കല, സാഹിത്യം, കളി എന്നിവയുടെ ആസ്വാദനത്തിലൂടെ ഉണരുന്ന ആനന്ദം നിസ്വാർത്ഥവും ആത്മീയവുമാണ്. ഉള്ളഴിഞ്ഞ സഹാനുഭൂതിയാൽ പ്രേരിതമായ ദാനങ്ങളിൽനിന്നും ത്യാഗങ്ങളിൽനിന്നും ഉളവാകുന്ന ആനന്ദംമാത്രമേ അതിനെ അതിശയിക്കാവുന്ന അനുഭൂതിയായി ഈ പ്രപഞ്ചത്തിലുള്ളൂ. ശാസ്ത്രത്തിന്റെ വിസ്മയകരവും സ്ഫോടനാത്മകവുമായ വികാസത്തെ ആയുധനിർമ്മിതിയിലും സഹജാതരെ മൃതിയിലേക്കും തീരാദുരിതങ്ങളിലേക്കും നിഷ്ഠുരമായി ഹോമിച്ചതിലും എത്തിച്ച പ്രവർത്തനങ്ങൾ കൊടുംപാപകർമ്മങ്ങളായിരുന്നു; അതോടൊപ്പം ഉണ്ടായ പുണ്യകർമ്മങ്ങളിലൊന്നായ ടെലിവിഷൻ പ്രവർത്തനമാകട്ടെ ലോകത്തിന്റെ ഏതു മൂലയിലും നടക്കുന്ന കളിമത്സരങ്ങൾ തത്സമയം കണ്ട് ആനന്ദിക്കാനുള്ള ഭാഗ്യം നല്കി. മത്സരങ്ങളിലൂടെയും മനുഷ്യവർഗ്ഗത്തെ ഒന്നിപ്പിക്കാമെന്ന വെളിപാട് മനുഷ്യവർഗത്തിനുണ്ടായത് ലോകവ്യാപകമായി കളിമത്സരങ്ങൾ സംഘടിപ്പിക്കാമെന്ന ആശയത്തിന്റെ ഉദയത്തോടെയാണ്. ലോകജനതയ്ക്ക് ഒട്ടാകെ പോരിനുള്ള മൗലികമനഃപ്രവണത എന്നാണോ കളിയിൽമാത്രം കേന്ദ്രിതമാകുന്നത്, എന്നാണോ രാഷ്ട്രം, മതം, വർഗ്ഗം, വർണ്ണം, ഉപഭോഗം മുതലായവയുടെ പ്രേരണകളാലുള്ള യുദ്ധങ്ങൾ ഒടുങ്ങുന്നത്, നിയതി നല്കിയ അനുഗ്രഹമായ ബുദ്ധിശക്തിക്കു മനുഷ്യവർഗം അർഹത നേടുന്നത് അന്നായിരിക്കും.
വീരാരാധനയ്ക്കുള്ള അന്തസ്ത്വര കളികൾ, സാഹിത്യം, സംഗീതം, നൃത്തം, വാദ്യം മുതലായ കലകൾ എന്നിവയിലെ അനുഗൃഹീത ധീമത്തുക്കളിൽ കേന്ദ്രീകൃതമാവുന്ന ആ കാലത്തായിരിക്കും മനുഷ്യന്റെ അന്തഃകരണപരിണാമം ഭൂസ്വർഗത്തിലേക്കുള്ള വഴിയിലെത്തിച്ചേരുന്നത്. സംഹാരാത്മകമായ യുദ്ധങ്ങളുണ്ടാക്കുന്നവർ, അതിലേർപ്പെട്ട് ആത്മാഹൂതി ചെയ്യേണ്ടിവരുന്നവരിൽ മാത്രം വീരാരാധന കേന്ദ്രീകൃതമാകണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നു. നാടിനുവേണ്ടി യുദ്ധംചെയ്തു മൃത്യുവരിക്കുന്നവർ ത്യാഗധീരന്മാരാണ്; സംശയമില്ല. പക്ഷേ, യുദ്ധങ്ങളുണ്ടാക്കുന്നവർ അക്കാരണത്താൽ വാഴ്ത്തപ്പെടേണ്ടവരല്ല. യുദ്ധത്തിലേർപ്പെട്ടു മരിക്കേണ്ടിവരുന്നവരും അംഗഭംഗം വന്ന് ആജീവനാന്തം നരകിക്കുന്നവരും ഭൂമുഖത്ത് ഇല്ലാതാവണമെന്നാണ് മനുഷ്യൻ ഇച്ഛിക്കേണ്ടത്. അതിനുള്ള ഏകമാർഗം മത്സരിക്കാനുള്ള പ്രവണതയെ സംഹാരക്രിയയിലേക്കു വളർത്തുന്നതിനു പകരം സൃഷ്ടി പ്രക്രിയകളിലേക്കു വികസിപ്പിക്കലാണ്. സർഗ്ഗശക്തിധനരായ കവികളും കലാകാരന്മാരും ഖേലനപ്രതിഭകളും വീരന്മാരായി വാഴ്ത്തപ്പെടുകയും "പരാക്രമി' കളായ ശത്രുസംഹാരകർ ഇകഴ്ത്തപ്പെടുകയും ചെയ്യുന്ന കാലമാണ് "ദൈവരാജ്യം ഭൂമിയിലും വരേണമേ' എന്ന പ്രാർത്ഥന സഫലമാവുന്ന കാലം. അതിനനുഗുണമായ മാനസികപ്രവണതയാണ്, രക്തബന്ധമോ, രാജ്യബന്ധമോ, വർഗ്ഗബന്ധമോ വർണ്ണബന്ധമോ ഒന്നുംതന്നെ ആലംബമല്ലാത്ത കലാവീരാരാധനയും കളിവീരാരാധനയും.
