മോഹിനിയാട്ടത്തിലെ സർഗ്ഗധാരകൾ

Art, Culture, Life

മോഹിനിയാട്ടത്തിലെ സർഗ്ഗധാരകൾ


ഒരു നൃത്തരൂപത്തെ പുരോഗതിയിലേക്കു നയിക്കുന്നത് ആ നൃത്തരൂപത്തിന്റെ വേദികളിൽ രൂപപ്പെടുന്ന ക്രിയാത്മകസംവാദങ്ങളും വേദിയിലെത്തുന്നതിനു മുമ്പുതന്നെ ഉറപ്പിക്കപ്പെടുന്ന സർഗ്ഗചിന്തകളുമാണ്. കേരളത്തിന്റെ തനതു ശാസ്ത്രീയനൃത്തരൂപമായ മോഹിനിയാട്ടത്തിന് ഇന്ന് നാം കാണുന്ന ഒരു നിലവാരത്തിലേക്കെത്താൻ ഒരു നൂറുവർഷംപോലും വേണ്ടിവന്നിട്ടില്ല. ഒരുപക്ഷേ, കലാമണ്ഡലത്തിന്റെ ചുറ്റുപാടും നവ്യമായ കാഴ്ചപ്പാടുകളും കഥകളിയുമൊത്തുള്ള സഞ്ചാരവുമൊക്കെയാവാം ഇത്തരമൊരു ചിട്ടവട്ടത്തിലേക്ക് മോഹിനിയാട്ടത്തെ പിടിച്ചുയർത്തിയത്. സ്വാതിതിരുനാൾ മഹാരാജാവിന്റെ കാലത്ത് മോഹിനിയാട്ടത്തിലുണ്ടായ അവതരണമാറ്റങ്ങളെക്കുറിച്ച് ചരിത്രപുസ്തകങ്ങളിലൊക്കെ പറഞ്ഞിട്ടുണ്ട്. അതിനുമുമ്പു നിലനിന്നിരുന്ന ഒരു ദേശ്യലാസ്യനൃത്തരൂപത്തെ അറിവുള്ള ആസ്വാദകസദസ്സിനു മുന്നിൽ പ്രൗഢിയോടെ എത്തിക്കാനുള്ള തുടക്കമാണ് തഞ്ചാവൂർ നാല്‌വരുൾപ്പെട്ട സ്വാതിതിരുനാൾ സദസ്സിൽ സംഭവിച്ചത്. അന്നുവരെ നിലനിന്നിരുന്ന തനി കേരളീയ സമ്പ്രദായശുദ്ധിയെയും ഒരുപക്ഷേ, ഈ പരിഷ്‌കരണം മാറ്റിമറിച്ചിട്ടുണ്ടാവാം. പിന്നെ കുറെയധികം കാലം ഭൂപരിഷ്‌കരണ നിയമങ്ങളുടെ സ്വാധീനവലയത്തിൽപ്പെട്ട് ഏതോ ഒരു അവസ്ഥയിലേക്ക് വീണുപോയ് മറയാനിരുന്ന മോഹിനിയാട്ടത്തെ കലാമണ്ഡലത്തിന്റെ ഉത്ഭവവും മഹാകവി വള്ളത്തോളിന്റെയും മറ്റും കലാമൂല്യബോധവുംചേർന്ന് ആസ്വാദകരുടെ ദൃഷ്ടിപഥത്തിലേക്ക് തിരികെ കൊണ്ടുവന്നു നിർത്തി.

മോഹിനിയാട്ടത്തിന്റെ ചരിത്രം, പുസ്തകരൂപത്തിൽ പല കാഴ്ചപ്പാടുകളിൽ നമുക്ക് ലഭ്യമാണിന്ന്. അതുകൊണ്ടുതന്നെ ചരിത്രമെന്ത് എന്ന് പരിശോധിച്ച് കണ്ടെത്തുകയോ സംശയിക്കുകയോ പറഞ്ഞുറപ്പിക്കുകയോ ചെയ്യേണ്ട ആവശ്യവുമില്ല. മോഹിനിയാട്ടത്തിനെ മറ്റു ശാസ്ത്രീയ നൃത്തരൂപങ്ങളുടെ ബഹുമാന്യസ്ഥാനത്തിലേക്ക് കൊണ്ടെത്തിക്കുകയും നൂതന ചിന്തകളിലൂടെയും നിരന്തരമായ ആശയവിനിമയങ്ങളിലൂടെയും ആ കലാരൂപത്തെ പരിപോഷിപ്പിക്കുകയും ചെയ്ത കലോപാസകരിൽ ചിലരെ ഒന്നുറക്കെ ഓർമ്മിക്കുകയാണ് എന്നേയുള്ളൂ.

കലാമണ്ഡലത്തിലെ ആദ്യകാല അദ്ധ്യാപകരിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ പ്രധാനിയായി കലാമണ്ഡലം സത്യഭാമടീച്ചറെ ഒരു ഡോക്യുമെന്റേഷനുവേണ്ടി സമീപിച്ചിട്ടുണ്ട് വളരെ കാലംമുമ്പ്. മോഹിനിയാട്ടത്തെ കലാമണ്ഡലത്തിനു പരിചയപ്പെടുത്തിക്കൊടുത്ത ചിന്നമ്മുവമ്മയിൽനിന്നുള്ള പഠനത്തെത്തുടർന്നും മോഹിനിയാട്ടം മുന്നോട്ടു പോകേണ്ടതുണ്ട് എന്ന സർഗ്ഗാത്മകചിന്തയാണ് സത്യഭാമടീച്ചറെ മോഹിനിയാട്ടത്തിന്റെ ഇന്നു കാണുന്ന ചിട്ടപ്രധാനമായ തലത്തിൽനില്ക്കാൻ തക്കവണ്ണം പ്രാപ്തയാക്കിയത്. ഈ കലയെ നിറവുള്ളതാക്കാൻകലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ അതുല്യമായ സംഭാവനകളെ മറന്നിട്ടുള്ള ഒരു എഴുത്തല്ല ഇത്. നേരിട്ട് കണ്ടും കേട്ടും അറിഞ്ഞിട്ടുള്ള ചില യാഥാർത്ഥ്യങ്ങൾ കുറിക്കുന്നു എന്നേയുള്ളൂ. നല്ല അടുപ്പമുള്ള ഒരു സുഹൃത്തിന്റെ നല്ല ഗുണങ്ങൾ പകർന്നു കിട്ടുന്നതുപോലെയാണ് കഥകളി മോഹിനിയാട്ടത്തിന് ഗുണമുള്ളതായി തീർന്നത്. കഥകളിയുടെ സുദൃഢമായ ഘടനാവൈഭവം സൂക്ഷ്മമായി മനസ്സിലാക്കി ശുദ്ധനൃത്തത്തിന്റെ കൃത്യമായ രൂപഭദ്രതയിലേക്ക് മോഹിനിയാട്ടത്തെ കൊണ്ടുവരാൻ സത്യഭാമടീച്ചറെ പ്രേരിപ്പിച്ചത് സ്വന്തം നൃത്തപരിസരത്തിലെ കഥകളിയുടെ ഒഴിച്ചുകൂടാനാവാത്ത സാന്നിദ്ധ്യമാണ്. എവിടെപ്പോയാലും ഈ ലോകം മുഴുവൻ ചുറ്റിനടന്നാലും, എന്റെ വീടിന്റെ സംസ്‌കാരമിതാണ് എന്ന് പറഞ്ഞുറപ്പിക്കുന്നതുപോലെയാണ് ശുദ്ധനൃത്തമൊരുക്കുന്ന മതിൽക്കെട്ടുകളിൽ ഭദ്രമായിത്തീർന്നു ശാസ്ത്രീയനൃത്തം.


Related Articles