അമല്‍ പിരപ്പന്‍കോടിന് സാഹിത്യത്തിനുള്ള യൂത്ത് ഐക്കണ്‍ പുരസ്‌കാരം

Award

അമല്‍ പിരപ്പന്‍കോടിന് സാഹിത്യത്തിനുള്ള യൂത്ത് ഐക്കണ്‍ പുരസ്‌കാരം


കേരള സംസ്ഥാന യുവജന കമ്മീഷന്റെ 2025-26 വര്‍ഷത്തെ യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാഹിത്യത്തിനുള്ള യൂത്ത് ഐക്കണ്‍ പുരസ്‌കാരം എഴുത്തുകാരന്‍ അമല്‍ പിരപ്പന്‍കോടിനാണ്. യുവകഥാകൃത്തും നോവലിസ്റ്റും ചിത്രകാരനുമായ അമല്‍ പിരപ്പന്‍കോട്, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ്.

അമലിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 'വ്യസനസമുച്ചയം' എന്ന നോവലിന് 2018-ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരവും ബഷീര്‍ യുവപ്രതിഭാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കൂടാതേ മഹാത്മാഗാന്ധി സര്‍വകലാശാലയും, പോണ്ടിച്ചേരി കേന്ദ്രസര്‍വകലാശാലയും, യു.സി കോളജ് ആലുവയും 'വ്യസനസമുച്ചയം' പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ പിരപ്പന്‍കോടില്‍ 1987-ല്‍ ജനിച്ച അമല്‍, മാവേലിക്കര രാജാരവിവര്‍മ്മ ഫൈന്‍ ആര്‍ട്‌സ് കോളജില്‍നിന്ന് പെയിന്റിങ്ങില്‍ ബിരുദവും കൊല്‍ക്കത്ത ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ നിന്ന് കലാചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജ്, മാവേലിക്കര രാജാ രവിവര്‍മ്മ സെന്റെര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്‌സ് എന്നിവിടങ്ങളില്‍ കലാചരിത്രാദ്ധ്യാപകനായി ജോലി ചെയ്തിരുന്നു.


Related Articles