മനുഷ്യന്റെ പ്രയാണങ്ങളിൽ കാലാകാലങ്ങളായി ആന്ത്രപോസെൻട്രിക്ക് പരിസ്ഥിതി സംസ്‌ക്കാരം കൊണ്ടുവന്ന തകർച്ചകളെക്കുറിച്ച് നരവംശ ശാസ്ത്രജ്ഞൻമാരും ചരിത്രകാരൻമാരും ആർക്കിയോളജിസ്റ്റുകളും മുന്നോട്ടുവെക്കുന്ന പുതിയ കാഴ്ചപ്പാടുകൾ കേരളത്തിന്റെ ആദ്യകാല സാംസ്‌ക്കാരിക പരിണാമത്തിന്റെ വെളിച്ചത്തിൽ പഠനവിധേയമാക്കുകയും ചർച്ചചെയ്യപ്പെടുകയും ചെയ്യേണ്ടതുണ്ട്.
ചരിത്രാതീത കാലം തൊട്ടു തന്നെ മനുഷ്യ കേന്ദ്രീകൃത പരിസ്ഥിതി ബോധവും, പ്രകൃതി കേന്ദ്രീകൃത ജീവിതകാഴ്ചപ്പാടുകളും സമൂഹ രൂപീകരണത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ആദിമ ശവമടക്കലിലും, ഗുഹാ ചിത്രങ്ങളിലും പിൽക്കാല സാഹിത്യ പാരമ്പര്യത്തിലും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധങ്ങൾ നിഴലിച്ചു കാണാം. മനുഷ്യനും മൃഗവുമെല്ലാം ജീവശാസ്ത്ര കാഴ്ച്ചപ്പാടിൽ ഒരേ പാരമ്പര്യം ഉൾക്കൊള്ളുന്ന ജീവീയ രൂപങ്ങളാണ്. ഭൂമിയിലെ അനേകം ജീവിവർഗങ്ങളിൽ ഒന്നു മാത്രമാണ് മനുഷ്യൻ എന്നർത്ഥം. അതേ സമയം മനുഷ്യകേന്ദ്രീകൃത കാഴ്ചപ്പാടിൽ പരിണാമദശയിലെ വേറൊരു രൂപപ്പെടലായി തന്നെ മനുഷ്യനെ കാണാൻ തുടങ്ങുന്നു. ഈ ആന്ത്രപ്പോസെൻട്രിക്ക് കാഴ്ചപ്പാട് രൂപപ്പെടുത്തുന്ന ജീവീകസമ്പ്രദായം ആവാസവ്യവസ്ഥയെ മുറിപ്പെടുത്തുമ്പോഴാണ് കാലാവസ്ഥാ മാറ്റങ്ങളും പകർച്ചവ്യാധികളും ഉൾപ്പടെയുള്ള പതനങ്ങൾ കാലാകാലങ്ങളായി മനുഷ്യനുമേൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. പ്രകൃതിക്കുമേലുള്ള ഇടപെടലുകളും, കടന്നുകയറ്റങ്ങളും ഏറ്റവും ആദ്യം സജീവമായി തുടങ്ങുന്നത് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധങ്ങൾക്കുമേൽ കൂടിയാണെന്ന് കാണാം. അതുകൊണ്ടുതന്നെ സാംസ്‌ക്കാരിക രൂപീകരണവും മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള വ്യവഹാരങ്ങളും പരിണമിച്ചുവരുന്നത് ഈ ആദ്യകാല ബന്ധങ്ങളെ കേന്ദ്രീകരിച്ചാണ്.
ജീവശാസ്ത്രത്തിന്റെ വീക്ഷണകോണിൽ മനുഷ്യൻ ഉൾപ്പടെയുള്ള ജീവജാലങ്ങളെ ഒരൊറ്റ വിഭാഗമായാണ് ഗണിക്കപ്പെടുക എന്നു പറഞ്ഞു. പൊതുവായ സവിശേഷതകൾ പരിഗണിക്കുകയാണെങ്കിൽ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സാമ്യതകൾക്കാണ് പ്രാമുഖ്യം. ഈ പൊതു സവിശേഷതകളാണ് മനുഷ്യനെയും മൃഗങ്ങളെയും പരസ്പര ആശ്രയത്വത്തിന്റെ ചങ്ങലകളിൽ ബന്ധിപ്പിച്ച് നിർത്തുന്നത്. പുരാവസ്തു സ്ഥാനങ്ങളിൽ നിന്ന് ലഭിക്കുന്ന എല്ലാ ഫോസിലുകളും ഒന്നിച്ചു ചേർത്ത് പഠിക്കാൻ ആരംഭിക്കുന്നതു മുതൽ ആർക്കിയോളജി സൂ-ആർക്കിയോളജി എന്ന വേറിട്ട സമീപനശാഖാ രീതിയിലേക്ക് ചുവടു വെച്ചുതുടങ്ങി. വേട്ടയാടലും, ഇണക്കി വളർത്തലും, ആചാര അനുഷ്ഠാനങ്ങളിലെ സാജാത്യ വൈജാത്യങ്ങളിലും എല്ലാം ഈ പഠനശാഖയ്ക്ക് അതിന്റേതായ സാധ്യതകൾ നൽകിക്കൊടുത്തു. സൈറ്റുുകളിൽ നിന്ന് ലഭ്യമാവുന്ന ഫോസിലുകളെ പ്രാഥമികമായി പരിഗണിക്കുമ്പോൾ സോഷ്യൽ സൂ-ആർക്കിയോളജിയുടെ അതിർ വരമ്പുകൾ വരക്കാൻ സാധിക്കില്ല. പക്ഷെ ഫോസിലുകളിലെ സൂക്ഷ്മമായ വിലയിരുത്തലുകളിലും ഗുഹാചിത്രങ്ങളിലും മറ്റ് ആദ്യകാല നിർമിതികളിലും ഉള്ള മൃഗബന്ധങ്ങൾ കണ്ടെത്തുന്നതിലൂടെ ഇത് സാധ്യമാകും. സ്വയംനിയന്ത്രിത വിനിമയ കേന്ദ്രങ്ങൾ ഇല്ലാതിരുന്ന കാലം മുതൽ ഇവ രൂപീകരിക്കപ്പെടുന്ന കാലം വരെ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പുരാവസ്തു തെളിവുകളിൽ നിന്ന് സമർത്ഥിച്ചെടുക്കാൻ സോഷ്യൽ സൂ-ആർക്കിയോളജിയുടെ വികാസത്തെ തുടർന്ന് കഴിഞ്ഞു.
