പുരോഗമന കലാസാഹിത്യ സംഘത്തിന്റേയും പി.പി ജാനകിക്കുട്ടി സ്മാരക ട്രസ്റ്റിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ പി.പി ജാനകിക്കുട്ടി സ്മാരക കവിതാ പുരസ്കാരം ആദിയുടെ 'മുടിത്തീ' എന്ന സമാഹാരത്തിന്. ക്വിയർ എഴുത്തുകാരൻ എന്ന നിലയിൽ ശ്രദ്ധേയനും കോഴിക്കോട് സ്വദേശിയുമായ ആദി, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ മലയാള വിഭാഗം ഗവേഷകനാണ്. 2023 ലെ കേരള സാഹിത്യ അക്കാദമി യുവ കവിതാ പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രകൃതിയും സമൂഹവും വ്യക്തിയുടെ മേൽ ഏൽപ്പിയ്ക്കുന്ന ആഴമേറിയ ആഘാതങ്ങളെ ആവിഷ്ക്കരിക്കുന്ന കവിതകളാണ് ആദിയുടേത്.
അത്തരം ഒരു ആവിഷ്കാരം തീർച്ചയായും അപരിചിതമായ വാക്കുകളിലുടെയും അപരിചിതമായ രൂപകങ്ങളിലൂടെയും മാത്രമേ സാദ്ധ്യമാകുന്നുള്ളുവെന്നും ആ ശൈലിയെ സ്വീകരിയ്ക്കാനുള്ള മാനസിക പരിപാകം ആർജിയ്ക്കുക എന്നതാണ് വായനക്കാർക്ക് ചെയ്യാനുള്ളതെന്നും സി.വാസുദേവൻ ചെയർമാനും ഡോ.കെ.പി.മോഹനൻ, ഷാഹിന.ഇ.കെ പി.എസ്.വിജയകുമാർ എന്നിവർ വിധികർത്താക്കളുമായ സമിതി വിലയിരുത്തി. 'മുടിത്തീ' പോലെ സർവഭക്ഷകമായ ഒരു ഹിംസാരൂപം കൊണ്ട് മനസ്സിൻ്റെ ആഴങ്ങളിലെ ദുരൂഹവും അതേസമയം തീവ്രവുമായ വിഷാദത്തെ പ്രതിരോധിയ്ക്കുന്ന കവിതകളാണ് ആദിയുടേതെന്നും സമിതി അഭിപ്രായപ്പെട്ടു.
പതിനായിരം രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ആഗസ്റ്റ് 22 സായാഹ്നത്തിൽ പെരിന്തൽമണ്ണയിൽ നടക്കുന്ന പി.പി ജാനകിക്കുട്ടി അനുസ്മരണ സമ്മേളനത്തിൽവെച്ച് എഴുത്തുകാരനും സാംസ്കാരികപ്രഭാഷകനുമായ കെ.ഇ.എൻ.കുഞ്ഞഹമ്മദ് നൽകുമെന്ന് ട്രസ്റ്റിന്റെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും ഭാരവാഹികളായ പി.പി.വാസുദേവൻ, സജിത്ത് പെരിന്തൽമണ്ണ, പി.പി.സന്ധ്യ, പി.പി.സ്വപ്ന എന്നിവർ അറിയിച്ചു.
