ഡോ. അംബേദ്കറിന്റെയും എന്റെയും കത്തുകൾ കൂട്ടിവെച്ചാൽ ഒരു പുസ്തകരൂപത്തിൽ ആക്കാം. അവയെല്ലാം വ്യക്തിപരവും സ്വകാര്യമായവയുമാണ്. എന്നാൽ മറ്റു ചില കത്തുകളിൽ അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കാത്ത ജീവിതഭാഗങ്ങളുണ്ട്. പല കാര്യങ്ങളും അവയിലുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്ത്വങ്ങൾ, തത്ത്വചിന്ത, ലക്ഷ്യങ്ങളും നയങ്ങളും, ഊഹാപോഹങ്ങളിലെ കണ്ടെത്തൽ, പരമ്പരാഗതമായ തത്ത്വങ്ങൾ, കൂർമ്മബുദ്ധി എന്നിവയെല്ലാം കത്തുകളുടെ പ്രധാന്യവും മൂല്യവും കൂട്ടുന്നു.
വളരെ കാലമായി നിരവധിപേർ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്, എല്ലാ തടസ്സങ്ങളും മറികടന്ന് അദ്ദേഹത്തിന്റെ വ്യക്തിപരമായ കത്തുകൾ പ്രസിദ്ധീകരിക്കാൻ. എന്റെ അഭ്യുദയകാംക്ഷികളും സുഹൃത്തുക്കളും പറയുമായിരുന്നു, അങ്ങനെ ചെയ്യുന്നതുകൊണ്ട് അദ്ദേഹത്തിന്റെ അറിഞ്ഞതും അറിയാത്തതുമായ പലകാര്യങ്ങളും പ്രകാശം കാണുമെന്ന്. കൂടാതെ അദ്ദേഹത്തിന്റെ ജീവിതത്തിൽ എന്റെ സ്ഥാനമെന്തായിരുന്നെന്നും ലോകം അറിയാനിടയാകും. ഒരു പ്രസ്ഥാനംതന്നെ അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനങ്ങളും വിലയിരുത്താൻ തുടങ്ങിയതായി കേട്ടു. അതിൽ പണ്ഡിതരും ഗവേഷകരും വ്യാഖ്യാതാക്കളും എല്ലാം അടങ്ങിയിട്ടുണ്ട്. എനിക്കും തോന്നിയിട്ടുണ്ട് അദ്ദേഹത്തിന്റെ മുഴുവൻ എഴുത്തും വെളിച്ചം കാണണമെന്ന്. എന്നാൽ തികച്ചും വ്യക്തിപരമായതിനാൽ പ്രസിദ്ധീകരിക്കുന്നതിൽ മടി തോന്നി.ചില പ്രധാന ആചാരങ്ങളും നിയമങ്ങളും അനുസരിച്ചേ വ്യക്തിപരമായ സാഹിത്യം പ്രസിദ്ധീകരിക്കാവു. കത്തുകൾ യഥാർത്ഥവും പ്രധാനവുമാണെന്ന് എനിക്കറിയാം. ഈ ആത്മകഥയിൽ എല്ലാ കാര്യങ്ങളും സത്യമായതാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ കത്തുകൾ അതേപടി പകർത്തിയത്. ഇനിയും വേണ്ടിവന്നാൽ കൂടുതലായി പുറത്തുവിടാൻ ഞാൻ ഒരുക്കമാണ്. ഞാൻ ഡോക്ടർ സാഹിബിനെഴുതിയ എല്ലാ കത്തുകളും ഇവിടെ കാണിച്ചിട്ടില്ല. എന്തെന്നാൽ അതിനെല്ലാം അദ്ദേഹം പൂർണ്ണമായും മറുപടി തന്നിട്ടുണ്ട്. അതിൽ ഞാൻ തൃപ്തയാണ്.
അദ്ദേഹം ആരെയും അന്ധമായി വിശ്വസിക്കില്ലായിരുന്നു. എല്ലാം എല്ലാവരോടും തുറന്നുപറയുമായിരുന്നു. അദ്ദേഹത്തിന്റെ മൂല്യങ്ങളും തത്ത്വചിന്തയും കത്തുകളിൽ തെളിഞ്ഞുനിന്നിരുന്നു. എന്നോടുള്ള സ്നേഹവും അനുകമ്പയും കത്തുകളിലുടനീളം കാണാമായിരുന്നു.
