നൂറ്റാണ്ടു മുന്പ് തലശ്ശേരിയിൽ തുടങ്ങിയ "മിതവാദി' പത്രത്തിന്റെ ആദ്യ ലക്കം, പത്രചരിത്രകാരർക്കു പോലും കാണാൻ കിട്ടിയിരുന്നില്ല. അങ്ങനെയിരിക്കെയാണ്, തമിഴ്നാട് സ്റ്റേറ്റ് ആർക്കൈവ്സിൽനിന്ന് 28-6-2018–ന് ഞാൻ അതിന്റെ ഒന്നാം ലക്കം (28.10.1907= 1083 തുലാം 11, തിങ്കൾ) കണ്ടെടുത്തത്. ആയിടെതന്നെ അക്കാര്യം ഇമേജ് സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ആർക്കൈവ്സിലെ "ജുഡിഷ്യൽ' വിഭാഗത്തിലായിരുന്നു ആ ഫയൽ (21.12.1907, G.O. 2139, Supply to Supdt. of Police, North Malabar). ഉടമസ്ഥൻ ടി. ശിവശങ്കരനും പ്രസാധകനും പത്രാധിപരും മൂർക്കോത്ത് കുമാരനുമാണ്. അപ്പാ വൈദ്യരാണ് പ്രിന്റർ. തലശ്ശേരി മുനിസിപ്പാലിറ്റിയിലെ O Division–ൽ House No. 220-ൽ പ്രവർത്തിക്കുന്ന വിദ്യാവിലാസം പ്രസ്സിലാണ് (Tellicherry Branch) അച്ചടി. "തിങ്കളാഴ്ചതോറും പ്രസിദ്ധപ്പെടുത്തുന്നത്' എന്ന് ആദ്യപേജിൽ കാണുന്നു. ഹാഫ് ഡിമൈ വലുപ്പത്തിൽ 12 പേജുള്ള പത്രത്തിന് ഒരണയാണ് വില; മാസത്തേക്ക് 5 അണയും. ഒരു കൊല്ലത്തേക്ക് "മുങ്കൂറ് 3 രൂപ 12 അണ'യും. തപാൽകൂലി അടക്കമാണ് വരിസംഖ്യ. "തപ്പാൽമാർഗ്ഗമായിട്ടല്ലാതെ അയയ്ക്കപ്പെടുന്നവർക്ക് മാസത്തിൽ നാല് അണ'യാണ് വരിസംഖ്യ.
ആദ്യപേജ് മുഴുവൻ അഞ്ച് പരസ്യങ്ങൾ. രണ്ടാം പേജ് മുഴുവൻ ആറ് പത്രാധിപക്കുറിപ്പുകളാണ്. വിവാഹം– സ്വാതന്ത്യമില്ലാത്ത സ്ത്രീകളുടെ വിവാഹത്തെപ്പറ്റി തൃശൂരിലെ "ലക്ഷ്മീഭായി' പത്രത്തിൽ വന്ന, രുഗ്മിണി അമ്മയുടെ ഉപന്യാസത്തെപ്പറ്റി. മുനിസിപ്പൽ സിക്രട്ടെരി വലിയ മാസപ്പടിയിൽ ഈ തസ്തിക വേണ്ടെന്ന് കോഴിക്കോടൻ പത്രങ്ങൾ വാദപ്രതിവാദം നടത്തുന്നത്. മിസ്റ്റർ ഈപ്പൻ–കോരാ ഈപ്പൻ തലശ്ശേരി ഡിവിഷനൽ ആപ്പീസരായി, (സബ്കലക്ടർ) അഞ്ചാറു മാസമിരുന്ന് രണ്ടു മാസത്തെ കല്പനയിൽ പോയി; നല്ലവനായിരുന്നു. സ്മാരകങ്ങൾ––കഴിഞ്ഞുപോയ ദിവാൻ ബഹദൂർ ഇ.കെ. കൃഷ്ണന് സ്മാരകം ഉണ്ടാക്കാൻ ഇറങ്ങിയിരിക്കുന്നവർ ആത്മാർത്ഥമായി പ്രവർത്തിക്കണം. കൃഷ്ണഗാഥയുടെ കർത്താവ് –– അതാരെന്ന തർക്കം ഇതുവരെ തീർന്നിട്ടില്ല. ഇന്ത്യാ രാജ്യത്തിന്റെ വിശേഷത–ഇന്ത്യയിലാകെയുള്ള 294, 361, 056 ജനങ്ങളെ ഭരിക്കാൻ ഏകദേശം ഒരു ലക്ഷം ഇംഗ്ലിഷുകാരേയുള്ളൂ ഇന്ത്യയിൽ. നാട്ടുരാജ്യങ്ങളിൽ 55,000,000 ജനങ്ങളുണ്ട്...
3-ാം പേജിൽ "മുത്ത്' എന്ന ലേഖനം നിറഞ്ഞുനിൽക്കുന്നു. തിരുനെൽവേലിയിൽ മുത്തെടുക്കുന്ന സന്പ്രദായത്തെപ്പറ്റിയാണ്. പേജ് 4-ൽ "നോമ്പ്' എന്ന തലക്കെട്ടിൽ മുഹമ്മദീയ നോമ്പുകാലത്തെപ്പറ്റി എഴുതിയിരിക്കുന്നു. ഈ പേജിൽ 3-ാം കോളത്തിൽ (എല്ലാ പേജും മൂന്ന് കോളമായാണു തിരിച്ചിട്ടുള്ളത്). ലോകവാർത്തകൾ. പേജ് 5-ൽ "കേരളം' എന്ന തലക്കെട്ടിൽ കേരള വാർത്തകൾ. തലക്കെട്ടോ തീയതിയോ ഇല്ലാത്ത 26 വാർത്തകളുണ്ട്. കൂടാതെ താന്തൂര, കൊച്ചി, തിരുവിതാംകൂർ ഈ ചെറു തലക്കെട്ടുകളിൽ തീയതിയോടുകൂടിയ വാർത്തകൾ. "താന്തൂര'യിൽ 25-10-'07–ന്റെ 2 വാർത്തകളും "കൊച്ചി'യിൽ 24.10.'07–ന്റെ 5 വാർത്തകളും "തിരുവിതാംകൂറി'ൽ 23.10.'07 ന്റെ നാല് വാർത്തകളുമുണ്ട്. "കേരളം' 9-ാം "ഭാഗ'ത്ത് തുടരുന്നുണ്ട്. അവിടെ കണ്ണൂർ, കൊയിലാണ്ടി, കോഴിക്കോട് ഇങ്ങനെയാണ് തീയതിയോടുകൂടിയ ചെറുതലക്കെട്ടുകൾ. കണ്ണൂരിൽ 26.10.'07 ന്റെ രണ്ട് വാർത്തകളും കൊയിലാണ്ടിയിൽ 25.10.'07 ന്റെ നാല് വാർത്തകളും കോഴിക്കോട്ട് നാല് വാർത്തകളുമുണ്ട്. കൊയിലാണ്ടിയിലെ ഒരു വാർത്ത ഭീകരമാണ്. പേരാന്പ്രക്കാരൻ ഒരു കുറുപ്പ്, പന്നിയാണെന്ന സംശയത്തിന്മേൽ ഒരു പറയനെ വെടിവെച്ചു കൊന്നു. ഒന്നര കോളം നീളത്തിൽ "ഇന്ത്യാ രാജ്യവിവരങ്ങൾ' ഉണ്ട് ഇതേ പേജിൽ; പത്തൊൻപത് വാർത്തകളുണ്ട് അതിൽ.
