Stories constitute manifestations of specific versions of what is 'valuable', 'worthwile', 'justifiable', 'moral' for peoplein any given culture, thereby having the capacity to confer meaning and substance of our life.
അശ്ലീലം മനുഷ്യനിർമ്മിതമായ ഒരു സൗന്ദര്യവസ്തുതയാണെങ്കിലും നമ്മുടെ ആധുനികനിയമ നിർമ്മാണസഭകൾക്കുപോലും അതിനെ നിർവ്വചിക്കാൻ കഴിഞ്ഞിട്ടില്ല. ''അശ്ലീലത്തിന്റെ മാനദണ്ഡമെന്താണെന്നു വച്ചിട്ടുണ്ടോ? വലിയ അശ്ലീലമുള്ള ചെറുശ്ശേരിയുടെ 'കൃഷ്ണഗാഥ' അശ്ലീലസാഹിത്യത്തിൽ ഉൾപ്പെടുത്താതിരിക്കുവാൻ പ്രത്യേക കാരണമുണ്ടോ?'' എന്ന് മൂന്നാം നിയമസഭയുടെ (1967-70) ഒരു സെഷനിൽ വി.വി. കുഞ്ഞമ്പു, മുഖ്യമന്ത്രി ഇ എം എസിനോടു ചോദിച്ചു. ''അതു വളരെ സ്ട്രിക്ടായിട്ടു ഡിഫൈൻ ചെയ്യാൻ പ്രയാസമാണ്. അംഗീകരിക്കപ്പെട്ട മാനദണ്ഡം അനുസരിച്ച് കൃഷ്ണഗാഥ അശ്ലീലസാഹിത്യത്തിൽ ഉൾപ്പെട്ടതല്ല'' എന്നായിരുന്നു അതിന് ഇ എം എസ് നല്കിയ മറുപടി.
ഇ എം എസിന്റെ മറുപടിയിലെ അപൂർണതയെ പരിഹരിക്കാനെന്നോണം പി.കെ. ഗോപാലകൃഷ്ണൻ ഒരു പരിഹാരചോദ്യം (answer question) ഉന്നയിക്കുകയും 'എക്‌സാക്ട് നിർവചനം' എന്ന് മുഖ്യമന്ത്രി അതിനെ വിശേഷിപ്പിക്കുകയും ചെയ്തു. ഈ വിശദീകരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി, സഭയുടെ മുന്നിൽവച്ച ലിസ്റ്റിൽ IPC 292-ാം വകുപ്പുപ്രകാരം നടപടിക്കുവിധേയമായ പുസ്തകങ്ങളുടെയും ആനുകാലികങ്ങളുടെയും മുപ്പത്തൊൻപതു പേജുള്ള ഒരു പട്ടികയുണ്ട്. ഇന്നത്തെ പുതുകാലത്തിന്റെ ഒഴുകുന്ന യാഥാർത്ഥ്യ (floating realities)ങ്ങൾ, ആ ലിസ്റ്റിലെ പല പുസ്തകങ്ങളെയും വിവരവിനിമയ ബുദ്ധിയാൽ സാന്ദ്രീകരിക്കുകയും ചിലതിനെ പാഠപുസ്തകങ്ങളാക്കിത്തീർക്കുകയും ചെയ്തിരിക്കുന്നു എന്നത് രസകരമായ ഓർമ്മപ്പെടുത്തലാണ്.
