ഒരുങ്ങി കിരൺ ദേശായി


ഈ വർഷത്തെ ബുക്കർ പ്രൈസ് ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ഇന്ത്യയ്ക്ക് അഭിമാനമായി കിരൺ ദേശായി അന്തിമ പട്ടികയില്‍ ഇടം നേടി. മുന്‍ ബുക്കർ പ്രൈസ് ജേതാവുകൂടിയാണ് കിരൺ ദേശായി. ഡേവിഡ് സലായിയുടെ 'ഫ്ലെഷ്', ആൻഡ്രൂ മില്ലറിന്റെ 'ദ് ലാന്റ് ഇൻ വിന്റർ', ബെൻ മർക്കോവിറ്റ്സിന്റെ 'ദ് റെസ്റ്റ് ഓഫ് ഔർ ലൈവ്‌സ്', സൂസൻ ചോയി എഴുതിയ 'ഫ്ലാഷ്ലൈറ്റ്', കെയ്റ്റി കിതാമുറ എഴുതിയ 'ഓഡിഷൻ' എന്നിവയാണ് അന്തിമ പട്ടികയില്‍ ഇടം നേടിയ മറ്റു പുസ്തകങ്ങള്‍. ലണ്ടനിലെ സൗത്ത്‌ബാങ്ക് സെന്ററിൽ നടന്ന ചടങ്ങിലാണ് ബുക്കര്‍ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചത്. 2025ലെ ബുക്കർ പ്രൈസ് വിജയിയെ നവംബർ 10-ന് പ്രഖ്യാപിക്കും.

2006-ൽ ദി ഇൻഹെറിറ്റൻസ് ഓഫ് ലോസ് എന്ന കൃതിക്ക് ബുക്കർ നേടിയ കിരൺ ദേശായിയുടെ ദി ലോൺലിനസ് ഓഫ് സോണിയ ആൻഡ് സണ്ണി എന്ന പുസ്തകമാണ് ഇത്തവണ ചുരുക്കപ്പട്ടികയില്‍ എത്തിയിരിക്കുന്നത്. ഇന്ത്യയും അമേരിക്കയും പശ്ചാത്തലമാക്കി സ്നേഹത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും കഥ പറയുന്ന ഈ നോവൽ അവരുടെ മൂന്നാമത്തെ പുസ്തകമാണ്. ഏകദേശം 700 പേജുകളുള്ള ഈ കൃതിക്ക് പട്ടികയിലെ ഏറ്റവും നീളമുള്ള പുസ്തകം എന്ന സവിശേഷതയുമുണ്ട്.

ഈ വർഷത്തെ ബുക്കർ പ്രൈസ് നേടിയാൽ ബുക്കർ പ്രൈസിന്റെ 56 വർഷത്തെ ചരിത്രത്തിൽ രണ്ടു പ്രാവശ്യം ഈ പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ വ്യക്തിയായിരിക്കും കിരൺ ദേശായി. ഡൽഹിയിൽ ജനിച്ച കിരൺ ദേശായി പഞ്ചാബിലും മുംബൈയിലുമായി ബാല്യം ചെലവഴിച്ചു. 14-ാം വയസ്സിൽ ഇന്ത്യ വിട്ടു. ഇംഗ്ലണ്ട്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ നിന്ന് തുടര്‍ വിദ്യാഭ്യാസം നേടി. ഇപ്പോള്‍ ന്യൂയോർക്കിലാണ് താമസിക്കുന്നത്. എഴുത്തുകാരിയായ അമ്മ അനിത ദേശായിയും പല തവണ ബുക്കർ പുരസ്‌കാര പട്ടികയില്‍ ഇടം നേടിട്ടുണ്ട്.


Related Articles