ഹിന്ദുസ്ഥാനി, കർണാടിക്, നാടോടി, പാശ്ചാത്യം, അഷ്ടപദി,കഥകളിസംഗീതം,സിനിമാ-നാടക ജനപ്രിയഗാനങ്ങൾ.. ഇതിൽ ഏതാണ് മലയാളിയുടെ സംഗീതം?ഇതിലൊന്ന് മലയാളിയുടേത് എന്ന് കരുതുന്നതിനേക്കാൾ ഇവയിലെല്ലാം പതിഞ്ഞ മലയാളസ്വാംശീകരണത്തിന്റെ മുദ്രകളും കലർപ്പുകളും വിഭജനയുക്തികളും അന്വേഷിക്കുന്നതാണ് ഉചിതം. ജനപ്രിയതയുടെയും മലയാളസ്വാംശീകരണത്തിന്റെയും മുദ്രകൾ മലയാളപിന്നണിഗാനത്തിലെ ഒരു സന്ദർഭത്തെ മുൻനിർത്തി ആലോചിക്കുകയാണ് ഈ പ്രബന്ധം. മലയാളപിന്നണിഗാനചരിത്രത്തിലെ വിച്ഛേദങ്ങളിലൊന്നായ എം. എസ്. ബാബുരാജിന്റെ സംഗീതസന്ദർഭമാണ് ഈ ആലോചനയ്ക്ക് ആധാരം. കേരളം എന്ന ഭൂവിഭാഗത്തിന്റെയും മലയാളി എന്ന സങ്കൽപ്പനത്തിന്റെയും വിപുലീകരണ സന്ദർഭത്തിലെ വിച്ഛേദങ്ങളും വിഭ്രമങ്ങളും ഒപ്പം ജനാധിപത്യകേരളത്തിന്റെ സങ്കീർണതകളും ബാബുരാജിന്റെ സംഗീതലോകം ഉൾക്കൊണ്ടിരുന്നു. എന്നാൽ സിനിമാഗാനങ്ങളുടെ വിശകലനത്തിൽ നിലനിൽക്കുന്ന മാതൃകകൾ പരിമിതമാകുന്നു. ഗാനരചയിതാവ്, സംഗീതസംവിധായകൻ, ഗായകൻ/ഗായിക,ഉപകരണങ്ങൾ എന്നതിനപ്പുറം വിപുലമായ കേൾവിസമൂഹത്തെയും വിനിമയബലതന്ത്രങ്ങളെയും നമ്മുടെ പഠനങ്ങൾ അഭിസംബോധന ചെയ്യുന്നില്ല. ബാബുരാജ് ആൾക്കൂട്ടങ്ങളുടെ പാട്ടുകാരനാവുന്നതെങ്ങനെ? ആൾക്കൂട്ടങ്ങളെ അഭിമുഖീകരിച്ചപ്പോൾ ബാബുരാജിന്റെ സംഗീതലോകം നേരിട്ട സങ്കീർണ്ണതകൾ എന്ത്?
ബാബുരാജ്--പാട്ടും ആൾക്കൂട്ടവും
മലയാളപിന്നണിഗാനങ്ങളുടെ ആദ്യഘട്ടം ഹിന്ദിഗാനങ്ങളുടെ അനുകരണം എന്നനിലയിലായിരുന്നു. അഭയദേവിന്റെ താരാട്ടുപാട്ടുകൾ ഒഴിച്ചാൽ സാഹിത്യത്തിന് പ്രധാന്യമില്ലാത്ത സന്ദർഭം. ബാബുരാജ് ഉൾക്കൊള്ളുന്ന മലയാളപിന്നണിഗാനത്തിന്റെ ഘട്ടം മൗലികമോ സ്വതന്ത്രമോ ആയിത്തീരാനുള്ള ശ്രമങ്ങളാലാണ് പ്രാഥമികമായി ശ്രദ്ധിക്കപ്പെട്ടത്. ബാബുരാജിന്റെ സംഗീതലോകം പലനിലകളിലായിരുന്നു സമകാലികരിൽനിന്ന് ഭിന്നമായി കാലഘട്ടത്തിന്റെ മൗലികതയെയും സ്വാതന്ത്ര്യത്തെയും ഉൾക്കൊണ്ടത്.
