2025 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരത്തിന് ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രസ്നഹോർകെയ് അര്‍ഹനായി. മഹാദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട അദ്ദേഹത്തിന്റെ ശ്രദ്ധേയവും ദാർശനികവുമായ രചനകൾ എഴുത്തു കലയുടെ യഥാർത്ഥ ശക്തി വിളിച്ചോതുന്നുവെന്ന് സ്വീഡിഷ് അക്കാദമി വിലയിരുത്തി. പോസ്റ്റ് മോഡേൺ എഴുത്തു ശൈലിയും ദീർഘമായ വാക്യഘടനകളും പ്രമേയത്തിലെ തീവ്രതയും കൊണ്ട് നിരൂപക ശ്രദ്ധപിടിച്ചുപറ്റിയ എഴുത്തുകാരനാണ് ക്രസ്നഹോർകെയ്.
1954-ൽ ഹംഗറിയിലെ ഗ്യുലയിലായിരുന്നു ക്രാസ്നഹോർകെയുടെ ജനനം. 1985-ൽ പുറത്തിറങ്ങിയ ആദ്യ നോവലായ ഷറ്റൻടാങ്കോയിലൂടെ (átántangó) തന്നെ എഴുത്തുകാരന് എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു. തകർന്നുകൊണ്ടിരിക്കുന്ന ഒരു ഗ്രാമീണ സമൂഹത്തിന്റെ ഇരുണ്ടതും എന്നാല്‍ ആകർഷകവുമായ കഥയായിരുന്നു ഈ നോവലിന്റെ ഇതിവൃത്തം. എഴുത്ത് എന്നതുപോലെ തന്നെ യാത്രയും പ്രയങ്കരമായിരുന്നു ക്രാസ്നഹോർകെയ്ക്ക്. 1987-ൽ അദ്ദേഹം ആദ്യമായി ഹംഗറി വിട്ടു. ഒരു ഫെലോഷിപ്പിനായി പശ്ചിമ ബെർലിനിൽ ഒരു വർഷം ചെലവഴിച്ചു. കിഴക്കൻ ഏഷ്യയിൽ സഞ്ചരിച്ച്, പ്രത്യേകിച്ച് മംഗോളിയയിൽ നിന്നും ചൈനയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടായിരുന്നു ദി പ്രിസണർ ഓഫ് ഉർഗ (The Prisoner of Urga,), ഡിസ്ട്രക്ഷൻ ആൻഡ് സോറോ ബെനീത്ത് ദി ഹെവൻസ് (Destruction and Sorrow Beneath the Heavens) എന്നീ നോവലുകളുടെ രചന.
സാഹിത്യത്തിനു സമ്മാനിക്കുന്ന 118-ാമത് നൊബേൽ പുരസ്കാരമാണ് ഇന്ന് പ്രഖ്യാപിച്ചത്. ദക്ഷിണ കൊറിയൻ എഴുത്തുകാരിയായ ഹാൻ കാങിനായിരുന്നു കഴിഞ്ഞ വർഷത്തെ (2024) സാഹിത്യത്തിനുള്ള നൊബേൽ. 1901 മുതൽ 2024 വരെ 117 തവണകളിലായി 121 പേർക്ക് ഇതുവരെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചു. 1904, 1917, 1966, 1974 വർഷങ്ങളിൽ ഒന്നിലധികം ആളുകൾ പുരസ്കാരത്തിന് അർഹരായി. 1914, 1918, 1935, 1940, 1941, 1942, 1943 എന്നീ സാഹിത്യത്തിന് നൊബേൽ പുരസ്കാരം ഉണ്ടായിരുന്നു.
