ബുക് ബ്രഹ്മ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ബുക് ബ്രഹ്മ സാഹിത്യപുരസ്കാരം 2025ന് പ്രശസ്ത എഴുത്തുകാരി കെആർ മീര തിരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റ് എട്ട് മുതൽ 10 വരെ ബെംഗളൂരു സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ബുക് ബ്രഹ്മ സാഹിത്യോത്സവത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കുന്നതാണ്. രണ്ട് ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യോത്സവത്തിന്റെ സമാപനദിനമായ ഓഗസ്റ്റ് 10ന് പുരസ്കാരം സമ്മാനിക്കും.
ദക്ഷിണേന്ത്യൻ സാഹിത്യ മേഖലയ്ക്ക് അമൂല്യമായ സംഭാവനകൾ നൽകിയ എഴുത്തുകാർക്കുള്ള അംഗീകാരമായി നൽകിവരുന്ന വാർഷിക പുരസ്കാരമാണ് ബുക് ബ്രഹ്മ. ദക്ഷിണേന്ത്യൻ ഭാഷകളായ മലയാളം, ത്മിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ എഴുത്തുകാരെയാണ് ഈ പുരസ്കാരത്തിന് പരിഗണിക്കുന്നത്.
ബുക് ബ്രഹ്മ സാഹിത്യോത്സവം 2025ൽ മൂന്നു പ്രധാനപ്പെട്ട സെഷനുകളിൽ കെ ആർ മീരയുടെ സാന്നിദ്ധ്യമുണ്ടാകും. ഓഗസ്റ്റ് 8ന് ഉത്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കും. ഓഗസ്റ്റ് 9ന് മുഖാമുഖി എന്ന സെഷനിൽ വായനക്കാരുമായി നേരിട്ട് സംവദിക്കും. ഓഗസ്റ്റ് 10ന് ബുക് ബ്രഹ്മ പുരസ്കാരം സ്വീകരിച്ചശേഷം കെ ആർ മീരയുമായുള്ള വിശദമായ സംഭാഷണവും ഉണ്ടായിരിക്കും.
