വിശുദ്ധ ഖുർആൻ മലയാളത്തിലേക്ക് തർജ്ജമ ചെയ്യാൻ ഒരുമ്പെട്ട കേരളത്തിലെ ചില മൗലവിമാർ വിവർത്തനം എന്ന ഭാഷാ വ്യവഹാരത്തെക്കുറിച്ച് പ്രകടിപ്പിച്ചിട്ടുള്ള സന്ദേഹങ്ങളും നിരീക്ഷണങ്ങളും ചില പിൽക്കാല വിവർത്തനസിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ പരിശോധിച്ചു നോക്കുവാനുള്ള ഒരു ശ്രമമാണിവിടെ നടത്തുന്നത്. ഖുർആൻ മലയാളത്തിലേക്ക് തർജ്ജമ ചെയ്യാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളാകുന്നു. ഹിജ്റ പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലോ പതിനാലാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ മുതൽ അറബി-മലയാള ലിപിയിലുള്ള ഖുർആൻ തർജ്ജമകൾ പുറത്തിറങ്ങിത്തുടങ്ങിയിരുന്നുവെന്ന് മുഹമ്മദ് അമാനി മൗലവി (മരണം 1987) യുടെ പേരിൽ അറിയപ്പെടുന്ന വിശുദ്ധ ഖുർആൻ വിവരണം (2017) എന്ന ഗ്രന്ഥത്തിന്റെ സുദീർഘമായ ആമുഖത്തിൽ പറയുന്നുണ്ട്. വ്യാഖ്യാനത്തോടുകൂടിയ ആദ്യ സമ്പൂർണ മലയാള ഖുർആൻ തർജ്ജമ കണ്ണൂർ അറക്കൽ കൊട്ടാരത്തിലെ മായൻ കുട്ടി എളയായുടേതായിരുന്നുവെന്നും ആ ആമുഖത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മായൻ കുട്ടി എളയാ ജീവിച്ചിരുന്നത് സുമാർ 200 കൊല്ലം മുമ്പായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ഖുർആൻ പരിഭാഷ പൂർണമായും ഇന്നു പ്രചാരത്തിലില്ല.
ലക്ഷണമൊത്ത മലയാളത്തിൽ ഖുർആൻ വിവർത്തനത്തിന് തുടക്കമിട്ടത് വക്കം എം. മുഹമ്മദ് അബ്ദുൽ ഖാദർ മൗലവി (1873-1932) യായിരുന്നു. ഖുർആൻ വിവർത്തനത്തിൽ അന്തർഭവിച്ചിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കുന്ന മുഖവുരയോടുകൂടിയ ഖുർആൻ ഭാഷ്യം വക്കം മൗലവി അദ്ദേഹത്തിന്റെ ദീപിക (1929) എന്ന ആനുകാലികത്തിലാണ് പ്രകാശിപ്പിക്കാനാരംഭിച്ചത്. അതിന് മുമ്പ് 'അൽ ഇസ്ലാം' (1918) എന്ന അറബി-മലയാള മാസികയിൽ ഖുർആൻ ഒന്നാം അദ്ധ്യായമായ സൂറത്തുൽ ഫാത്വിഹയുടെ അർഥവും വ്യാഖ്യാനവും പരമ്പരയായി മൗലവി പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും ഖുർആൻ വിവർത്തനത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് ആലോചിക്കുന്ന ആമുഖമൊന്നും അതിനുണ്ടായിരുന്നില്ല. അൽ ഇസ്ലാം ആകെ അഞ്ചു ലക്കങ്ങളെ പുറത്തിറങ്ങിയിരുന്നുള്ളു. തഫ്സീറുൽ ഖുർആനിൽ ഹകീം എന്ന പൊതു ശീർഷകത്തിൽ സൂറത്തുൽ ഫാത്വിഹയുടെ അർഥവും വ്യാഖ്യാനവും തഫ്സീറു സൂറത്തുൽ ഫാത്വിഹ എന്ന പേരിൽ പ്രസിദ്ധീകരിച്ചത് 'അൽ ഇസ്ലാം' നാല് ലക്കങ്ങൾ കൊണ്ടവസാനിച്ചു.
