വള്ളിക്കോട് വായനശാല പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ കളീയ്ക്കൽ കെ കെ ഭാസ്കരൻ സ്മാരക സാഹിത്യ പുരസ്കാരത്തിന് കെ എസ് രതീഷ് അർഹനായി. മാളം എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഒക്ടോബർ 11 ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
കഥയ്ക്കും ജീവിതത്തിനുമിടയിൽ അത്ര സുതാര്യമല്ലാത്ത ഒരിടത്താണ് കെ.എസ്. രതീഷ് ഒളിച്ചിരിക്കുന്നത്. ചുറ്റുമുള്ള ജീവിതങ്ങളിൽനിന്നും മറ്റാരും കാണാത്ത ഒരു കരച്ചിൽ വീണുകിട്ടിയാൽ ആദ്യം അതിലേക്ക് തന്റെ ശബ്ദം ഡബ്ബ് ചെയ്യും. പിന്നാലെ അതിലേക്ക് മറിഞ്ഞുവീണ് ആ കണ്ണീരിനെ സ്വന്തമാക്കി തിളക്കമുള്ള കഥയായി പരിണമിപ്പിക്കും. അതുകൊണ്ടാണ് ഓരോ കഥയിലൂടെയും കടന്നുപോകുമ്പോൾ ഇതെന്റെ കണ്ണീരാണെന്ന് ഞാനും നിങ്ങളും കഥാകൃത്തിനോട് തർക്കിക്കേണ്ടിവരുന്നത്. പഠനം: ഡോ. നിബുലാൽ വെട്ടൂർ കെ.എസ്. രതീഷിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം.