ഭാസന് ചുറ്റും രൂപപ്പെട്ട സ്ത്രീകൾ

Art, Culture, Life

ഭാസന് ചുറ്റും രൂപപ്പെട്ട സ്ത്രീകൾ


ക്രിസ്തുവിനു മുമ്പ് നാലാം ശതകത്തിൽ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന, കേരളീയനാവാൻ വളരെയേറെ സാധ്യതയുണ്ടെന്ന് ആവേശത്തോടെ നാം പറഞ്ഞുപോകുന്ന, ഭാരതീയ നാടകാചാര്യനാണ് ഭാസൻ. സ്ത്രീരൂപസൗന്ദര്യത്തിന് അദ്ദേഹം നല്കിയ ഇരിപ്പിടം, പ്രവൃത്തി, മൂല്യം എന്നിവ ഗൗരവത്തോടെ ചർച്ചചെയ്യേണ്ടുന്ന വിഷയമാണ്. കാളിദാസന് മുമ്പ് ജീവിച്ച ഭാസൻ കാളിദാസനിൽ സ്വാധീനിക്കപ്പെട്ടുവെങ്കിലും കാളിദാസനിൽ സംഭവിച്ചതുപോലുള്ള സ്്‌ത്രൈണരതിസൗന്ദര്യത്തിന്റെ ഒരു തുറന്നുപറച്ചിൽ ഭാസനിൽ സംഭവിച്ചിട്ടില്ല. അപ്രത്യക്ഷതയിൽ സ്ത്രീസൗന്ദര്യത്തെ പ്രതിഷ്ഠിച്ച് പ്രത്യക്ഷതയിൽ പുരുഷശക്തിസൗന്ദര്യത്തെ എടുത്തുയർത്തി ആഘോഷിക്കുന്ന ഒരു രചനാരീതി ഭാസനിൽ പ്രകടമാണ്. അത് ഭാസകാലഘട്ടത്തിലെ യാഥാസ്ഥിതിക അധികാരസമൂഹത്തിന് അനുരൂപമായതാവാം. അധികാരസമൂഹത്തെ പ്രതിനിധീകരിച്ച ഭാസൻ അധികാരത്തിന്റെ നിയമാവലിയിൽ രൂപപ്പെട്ട സംസ്‌കാരത്തെ ചോദ്യം ചെയ്യാൻ തയ്യാറായില്ലായെന്നു വേണം കരുതാൻ.

വ്യായോഗം എന്ന നാടകസങ്കേതം പുരുഷപ്രാധാന്യം പ്രകടമാക്കുന്നതാണ്. പ്രഖ്യാതനും ധീരോദാത്തനുമായ നായകൻ. ഹാസ്യം, ശൃംഗാരം, ശാന്തം എന്നീ രസങ്ങൾ അംഗമായി വരാൻ പാടില്ല. സ്ത്രീ നിമിത്തമല്ലാത്ത യുദ്ധം. പുരുഷന്മാരുടെ സംഖ്യക്കൂടുതൽ എന്നിങ്ങനെ പുരുഷപ്രാധാന്യ ലക്ഷണങ്ങളുള്ള വ്യായോഗത്തിലാണ് ഭാസൻ 'മാധ്യമവ്യായോഗം' എഴുതുന്നത്. പ്രസിദ്ധമായ ഇതിവൃത്തം എന്ന വ്യായോഗലക്ഷണത്തെ സ്വീകരിച്ചുകൊണ്ടുതന്നെയാണ് ഭാസൻ മഹാഭാരതകഥയിലെ പാണ്ഡവരുടെ വനവാസകാലസന്ദർഭത്തെ ഇതിവൃത്തമായി എടുക്കുന്നതും. ഇതൊക്കെ പ്രത്യക്ഷതയാണ്. ഈ പ്രത്യക്ഷതയിലാണ് മാധ്യമവ്യായോഗം സാങ്കേതികമായി രൂപപ്പെട്ടതും പ്രകടമായതും. എന്നാൽ ഈ സാങ്കേതികതയ്ക്കുമൊക്കെ അപ്പുറത്ത് കഥാവിഷയത്തെ രൂപപ്പെടുത്തുന്ന അനേകം ഘടകങ്ങൾ അപ്രത്യക്ഷതയിൽ നിലനിൽക്കുന്നുണ്ട്. അവിടെ സ്ത്രീയുടെ സാന്നിദ്ധ്യം ശക്തമാണ്. വനവാസത്തിനായി പാണ്ഡവർ വനത്തിൽ വന്നിട്ടുണ്ടെന്ന് അറിഞ്ഞ് തന്റെ ഭർത്താവായ ഭീമനെ കാണുന്നതിനുവേണ്ടി ഹിഡിംബ നടത്തുന്ന തന്ത്രമാണ് 'മാധ്യമവ്യായോഗം' എന്ന നാടകത്തിന്റെ മർമ്മം. അപ്പോൾ സ്ത്രീ പ്രമേയനിർമിതിയുടെ മർമ്മസ്ഥാനത്ത് നിൽക്കുന്നു. സ്ത്രീയെ അതിജീവിക്കാൻ പുരുഷൻ എത്ര ശ്രമിച്ചാലും പുരുഷന്റെ കഥപറച്ചിൽ പൂർണ്ണമാവണമെങ്കിൽ സ്ത്രീ മർമ്മസ്ഥാനത്ത് നിൽക്കുകതന്നെ വേണം. ഇവിടെ പുരുഷന്റെ പരിമിതിയാണ് വ്യക്തമാകുന്നത്. ഒരു അങ്കം. ഒരു പകൽ. വ്യായോഗത്തിൽ ചെറിയ ഒരിടത്താണ് കഥ പറയുന്നത്. എന്നിട്ടും പുരുഷൻ പരാജയപ്പെടുന്നു. ഈ പരാജയത്തെ ഭാസൻ മനോഹരമാക്കിയെന്നതാണ് അദ്ദേഹത്തിന്റെ ശ്രേഷ്ഠത.

ഘടോത്കചൻ എന്ന രാക്ഷസൻ ബ്രാഹ്‌മണനായ കേശവദാസനെയും ഭാര്യയെയും മൂന്നു മക്കളെയും വനത്തിൽ തടഞ്ഞുനിർത്തുന്നത് തന്റെ മാതാവിന്റെ വ്രതമവസാനിപ്പിക്കുന്നതിനായിട്ടാണ്. അതിന് ഒരു മനുഷ്യനെ ഭക്ഷണമായി വേണ്ടതുണ്ടെന്ന അമ്മയുടെ ആവശ്യം നിർവഹിക്കാൻവേണ്ടിയാണ്. ''ഭൂമിയിൽ എല്ലായിടത്തും എപ്പോഴും ബ്രാഹ്‌മണശ്രേഷ്ഠന്മാർ പൂജിതന്മാർതന്നെ. എന്നാൽ ചെയ്യാൻ പാടില്ലാത്ത ഇക്കാര്യം മാതാവിന്റെ നിർദ്ദേശത്താൽ ശങ്ക കൂടാതെ ചെയ്യപ്പെടുകയും വേണം'' എന്ന് ഘടോത്കചൻ പറയുന്നുണ്ട്. താൻ ചെയ്യുന്നത് ഹീനകൃത്യമാണെന്ന തിരിച്ചറിവിനപ്പുറത്ത് മാതാവിന്റെ ആവശ്യവും നിർദ്ദേശവുമാണെന്നതിനാണ് പ്രസക്തി. അവിടെ പുരുഷനുമേൽ ഉയർന്നുനിൽക്കുന്ന സ്ത്രീയിൽ മാതാവെന്ന സർവ്വാംഗികാരപ്രയോഗം നടത്തുകയാണ് ഭാസൻ. കേശവദാസന്റെ മധ്യമനായ മകന്റെ സ്ഥാനത്ത് പാണ്ഡവരുടെ മധ്യമനായ ഭീമൻ കടന്നുവരുന്നതോടെയാണ് മാധ്യമ വ്യായോഗം അതിന്റെ ശരിയായ പാതയിലേക്ക് കടക്കുന്നത്. ഭീമൻ തന്റെ മകനെ തിരിച്ചറിയുന്നു. ആ തിരിച്ചറിവിലേക്ക് നയിക്കുന്ന വികാരം പുത്രവാത്സല്യമാണ്. ഘടോത്കചനെ കാണുന്ന ഭീമൻ സുഭദ്രാപുത്രനായ അഭിമന്യുവിനെ ഓർക്കുന്നതിലൂടെയാണ് അത് പ്രകടമാവുന്നത്. അതിന്റെ വളർച്ചയാണ് പിന്നീട് ഭീമനും ഘടോത്കചനുമിടയിൽ സംഭവിക്കുന്നത്. സഹോദരന്മാരുടെ ഗുണലക്ഷണം--സഹോദരഭാര്യാപുത്രലക്ഷണം--അത് തന്നിൽനിന്ന് ഹിഡിംബയിലേക്കുള്ള യാത്രയാണ് ഭീമൻ നടത്തുന്നത്. ബ്രാഹ്‌മണന്റെ മകനെ വിട്ടയയ്ക്കാൻ ആവശ്യപ്പെട്ട ഭീമനോട് ഘടോത്കചൻ പറഞ്ഞത്, ''വിട്ടയയ്ക്കാൻ എന്റെ അമ്മ പറഞ്ഞാലും ഞാൻ വിട്ടയയ്ക്കില്ല. കാരണം, അമ്മയുടെ ആജ്ഞ അനുസരിച്ചാണ് ഇവർ പിടിക്കപ്പെട്ടത്'' എന്നാണ്. അവിടെ നാം കാണുന്നത് അമ്മയെ ഉയർത്തിക്കാട്ടി അച്ഛനെ പ്രതിരോധിക്കുന്ന മകനെയാണ്. മനുഷ്യർക്ക് അമ്മ ദൈവങ്ങളുടെയും ദൈവമാണല്ലോ. അമ്മയുടെ ആജ്ഞയെ മുൻനിർത്തിയാണല്ലോ നാം ഈ അവസ്ഥയിലെത്തിയത് എന്ന ഭീമന്റെ ചിന്തയിലും ഉയർന്നുനിൽക്കുന്നത് അമ്മ എന്ന സ്ത്രീയാണ്. ശരിക്കും ഭീമനും ഘടോത്കചനും ഒരേ അവസ്ഥയിൽ വന്നുനിൽക്കുന്നു. സ്ത്രീയുടെ ഉപകരണമാവുന്ന പുരുഷൻ. പക്ഷേ, അത് കുറ്റപ്പെടുത്തലാവുന്നില്ല. സ്വീകാര്യമാവുന്ന ഒരു മനോഹാരിതയാണത്. അവിടെയാണ് ഭാസൻ വിജയിക്കുന്നത്.


Related Articles