ചെറുകാടിൻ്റെ സ്മരണയ്ക്കായി ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ചെറുകാട് പുരസ്കാരത്തിന് ഷാഹിന ഇ കെ അർഹയായി. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച 'സ്വപ്നങ്ങളുടെ പുസ്തകം' എന്ന കഥാസമാഹാരത്തിനാണ് അവാർഡ് ലഭിച്ചത്. നനുത്ത വികാരങ്ങൾക്കും വ്യക്തിപരതക്കുമപ്പുറം കാലവും ചരിത്രവും കാലികസാഹചര്യങ്ങളും അതിശക്തമായി ആവിഷ്കരിക്കുന്ന കഥകളാണ് ഷാഹിന ഇ കെയുടെതെന്ന് അവാർഡ് നിർണയ സമിതി വിലയിരുത്തി. മനുഷ്യപക്ഷത്തു നിൽക്കുന്ന രാഷ്ട്രീയവിചാരങ്ങളുടെകൂടി പുസ്തകമാണ് ഈ കൃതിയെന്ന് അവാർഡ് നിർണയ സമിതി അംഗങ്ങളായ വൈശാഖൻ, അശോകൻ ചരുവിൽ, ടി.പി വേണുഗോപാലൻ എന്നിവർ വിലയിരുത്തി.
ഒക്ടോബർ 28 ന് 4 മണിക്ക് പാലക്കാട് സംഘടിപ്പിക്കുന്ന ചെറുകാട് അനുസ്മരണത്തിൽ അവാർഡ് സമ്മാനിക്കും. മുൻ മന്ത്രിയും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി. രാജീവ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. അൻപതിനായിരം രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
