കേരളത്തിലെ  കലാകാരികൾ

Art, Culture, Life

കേരളത്തിലെ കലാകാരികൾ


ഈയടുത്തകാലത്ത് ദൂരദർശനുവേണ്ടി ചലച്ചിത്രനിർമ്മാണവകുപ്പ് ഒരുക്കിയ ഒരു പഴയ ഹ്രസ്വചിത്രം കാണാനിടയായി. അറുപതുകളുടെ ആദ്യ പകുതിയിൽ തയ്യാറാക്കപ്പെട്ട ആ ഓർമ്മച്ചെപ്പുപോലുള്ള ചിത്രത്തിൽ ഇന്ത്യയിലെ പ്രഗല്ഭമതികളായ ശാസ്ത്രീയ സംഗീജ്ഞരുടെയും നർത്തകരുടെയും കലാമികവിന്റെ പ്രദർശനശകലങ്ങൾ കോർത്തിണക്കിയിരിക്കുന്നു. എത്രയോ കാലത്തെ നിരന്തരമായ പരിശ്രമത്തിന്റെ തെളിവായി സ്ഫുടം ചെയ്‌തെടുത്ത കലാനൈപുണ്യം രണ്ടോ മൂന്നോ മിനിറ്റുനേരം മാത്രമാണ് നാമതിൽ കാണുന്നതും കേൾക്കുന്നതും കഷ്ടിച്ച് പതിനഞ്ച് മിനിറ്റുനേരംദൈർഘ്യമുള്ള സംഗീത നൃത്താനുഭവങ്ങൾ മനസ്സിനെനിർമ്മലമാക്കി സുന്ദരമാക്കും. എന്തുകൊണ്ടാവാം ഇത്തരം സർഗ്ഗാനുഭവം പുതിയ സംഗീതനൃത്ത സാഹചര്യങ്ങൾക്കുസൃഷ്ടിക്കാനാവാത്തത്?

പുതിയ പ്രതിഭകൾ ഉണ്ടാകാത്തതുകൊണ്ടാകുമോ? അതോ, യഥാർത്ഥകലാകാരന്മാരെ കണ്ടെത്താത്തതുകൊണ്ടാകുമോ? അതുമല്ലെങ്കിൽ ഭാവനാസമ്പന്നരായ സർഗ്ഗവൈഭവങ്ങൾ എണ്ണത്തിൽ കുറഞ്ഞുപോകുന്നതുകൊണ്ടോ? പല കാരണങ്ങൾ ഉണ്ടാവാം. ഏതൊരു പ്രതിഭയും വളരാനും പരിപോഷിക്കാനുമുള്ള സാഹചര്യം ഉണ്ടാവണം. ഈ സാഹചര്യം നല്ലതിനെത്തന്നെ പരിപോഷണംചെയ്യാൻ തയ്യാറാകുന്നു എന്നുറപ്പുവരുത്തണം. 'നല്ല പ്രതിഭ' എന്നതു കലാമികവിന്റെ മാത്രം അടിസ്ഥാനത്തിലാവണം അളക്കേണ്ടത്. പൊതുവേ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തമിഴ്‌നാടാണ് സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഇരിപ്പിടമായി കരുതപ്പെടുന്നത്. നൃത്തവും സംഗീതവുംജീവിതമാർഗ്ഗമായി സ്വീകരിക്കുന്നതോടെ സമൂഹത്തിൽ ബഹുമാന്യത കുറഞ്ഞുപോയേക്കും എന്ന ആശങ്ക അവർക്കില്ല. ജീവിതനിലവാരത്തെ തന്റെ കലാപ്രവർത്തനം മികവുറ്റതാക്കുന്നു എന്ന് കലാപ്രവർത്തകനുംസമുഹവും ഒരുപോലെ വിശ്വസിക്കുന്നു.ഈ ധാരണ ശരിയാവാൻതക്കവണ്ണമുള്ള സാഹചര്യം സമൂഹം കലാകാരന് ഒരുക്കിക്കൊടുക്കുന്നു. കലാപ്രവർത്തനം സധൈര്യം ജീവിതമാർഗ്ഗമാക്കണമെങ്കിൽ ഇടതടവില്ലാതെയുള്ള സർഗ്ഗാവതരണവേദികൾ ഉണ്ടാവണം. ആ വേദികൾ നർത്തകിക്കോ സംഗീതജ്ഞനോ നന്നായി ജീവിതം പുലർത്താനുള്ള വരുമാനമാർഗ്ഗമാവണം. ഇതാണെന്റെ ഉപജീവനമാർഗ്ഗം എന്നൊരാൾ നിശ്ചയിച്ചുറപ്പിക്കണമെങ്കിൽ ആ തെരഞ്ഞെടുത്ത മാർഗ്ഗം അയാൾക്ക്/അവൾക്ക് മുന്നോട്ടുപോകാനുള്ള ധൈര്യം നല്കണം. വേദികളിലൂടെ അവസരങ്ങളുണ്ടാകണം. അത് തുടരെത്തുടരെയുണ്ടാവുകയും വേണം. അനുപമമായ കലാസൃഷ്ടികളെ ഹൃദയംകൊണ്ടറിയുന്ന കലാസ്വാദകരുണ്ടാവണം. പണത്തിനു പിറകെയും സ്വാധീനവലയത്തിനകത്തുംപെടാത്ത നിരൂപകരുണ്ടാവണം. അങ്ങനെ ഒരു കലാകാരി/കലാകാരൻ വളരും. അയാളുടെ ജീവിതനിലവാരം ഉയരും. സാമ്പത്തികഭദ്രത ആസ്വാദകസമൂഹം ഉറപ്പുവരുത്തും. കാരണം സഹൃദയർ കലയെ സ്‌നേഹിക്കുന്നു. കലയ്ക്കുവേണ്ടി കലാകാരനെയും. ഇത്തരം സമൂഹത്തിൽ മാത്രമേ കലാകാരനു നിലനില്ക്കാൻ സാധിക്കൂ. കലാപ്രകടനങ്ങൾക്കുവേണ്ടി മാത്രം ഒരു വർഷത്തിൽ രണ്ടുമൂന്നു മാസങ്ങൾ നീക്കിവയ്ക്കുന്ന സമൂഹമാണ് തമിഴ്‌നാട്ടിലുള്ളത്. ഈ മാസങ്ങൾക്കായി കാത്തിരിക്കുന്നു കലാകാരന്മാരും ആസ്വാദകസമൂഹവും. നാടിനുപുറത്തുള്ള കലാകാരികളും ആസ്വാദകരും കൂടിയാവുമ്പോൾ അതുല്യമായ സ്വർഗ്ഗപ്രപഞ്ചം ഉണ്ടാവുകയായി. ഇങ്ങനെ ഒരു ദേശംമുഴുവൻ കലാകാരനുവേണ്ടി തയ്യാറെടുപ്പുനടത്തുമ്പോൾ കലാകാരനു തന്റെ ഉത്തരവാദിത്തബോധം കൂടുകയും കലാവതരണത്തിന്റെ മഹത്ത്വംഉയരുകയും ചെയ്യും. ഈ സർഗ്ഗബോധത്തിന്റെ ഫലം അയാളുടെ ഓരോ അവതരണങ്ങളിലും തെളിഞ്ഞുകാണാൻ സാധിക്കും. ഓരോവേദിയുംഅയാളിലെ പുതിയ സർഗ്ഗഭാവനയെ പ്രേക്ഷകനു പരിചയപ്പെടുത്തുന്നു. കേരളത്തിലിരുന്നു സർഗ്ഗപ്രപഞ്ചം സൃഷ്ടിക്കാൻ കൊതിക്കുന്ന ഓരോനർത്തകിയും ഇത്തരമൊരു ആസ്വാദകവൃന്ദത്തെ സ്വപ്നം കാണുന്നു. ആസ്വാദനത്തിനു വഴിയൊരുക്കുന്ന കലാപ്രകടനവേദികൾ ആഗ്രഹിക്കുന്നു.കലാസ്വാദനത്തിൽ തമിഴ്‌നാടുപോലെ നമ്മുടെ നാടും ആയിത്തീരും എന്ന വിശ്വാസം ഒരുപക്ഷേ, വ്യാമോഹമാവാം.

എങ്കിലും ആസ്വാദകനില്ലാഞ്ഞിട്ടല്ല കേരളത്തിൽ നല്ല കലാപ്രകടനങ്ങൾ കുറഞ്ഞുപോകുന്നത് എന്നതുംസത്യം. അപ്പോൾ പിന്നെ എന്തുകൊണ്ടാവാം കല ഉപജീവനമാർഗ്ഗമാക്കാൻ പുതിയ തലമുറയിലെ പ്രതിഭകൾ ഒന്നു മടിച്ചുനില്ക്കുന്നത്? ഇനി അഥവാ അങ്ങനെ തീരുമാനിച്ചാലും നാടുവിടാം എന്നുകൂടി തീരുമാനിക്കുന്നത്?


Related Articles