കലാകാരന്റെ കണ്ണീർച്ചിരി

Autobiography

കലാകാരന്റെ കണ്ണീർച്ചിരി


ഞാൻ ജനിച്ച കാലഘട്ടവും അക്കാലത്തെ സാമൂഹികാന്തരീക്ഷവും എനിക്കു ജന്മം നൽകിയവർ അനുഭവിച്ച മാനസിക പിരിമുറുക്കങ്ങളും സാക്ഷ്യപ്പെടുത്താൻ അച്ഛന്റെ 'ഒളിവിലെ ഓർമ്മകൾ'ക്കപ്പുറം മറ്റൊന്നില്ലല്ലോ. അമ്മയ്ക്ക് കുടുംബ സ്വത്തായി അമ്മൂമ്മ കൊടുത്ത പല്ലന ഉമ്മാച്ചേരി വീട്ടിൽ 1952 ജൂൺ 13-നാണ് ഞാൻ ജനിച്ചത്. പല്ലനയെ നനച്ചുകൊണ്ടു പെയ്യുന്ന മഴയുടെ അർദ്ധരാത്രിയിൽ ഞാൻ ജനിക്കുമ്പോൾ അച്ഛൻ കൊല്ലം ജില്ലയുടെ ഏതോ ഭാഗത്ത് ഒളിവിലായിരുന്നു. ശൂരനാട് കലാപത്തിൽ പ്രതിയും ഏതുസമയവും പിടിക്കപ്പെട്ട് തൂക്കുകയർവരെ ശിക്ഷ ലഭിക്കാവുന്ന തോപ്പിൽ ഭാസിയുടെ ആദ്യ മകനായി ജനിച്ചുവീഴുമ്പോൾ ഭീകരവാഴ്ചയേതും അറിയാത്ത ഒരു ജീവന്റെ തുടിപ്പ് എന്നിൽ കാണുന്നുവെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. എലിക്കുഞ്ഞിനോളം വലുപ്പമുള്ള, കരയാൻമാത്രം അറിയാവുന്ന കുഞ്ഞായിരുന്നു ഞാൻ.

നാടക-സിനിമാരംഗത്ത് സജീവമായതുകൊണ്ട് അച്ഛൻ മിക്കവാറും വീട്ടിൽ ഉണ്ടാകാറില്ല. അതിഥിയെപ്പോലെ വല്ലപ്പോഴുമാണു വീട്ടിൽ വരുന്നത്. അച്ഛനെ ഞാൻ അങ്ങനെ കണ്ടിട്ടില്ല. ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുകയാണ്. സന്ധ്യ കഴിഞ്ഞ് പാഠപുസ്തകവുമായി ഉമ്മറത്തു ചെന്നിരുന്നു. അമ്മ അടുക്കളയിൽ എന്തൊക്കെയോ ജോലി ചെയ്യുന്നുണ്ട്. അപ്പൂപ്പൻ തെക്കേപ്പുറത്ത് നിൽക്കുന്നു. പുസ്തകത്തിന്റെ താളുകൾ വരെ വെളിച്ചം എത്താത്തതുകൊണ്ട് ഞാൻ എഴുന്നേറ്റ് ഊണുമേശയുടെ പുറത്ത് കത്തിച്ചുവച്ചിരിക്കുന്ന മണ്ണെണ്ണവിളക്കിന്റെ അടുത്തേക്ക് ചെന്നു. പുസ്തകം കിട്ടിക്കഴിഞ്ഞാൽ വായിച്ച് കാണാപ്പാഠമാക്കുന്ന ശീലമെനിക്കുണ്ട്. അതുകൊണ്ട് നോക്കി വായിക്കേണ്ട കാര്യമില്ല. എങ്കിലും പുസ്തകം നോക്കിത്തന്നെ ഞാൻ വായിക്കാൻ തുടങ്ങി. കർണ്ണപർവ്വത്തിലെ വരികളാണു വായിക്കുന്നത്.
നിറന്നപീലികൾ നിരക്കവേ
കുത്തി -
നെറുകയിൽ കൂട്ടിത്തിറമൊടു
കെട്ടി -
കരിമുകിലൊത്ത ചികുരഭാരവും
മണികൾ മിന്നിടും മണിക്കിരീടവും.

അങ്ങനെ കവിത ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ അച്ഛൻ കയറി വന്നു. അച്ഛൻ വല്ലപ്പോഴുമാണു വീട്ടിൽ വരുന്നതെന്ന് നേരത്തേ പറഞ്ഞല്ലോ. അങ്ങനെ ഒരു വരവാണിത്. അച്ഛനോടു ഭക്തി കലർന്ന ഒരു പേടിയാണെനിക്കുള്ളത്. പദ്യം ചൊല്ലുന്നത് പുറത്തുനിന്നു കേട്ടിട്ടാണ് അച്ഛൻ കയറി വന്നത് എന്നു മനസ്സിലായി. പക്ഷേ, അച്ഛൻ വന്നു നിന്നത് ഞാനാദ്യം കണ്ടില്ല. പിന്നെ പെട്ടെന്ന് കാണുകയും ഞാൻ ചാടി എഴുന്നേൽക്കുകയും ചെയ്തു.


Related Articles