'ഷോലെ' എന്ന ബ്രഹ്‌മാണ്ഡസിനിമ തൃശൂരിൽ പ്രദർശനത്തിനെത്തിയ കാലം. അതു കാണാൻ കൊണ്ടുപോകണമെന്ന് എല്ലാ ദിവസവും വാശിപിടിച്ചുകരഞ്ഞു എന്റെ മകൻ. എട്ടു വയസ്സാണ് അവന്. അവന്റെ ക്ലാസ്സിലെ കുട്ടികളൊക്കെ 'ഷോലെ' കണ്ടിരിക്കുന്നു. ചിലരൊക്കെ രണ്ടും മൂന്നും വട്ടം കണ്ടിരിക്കുന്നു. കൊണ്ടുപോകാമെന്ന് പലവട്ടം വാക്കുകൊടുത്തെങ്കിലും സഖാവ് ജോസഫേട്ടൻ അത് തെറ്റിച്ചുകൊണ്ടിരുന്നു. അദ്ദേഹം പൊതുവേ സിനിമ കാണാൻ താത്പര്യമില്ലാത്തയാളാണ്. ജീവിതത്തിൽ ആകെ ഇഷ്ടപ്പെട്ട സിനിമ പഞ്ചവടിപ്പാലമാണ്. പലതരം 'സമരമുറകൾ' അറിയാവുന്ന പയ്യനാണ് വിനയൻ. ഉപ്പുസത്യഗ്രഹംമുതൽ വിമോചനസമരംവരെ. ശല്യം സഹിക്കാതെ സഖാവ് തോറ്റുകൊടുത്തു.
സിനിമ ഇഷ്ടമാണെങ്കിലും ചെറിയ കുട്ടികളെയുംകൊണ്ട് സിനിമ കണ്ടുവരികയെന്നത് യുദ്ധം ജയിച്ചു വരുന്നതുപോലെയായിരുന്നു, എനിക്ക്. എന്റെ മകൾ ഗീതയ്ക്ക് അന്ന് 12 വയസ്സ്. ചുംഗുവിന്--കുഞ്ഞുസംഗിയെ ഞങ്ങൾ അങ്ങനെയാണ് വിളിച്ചിരുന്നത്--രണ്ടു വയസ്സ്. തിയേറ്ററിനകത്തു കടന്നാൽ ആ നിമിഷം പുറത്തു കടക്കണം, അവൾക്ക്. ഇരുട്ടു വേണ്ടാ, വെളിച്ചം മതി. അവൾ കരയാൻ തുടങ്ങും. വിനയൻ ഒരിക്കലും സീറ്റിൽ ഒതുങ്ങിയിരിക്കില്ല. പിടിച്ചിരുത്തിയാൽ ഉടനെ ചാടിയിറങ്ങും. മുന്നിലിരിക്കുന്ന ആളിന്റെ തലയാണ് അവന്റെ പ്രശ്‌നം. അയാൾ ചായുകയും ചെരിയുകയും ചെയ്യുന്നതിനനുസരിച്ച് അയാളുടെ കസേരയുടെ പിന്നിൽ പിടിച്ച് ചാഞ്ഞും ചെരിഞ്ഞും നിന്നാണവൻ സിനിമ കാണുക. സിനിമയോടുള്ള പ്രതികരണങ്ങൾ ശക്തമാകുമ്പോൾ അയാൾ ദേഷ്യത്തോടെ തിരിഞ്ഞുനോക്കും. അതീവ മര്യാദക്കാരിയായ ഗീതയ്ക്ക് അത് സഹിക്കില്ല. വിനയനെ അടക്കിപ്പിടിച്ച് സീറ്റിലിരുത്താൻ അവൾ പെടാപ്പാട് പെടും (പിന്നീട് ജീവിതത്തിലുടനീളം, വിനയനെ മാത്രമല്ല, ഞങ്ങളെല്ലാവരെയും നിയന്ത്രിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സ്‌നേഹഗോപുരമായിത്തീർന്നു, ഗീതാ ജോസഫ്). സ്‌ക്രീനിൽനിന്ന് ഒരു സെക്കന്റ് കണ്ണു തിരിക്കാൻ കൂട്ടാക്കാത്ത വിനയന് ഗീതേച്ചിയോ മുന്നിലിരിക്കുന്ന ആളോ എന്റെ അടക്കിപ്പിടിച്ച ശകാരമോ ഒന്നും ഒരു വിഷയമാകില്ല. സംഗി കരഞ്ഞാൽ അപ്പച്ചൻ ആ നിമിഷം അവളെയുമെടുത്ത് പുറത്തേക്കിറങ്ങും. രക്ഷപ്പെട്ടു, എന്ന ഭാവത്തോടെ. എന്നാൽ എന്റെ ശ്രദ്ധ മുഴുവൻ പുറത്ത് കുട്ടി കരയുന്നുണ്ടോ എന്നതിലേക്ക് തിരിയും. എങ്ങനെയെങ്കിലും ആ രണ്ടുരണ്ടര മണിക്കൂർ 'അനുഭവിച്ച്' തീർത്ത് വീട്ടിലെത്തിയാൽ മതിയെന്നായിട്ടുണ്ടാവും, എനിക്ക്.
അന്ന് കാറൊന്നുമില്ല, ഞങ്ങൾക്ക്. ആദർശവാനായ ജോസഫേട്ടൻ ടാക്‌സി വിളിച്ച് സിനിമയ്ക്കു പോകില്ല. പണം ദുർവ്യയത്തിനുള്ളതല്ലെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. വേണ്ടിവന്നാൽ തൃശൂർക്കുള്ള പത്തുകിലോമീറ്റർ നടന്നുപോകാനും തയ്യാറുള്ള മനുഷ്യൻ. സിനിമ കണ്ട് തിരിച്ച് ബസ്സിലുള്ള യാത്ര പ്രശ്‌നഭരിതമാക്കി, എന്റെ മകൻ. അവൻ അമിതാഭ് ബച്ചനും പാവം ഗീത ഗബ്ബർസിങ്ങുമായി മാറി, ബസ്സിൽവെച്ച്. എന്നാൽ ഷോലെ ഇഫക്ട് സത്യത്തിൽ എന്താണെന്ന് വീട്ടിലെത്തിയശേഷമാണ് ഞങ്ങൾ ശരിക്കുമറിഞ്ഞത്. ഗേറ്റ് തുറക്കുന്നതിനുമുമ്പുതന്നെ അമിതാഭ് ബച്ചൻ ഗബ്ബർസിങ്ങിന്റെമേൽ ചാടിവീഴുന്നു. സ്റ്റണ്ട് തുടങ്ങുന്നു. തടയാൻ ചെന്നവർക്കൊക്കെ, അത് സഖാവായാലും വേണ്ടില്ല, പെറ്റമ്മയായാലും വേണ്ടില്ല, പൊതിരെ ഇടി കിട്ടിക്കൊണ്ടിരുന്നു. സംഗി എന്റെ തോളത്തുറങ്ങുകയാണ്. എന്നിട്ടും അവളെക്കൂടി ആക്രമിക്കണമെന്നാണ് ബച്ചന്. അപ്പച്ചൻ ഈർക്കിലെടുത്തു. വിനയൻ മേശപ്പുറത്തേക്ക് ചാടിക്കേറുന്നു, താഴേക്ക് ചാടുന്നു, കട്ടിലിലേക്ക് തലകുത്തിമറിയുന്നു, ഗബ്ബർസിങ്... എന്ന് വിളിച്ചുകൊണ്ട് ഗീതയുടെ നേർക്ക് പായുന്നു. വീട് കീഴ്‌മേൽ മറിച്ചുകൊണ്ട് രണ്ടാളും ഓടുന്നു...
