അയനം - സി.വി. ശ്രീരാമൻ കഥാപുരസ്കാരം സി.വി.ബാലകൃഷ്ണന്

Award

അയനം - സി.വി. ശ്രീരാമൻ കഥാപുരസ്കാരം സി.വി.ബാലകൃഷ്ണന്


അയനം സാംസ്കാരിക വേദിയുടെ പതിനേഴാമത് അയനം– സി.വി. ശ്രീരാമൻ കഥാപുരസ്കാരത്തിന് സി.വി. ബാലകൃഷ്ണൻ അർഹനായി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'സ്വേച്ഛ' എന്ന കഥാസമാഹാരത്തിനാണ് അവാർഡ്. 11111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ. എൻ.ആർ. ഗ്രാമപ്രകാശ് ചെയർമാനും ഡോ. സ്വപ്ന സി. കോമ്പാത്ത്, ടി.ജി. അജിത എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തെരഞ്ഞെടുത്തത്.

ഏകാന്തമായ മനുഷ്യാവസ്ഥകളുടെ അനുഭവ ചിത്രങ്ങളെ മലയാള ഗദ്യത്തിൽ സൂക്ഷ്മതയോടെയും തീവ്രതയോടെയും സംവേദനം ചെയ്ത കഥാകാരനാണ് സി.വി.ബാലകൃഷ്ണൻ. ദൈവികവും മാനുഷികവുമായ പ്രതിസന്ധികളെയും സങ്കീർണ്ണതകളെയും ആവിഷ്ക്കരിക്കുമ്പോൾ കഥാപാത്രങ്ങളെയും കഥാ സന്ദർഭങ്ങളെയും ശില്പപരമായ ഒതുക്കത്തോടെയും മുഴക്കത്തോടെയും സാധ്യമാക്കാൻ കഥാകൃത്ത് വലിയ മിടുക്ക് കാണിക്കുന്നു. സ്വേച്ഛാധിപത്യ ലോകത്ത് ഘനീഭൂതമായ അധികാര ദുരയുടെയും അടിച്ചമർത്തലുകളുടെയും ഭീതിദമായ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട 'സ്വേച്ഛ' എന്ന സമാഹാരത്തിലെ കഥകൾ സമകാലിക ലോക രാഷ്ട്രീയ സാഹചര്യത്തെ ഒരു ചിമിഴിലെന്നവണ്ണം പ്രകാശിപ്പിക്കുന്നു. എന്നെങ്കിലും അവസാനിക്കുമെന്ന് കരുതാനാവാത്ത ഇരുണ്ട തുരങ്കത്തിലൂടെ കടന്നുപോവുന്ന ജനസമൂഹങ്ങളുടെ മുൻപാകെ, ജനാധിപത്യ വ്യവസ്ഥയെ സംജാതമാക്കുന്ന ലോകത്തിന്റെ നേരിയ പ്രകാശരേഖകൾ എവിടെയോ വെളിപ്പെടുമെന്ന പ്രതീക്ഷയാണ് ഈ കഥകൾ നൽകുന്നത്.

നവംബർ 30 ന് വൈകീട്ട് അഞ്ച് മണിക്ക് സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.


Related Articles