അച്ഛൻ രാജ്കപൂറിന് അന്ന് 28 വയസ്സാണ്. നാലുവർഷം മുമ്പുതന്നെ ഹിന്ദിസിനിമയിലെ ഷോമാനായി അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു. ദൗർഭാഗ്യകരമെന്നു പറയട്ടെ, എന്റെ അമ്മയല്ലാതെ മറ്റൊരു സ്ത്രീയുമായി അദ്ദേഹം പ്രണയത്തിലായി. അക്കാലത്തെ ഏറ്റവും പ്രശസ്തയായ അഭിനേത്രി നർഗീസായിരുന്നു അച്ഛന്റെ പ്രണയിനി. ഞാൻ തീരെ ചെറിയ കുട്ടിയാണന്ന്. അച്ഛന് നർഗീസുമായി ബന്ധമുണ്ടായിരുന്നതിനെക്കുറിച്ച് എനിക്കന്ന് ഒന്നുമറിയില്ലായിരുന്നു. ഒന്നുമറിയാത്ത പ്രായമായതുകൊണ്ട് അതെന്നെ ബാധിച്ചില്ല. നർഗീസുമായുള്ള ബന്ധത്തിന്റെ പേരിൽ വീട്ടിലെന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നതായും എനിക്കു മനസ്സിലാക്കാനാകുമായിരുന്നില്ല. എന്നാൽ വൈജയന്തിമാലയുമായി അച്ഛന് ബന്ധമുണ്ടായപ്പോഴുണ്ടായ കുടുംബകലഹങ്ങൾ എന്റെ ഓർമ്മയിലുണ്ട്. അച്ഛനോടു പിണങ്ങി അമ്മ എന്നെയുംകൂട്ടി മറൈൻ ഡ്രൈവിനടുത്തുള്ള നടരാജ് ഹോട്ടലിലേക്ക് താമസം മാറി. ഇത്തവണ വെറുതെ വിടില്ലെന്ന് അമ്മ നിശ്ചയിച്ചിരുന്നു. തിരികെ വരാനുള്ള അച്ഛന്റെ അഭ്യർത്ഥനകൾ അമ്മ നിരസിച്ചു. ഹോട്ടലിൽനിന്ന് മാറിത്താമസിക്കാൻ അച്ഛൻ അമ്മയോട് ആവശ്യപ്പെട്ടു. അങ്ങനെ ഞങ്ങൾ ഹോട്ടലിൽനിന്ന് ചിത്രകൂടത്തിലെ ഒരു ഫ്‌ളാറ്റിലേക്കു മാറി. അച്ഛനാണ് ആ ഫ്‌ളാറ്റ് വാങ്ങിത്തന്നത്. അമ്മയെ അനുനയിപ്പിക്കാൻ അച്ഛൻ ആവുന്നത്ര ശ്രമിച്ചു. വൈജയന്തി മാലയുമായുള്ള അച്ഛന്റെ ബന്ധം അവസാനിപ്പിക്കുന്നതുവരെ അമ്മ അടങ്ങിയില്ല.
