എഡ്ഗാർ റൈസ് ബറോസ് എന്ന വിഖ്യാതനായ അമേരിക്കൻ എഴുത്തുകാരൻ 1912 ൽ സൃഷ്ടിച്ച കഥാപാത്രമാണ് ടാർസൻ. കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെക്കാലമായി ലോകസാഹിത്യത്തിലെയും ലോകസിനിമയിലെയും ഏറ്റവും ജനപ്രിയരായ കഥാപാത്രങ്ങളിലൊന്നായി ടാർസൻ നിലനിന്നുപോരികയാണ്. ലോകത്തിലെ വിവിധ നാടുകളിൽ സാഹിത്യത്തിലും സിനിമയിലും മറ്റുപല രൂപങ്ങളിലുമായി ടാർസൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിലൂടെ ലോകജനതയുടെ ബോധാബോധതലങ്ങളിൽ ആ കഥാപാത്രം സൃഷ്ടിച്ച സാംസ്‌കാരിക സ്വാധീനം അളക്കാനാവാത്ത വിധം വിപുലവും അഗാധവും ആണ്. പ്രത്യക്ഷത്തിൽ ഒരു അധിനായകന്റെ വീരസാഹസിക കഥകൾ വിവരിക്കുന്ന വിനോദതാല്പര്യം മുന്നിട്ടുനിൽക്കുന്ന രചനയാണ് ടാർസൻ. ആ നിലയിലാവാം ടാർസൻകൃതികൾ ലോകമെമ്പാടും വായിക്കപ്പെട്ടിട്ടുള്ളതും. എന്നാൽ എഡ്ഗാർ റൈസ് ബറോസ് സൃഷ്ടിച്ച കേവലം ഒരു വിനോദകഥാപാത്രം മാത്രമാണോ ടാർസൻ? അല്ല എന്നാണ് ഉത്തരം. ഈ കഥാപാത്രം സൃഷ്ടിക്കപ്പെട്ട കാലഘട്ടം, കഥയുടെ പശ്ചാത്തലം, കഥാപാത്രത്തിന്റെ ജനിതകഗുണം, അയാളുടെ സവിശേഷമായ മികവുകളും സിദ്ധികളും ഇവയെല്ലാം ആ കഥാപാത്രനിർമ്മിതിയുടെ ഗൂഢരാഷ്ട്രീയം വെളിപ്പെടുത്തുന്നുണ്ട്. വിനോദമൂല്യത്തിന്റെ ചുമലിൽ കയറിയിരുന്നുകൊണ്ട് ചില രാഷ്ട്രീയ സാംസ്‌കാരിക ദൗത്യങ്ങളാണ് ടാർസൻ നിർവഹിച്ചുകൊണ്ടിരുന്നത്. ചരിത്രത്തിൽ ടാർസൻ നിലനിന്നതും ഇടപെട്ടതും അത്രയൊന്നും നിഷ്‌കളങ്കമായിട്ടല്ല എന്ന് ഇന്ന് നമ്മൾ മനസ്സിലാക്കുന്നുണ്ട്. വെള്ളക്കാരന്റെ സർവ്വാധിപത്യം ലോകത്തിനു മുന്നിൽ സ്ഥാപിച്ചെടുക്കാനുള്ള, ആ നിലയിലുള്ള ഒരു സന്ദേശം ലോകമെങ്ങും എത്തിക്കാനുള്ള, ബോധപൂർവ്വമായ സാസ്‌കാരികോദ്യമം എന്ന നിലയിലാണ് ടാർസന്റെ നിർമ്മിതിയെ ഇന്ന് തിരിച്ചറിയാനാവുന്നത്.
ആധുനിക സാഹിത്യത്തിലെ വന നായകന്മാരിൽ ആദ്യത്തെ സൂപ്പർസ്റ്റാർ ഇംഗ്ലീഷ് എഴുത്തുകാരനായ റുഡ്യാർഡ് കിപ്ലിംഗ് (1865-1936) സൃഷ്ടിച്ച മൗഗ്ലി ആണ്. ഇന്ത്യയിൽ വളർന്ന് കിപ്ലിംഗ് ഇന്ത്യയുടെ ഗ്രാമീണസാംസ്‌കാരിക സാഹചര്യത്തിൽ നിന്നുകൊണ്ട് സൃഷ്ടിച്ച വനജീവിതകഥയായിരുന്നു ജംഗിൾബുക്ക്. വനത്തിൽ നഷ്ടപ്പെട്ട കുട്ടിയെ ചെന്നായ്ക്കൾ വളർത്തുന്നതും കാടിന്റെ ഹൃദയമറിഞ്ഞ് ആ കുട്ടി വളരുന്നതും പിന്നീട് അവൻ കാട്ടിലെ ഹീറോ ആയി മാറുന്നതും ആണ് ജംഗിൾ ബുക്കിന്റെ പ്രധാന ഇതിവൃത്തം. 1894 ലാണ് കിപ്ലിങ് മൗഗ്ലിയെ സൃഷ്ടിക്കുന്നത്. ഇന്ത്യൻ പശ്ചാത്തലത്തിൽ രാഷ്ട്രീയലക്ഷ്യത്തേക്കാൾ വിനോദലക്ഷ്യം മുൻനിർത്തി രചിക്കപ്പെട്ട ഒരു നോവലായിരുന്നു അത്. മൗഗ്ലിയുടെ സ്വാധീനം കൊണ്ടാണ് എഡ്ഗാർ റൈസ് ബറോസ് ടാർസനെ സൃഷ്ടിച്ചെങ്കിലും മൗഗ്ലിയിൽ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയവംശീയ താൽപര്യങ്ങൾ അതിന് പിന്നിൽ ഉണ്ടായിരുന്നു എന്ന് കാണാം. മൗഗ്ലിയെ ചെന്നായ്ക്കൾ ആണ് വളർത്തിയത് എങ്കിൽ ടാർസനെ വളർത്തിയത് മംഗാനി എന്ന കുരങ്ങ് വർഗ്ഗമാണ്. ഇതിനപ്പുറം വലിയ സാദൃശ്യമൊന്നും മൗഗ്ലിയുടെയും ടാർസന്റെയും വനജീവിതത്തിനില്ല. പ്രത്യയശാസ്ത്രപരമായ താത്പര്യങ്ങളാണ് ടാർസന്റെ നിർമ്മിതിയിൽ പ്രവർത്തിക്കുന്നത് എന്നതാണ് മൗഗ്ലിയിൽ നിന്ന് ടാർസനുള്ള പ്രധാനവ്യത്യാസം,
