വിഭാഗീയത; എം എം ലോറൻസിന്റെ  ആത്മകഥ

Autobiography

വിഭാഗീയത; എം എം ലോറൻസിന്റെ ആത്മകഥ


സി.പി.ഐ, നക്‌സലൈറ്റ്‌ ആശയഭിന്നിപ്പുകൾക്കുശേഷമുള്ള പാർട്ടിയിലെ വിഭാഗീയതയ്ക്ക് തുടക്കം എവിടെനിന്നാണെന്ന് പലരും ഇപ്പോഴും ചോദിക്കാറുണ്ട്. ഒരു സംശയവും ഇല്ലാതെ എനിക്ക് പറയാൻ കഴിയും–അത് എറണാകുളത്തുനിന്നാണെന്ന്. എനിക്കുശേഷം ജില്ലാ സെക്രട്ടറിയായ എ.പി. വർക്കി അക്കാലത്തെ ചില പ്രവർത്തകരെ ഉപയോഗിച്ചുകൊണ്ടായിരുന്നു അതിനു തുടക്കം കുറിച്ചതെന്നതാണ് വസ്തുത. അക്കാലയളവിൽ വി.എസ്.അച്യുതാനന്ദൻ, എ.പി. വർക്കിയെ വിഭാഗീയത ഉണ്ടാക്കാൻ ഉപയോഗിക്കുകയായിരുന്നു. പാർട്ടി നേതൃത്വത്തിൽ ഉണ്ടായിരുന്ന മറ്റ് ചിലരെയും അതിനുവേണ്ടി അച്യുതാനന്ദൻ ഉപയോഗിച്ചിരുന്നു. ഒരിക്കൽ പാർട്ടികോൺഗ്രസിൽ ഇ.കെ. നായനാർ ഇക്കാര്യം തുറന്നു പറഞ്ഞു. പാർട്ടിക്കകത്ത് ചർച്ചചെയ്ത ഇത്തരം കാര്യങ്ങൾ ഇപ്പോൾ പുറത്തുപറയുന്നത് ശരിയല്ല എന്നു കരുതി ഞാനത് വിസ്തരിക്കുന്നില്ല.

വ്യക്തിപ്രഭാവം വർധിപ്പിക്കാൻ അച്യുതാനന്ദൻ പ്രത്യേകം സ്‌ക്വാഡ് പോലെ ആളുകളെ ഉപയോഗിച്ചു. അത് കമ്യൂണിസ്റ്റ് സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നുമാത്രമല്ല കമ്യൂണിസ്റ്റ് സംഘടനാതത്ത്വങ്ങൾക്ക് വിരുദ്ധവുമാണ്. ഇവരിൽ പലരും പിന്നീട് അച്യുതാനന്ദനുമായി തെറ്റുന്നതാണ് കണ്ടത്. ആദ്യമായി പാർട്ടിയിൽ വിഭാഗീയതയ്ക്ക് കരുനീക്കം നടന്ന എറണാകുളം ജില്ലയിൽ ആ കനൽ മുഴുവനായി കെട്ടടങ്ങിയിട്ടില്ല. പിന്നീട് എത്രയോ നാടകങ്ങൾ നടന്നു. ഒളിക്യാമറക്കഥകൾവരെ അരങ്ങേറി. സഖാക്ക​ളുടെ ഒരുമയും സ്‌നേഹബന്ധങ്ങളും വിഭജിക്കപ്പെട്ടു. എറണാകുളം ജില്ല ഇന്നും ആ ഹാങ് ഓവറിൽനിന്ന് മുഴുവനായി മോചിത​മായിട്ടില്ലെന്നത് പാർട്ടിയെ സ്‌നേഹിക്കുന്നവരുടെ ധർമസങ്കടമാണ്. കൃത്യമായ പ്ലാനിങ്ങോടെ നടത്തിയ വിഭാഗീയ പ്രവർ​ത്തനത്തിൽ തെറ്റിദ്ധരിക്കപ്പെട്ട ഒട്ടനവധി ചെറുപ്പക്കാരായ സഖാ​ക്കൾ ഭാഗഭാക്കായി. പിന്നീട് നിജസ്ഥിതിയും സത്യാവസ്ഥയും മനസ്സിലായപ്പോൾ തെറ്റിദ്ധരിക്കപ്പെട്ടവരിൽ മിക്കവരും എന്നോടും മറ്റും നേരിൽ വന്ന് തങ്ങൾക്ക് തെറ്റുപറ്റിയെന്നു പറഞ്ഞു. ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് അങ്ങനെ പ്രവർത്തിക്കാൻ ഇടയായതെന്ന് പറഞ്ഞു. ചിലർമാധ്യമങ്ങളിൽകൂടിയും അത് പറഞ്ഞു.

കേരളത്തിലെ പാർട്ടിയിലെ വിഭാഗീയത മറനീക്കി പുറത്തുവന്നത് 1991-ൽ കോഴിക്കോട് (1992 ജനുവരി 3 മുതൽ 9 വരെ മദിരാശിയിൽ നടന്ന 14-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടന്നത്), 1994-ൽ കൊല്ലത്ത് (1995 ഏപ്രിൽ 3 മുതൽ 8 വരെ ചണ്ഡിഗഢിൽ നടന്ന 15-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടന്നത്), 1998-ൽ പാലക്കാട് (1998 ഒക്‌ടോബർ 5 മുതൽ 11 വരെ കൊൽക്കത്തയിൽ നടന്ന 16-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടന്നത്) എന്നീ സംസ്ഥാന സമ്മേളനങ്ങളിലാണ്.


Related Articles