നൃത്തത്തോടുള്ള അഭിനിവേശംകൊണ്ടുമാത്രം ഒരു നർത്തകിക്കു നൃത്താവസരങ്ങൾ ഉണ്ടാകുന്നുണ്ടോ? ഉണ്ടാകുന്നുണ്ടാകാം എങ്കിലും കേരളത്തിൽ സംശയമാണ്. ഇന്ത്യയിലാകമാനവും സാധ്യത കുറവാണ്. കടൽ കടന്നാൽ, പണമുള്ളവർക്ക് ഇന്ത്യയിലെ പ്രമുഖവേദികൾ പരവതാനി വിരിക്കും. കേരളത്തിനു പുറത്താണെങ്കിൽ കേരളത്തിൽ ആനയിക്കപ്പെടും, എഴുതപ്പെടും, പ്രകീർത്തിക്കപ്പെടും. കേരളത്തിൽ നൃത്തം ചെയ്യാൻ കേരളം വിടണോ? ഇന്ത്യയിലെ അവസരങ്ങൾക്ക് 'ഇന്ത്യ വിട്ടേ പറ്റൂ' എന്നത് നല്ല ലക്ഷണമാണോ?
കുറെനാൾ മുമ്പ് തിരുവനന്തപുരത്തെ സ്വാതിതിരുനാൾ സംഗീത സഭയിൽ കച്ചേരി അവതരിപ്പിക്കാനെത്തിയ പ്രമുഖ സംഗീതജ്ഞൻ ടി.വി. ഗോപാലകൃഷ്ണൻ ഒരു കലാകാരനിലെ മാനവികതയെക്കുറിച്ച് പറയുകയുണ്ടായി: ''ഭാരതത്തിൽ എവിടെയിരിക്കുമ്പോഴും ഞാനൊരു മലയാളിയാണ്. ഭാരതത്തിനുപുറത്ത് ഒരു ഭാരതീയൻ. ഈ ഭൂമിയിൽ ഞാനൊരു മനുഷ്യൻ മാത്രമാണ്.''
ഇപ്പറഞ്ഞതിനോട് ഇങ്ങനെയും ചേർത്തു വായിക്കാം. ഈ ഗ്രഹത്തിൽ ഞാനൊരു ജീവജാലമാണ്. ഇങ്ങനെയിരിക്കേ വലിയ വലുപ്പത്തിൽ ചെറുതായി വലുതാവുന്ന ഒരു മാനവികതയുണ്ട് കലാകാരന്. പക്ഷേ, കലയുടെ അവതരണനേട്ടങ്ങളിൽ ഈ വിശ്വബോധം തലകുത്തനെ നിൽക്കുന്നു. കലാരൂപങ്ങളുടെ ക്ലാസ്സിക്കൽ കുടിവയ്പുകളിൽ ഇത്തരം ബോധങ്ങൾ അതതിന്റെ വംശീയധാരണകളെ തിരുത്തിമായ്ക്കുന്ന ഒരുതരം പ്രകടനപരതയിലേക്കും നയിക്കുന്നു എന്നതും സത്യം.
