സൃഷ്ടിയും മനോനിലയും

Art, Culture, Life

സൃഷ്ടിയും മനോനിലയും


സ്മൃതിയും ഭാവനയുമാണ് കലാസ്രഷ്ടാവിന്റെ പ്രധാന സർഗ്ഗോദ്ദീപക ഘടകങ്ങൾ എന്നിരിക്കെ, ഇവ രണ്ടും അയാളുടെ വ്യക്തിത്വവുമായും ബന്ധപ്പെട്ടിരിക്കും. നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ഓർമ്മകൾ നമ്മൾ വിചാരിച്ചുറപ്പിക്കാതെ തന്നെ വരുന്നവയാണ്. ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ച നിമിഷം, ഏറ്റവും വേദന തന്ന സംഭവം, കടുത്ത ദേഷ്യം തോന്നിപ്പിച്ച അനുഭവം, നാളെയുടെ പ്രതീക്ഷയെ ഉണർത്തിവിട്ട കാഴ്ചകൾ, വീണ്ടും വീണ്ടും കേൾക്കാൻ തോന്നിച്ച സംഗീതകേൾവി, ഇനിയുംകണ്ടു മതിയാകാത്ത ഒരു സൂര്യോദയം അല്ലെങ്കിൽ ചന്ദ്രോദയം, ഇന്നലെ കണ്ടിടത്തുതന്നെ നിന്നു മിന്നാതെ ഇരുട്ടിന്റെ മറ്റൊരു ദിക്കിൽനിന്ന് കൺചിമ്മുന്ന നക്ഷത്രദീപ്തി... ഓർമ്മയിലേക്ക് ഇങ്ങനെ എന്തു വേണമെങ്കിലും കടന്നുവരാം. വരുന്ന ഓർമ്മകൾ ഏതോ ഒരു തരത്തിൽ നമ്മെ ബാധിച്ചതുകൊണ്ടാവാം നാം പോലുമറിയാതെ ഓർമ്മയുടെ ഏതോ രഹസ്യഅറയിൽ കയറി അത് ഒളിച്ചിരിക്കുന്നത്. പിന്നെന്നോ വിളിക്കുമ്പോൾ ഓടിവരാനായി.

ഈ സ്മൃതികളിൽ വ്യക്തിയുടെ മനസ്സിനെന്തു പങ്ക്? ഏറ്റവും സന്തോഷിച്ച നിമിഷം; അയാൾ ആ സന്തോഷം ഏറ്റുവാങ്ങാൻ പറ്റിയ മനോനിലയിലായതുകൊണ്ടാണോ ആ നിമിഷം അയാളിൽ സന്തോഷം ഉണ്ടായത്? സ്വസ്ഥമായ മാനസികാവസ്ഥയിൽ സന്തോഷം വലിയ സന്തോഷമായി അയാളിലേക്കെത്തിയിരിക്കാം. അതേ സ്വസ്ഥ പ്രകൃതിയിലേക്ക് സങ്കടം കയറിവന്നാൽ അതിന്റെ അളവ് ഒന്ന് കുറഞ്ഞുമാത്രം അയാളിലെത്തിയേക്കാം. അതോ സ്വസ്ഥതയെ തകർക്കുന്ന ഒന്നാകുമോ ഈ സങ്കടം? ലോലഹൃദയമുള്ള ഒരാളിൽ പുറത്തുനിന്നു തന്നിലേക്കു വരുന്ന ഏതൊരു വികാരവും വലിയൊരാഘാതം സൃഷ്ടിച്ചേക്കാം. സന്തോഷമായാലും സങ്കടമായാലും ഉന്മാദം തരുന്ന മറ്റെന്തെങ്കിലും കാഴ്ചയോ കാവ്യാനുഭവമോ സ്പർശസുഖമോ ഒക്കെ. പൊതുവെ ലോലമനസ്സും, താൽക്കാലികമായ സങ്കടാവസ്ഥയും നിലനില്ക്കുന്ന ഒരു മനുഷ്യമനസ്സിലേക്ക് 'നല്ല' കാഴ്ചകൾ വരണം എന്നില്ല. 'നല്ലത്' എന്നതിനെത്തന്നെ പല തലത്തിൽ പറയേണ്ടതുണ്ട്. കാണേണ്ടതുണ്ട്. 'ഉദയം' കാണുന്നതാണ് 'അസ്തമനം' കാണുന്നതിലും നല്ലത്. 'ഉദയം' എന്ന വാക്ക് അല്ലെങ്കിൽ ചിന്ത ഒന്നിന്റെ പ്രതീക്ഷാനിർഭരമായ തുടക്കത്തെയാണ് പ്രതിനിധാനം ചെയ്യുന്നത് എങ്കിൽ അസ്തമനം കാണുന്ന ഒരാൾ അസ്തമനത്തിലെ ചുവപ്പിൽനിന്ന് ഇരുട്ടിലേക്ക് തെന്നിവീഴുന്ന നിറക്കാഴ്ചയുടെ സൗന്ദര്യമാണ് കണ്ടതെങ്കിലോ? ഇരുണ്ട കറുപ്പിൽനിന്ന് ലോകം കാണാൻ പുറത്തിറങ്ങി കണ്ണുനീട്ടുന്ന നക്ഷത്രവിളക്കുകൾ, അയാളെ പ്രപഞ്ചത്തിന്റെ സൗന്ദര്യാത്ഭുതങ്ങളെ ഓർമ്മപ്പെടുത്തുന്നു. എങ്കിൽ ആ അസ്തമനം അയാളിലെ സർഗ്ഗോദയങ്ങൾക്കുകൂടി കാരണമാകുന്നു. സർഗ്ഗപ്രക്രിയയുടെ ഭാഗമാണ്, ചിലപ്പോൾ തുടക്കംതന്നെയാണ് ഈ അസ്തമനക്കാഴ്ച. സർഗ്ഗചിന്തകളുടെ ശീലമില്ലാത്ത സർഗ്ഗാത്മകതയുടെ രസാനുഭൂതികൾ അനുഭവിക്കാൻ സാദ്ധ്യതയില്ലാത്ത ഒരു ലോലമനസ്സിലേക്ക് ഒരു അസ്തമനം ചിലപ്പോൾ വലിയൊരു ഇരുട്ടു പടർത്തിയേക്കാം. അയാൾ ഉദയം കാണാൻപോലും തൽപരനാകണമെന്നില്ല.


Related Articles