കെ എല്‍ എഫ് 2025 വേദികളിലെ ഏറ്റവും ജനശ്രദ്ധ നേടിയ സംഭാഷണങ്ങളില്‍ ഒന്നാണ് ഇന്ത്യന്‍ സിനിമയിലെ അതുല്യനായ നസിറുദ്ദീന്‍ ഷായുമായി മലയാളത്തിലെ ശ്രദ്ധേയയായ നടി പാര്‍വ്വതി തിരുവോത്ത് നടത്തിയ അഭിമുഖ ഭാഷണം. അതിന്റെ ലിഖിതരൂപം വായിക്കൂ.
പാര്‍വതി തിരുവോത്ത്: അഭിനേതാക്കൾ അവരുടെ അഭിനയം നന്നാക്കുന്നതിനുവേണ്ടി നിരന്തരമായി തയ്യാറെടുപ്പുകൾ നടത്തുകയും മനനംചെയ്യുകയുമൊക്കെ പതിവുണ്ടല്ലോ. ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് എന്തൊക്കെയാണ് പറയാനുള്ളത്? ഇത്തരം തയ്യാറെടുപ്പുകളും മനനംചെയ്യലുമൊക്കെ ഒരു അഭിനേതാവ് എന്ന നിലയിൽ എത്രത്തോളം താങ്കളുടെയുള്ളിൽ സംഭവിക്കുന്നുണ്ട്? തയ്യാറെടുപ്പുകൾ നടത്തുന്നത് അവസാനിപ്പിച്ച് ഏതെങ്കിലും ഘട്ടത്തിൽ അനുധ്യാനത്തിലേക്കു കടക്കേണ്ടതുണ്ടെന്നു കരുതുന്നുണ്ടോ?
നസിറുദ്ദീൻ ഷാ: തയ്യാറെടുപ്പുകൾ ഒരിക്കലും അവസാനിപ്പിക്കണമെന്ന് ഞാൻ കരുതുന്നില്ല. പ്രായമാകുകയും ജീവിതം കൂടുതൽ കാണുകയും അനുഭവങ്ങൾ നേടുകയും കൂടുതൽ ആളുകളുമായി സമ്പർക്കം പുലർത്തുകയും ചെയ്യുമ്പോൾ ദിനംപ്രതിയെന്നോണം നമുക്കു മാറ്റങ്ങളുണ്ടാകുന്നുണ്ട്. അതുകൊണ്ടാണ് ‘പൂർണത വന്ന അഭിനേതാവ്’, ‘തികഞ്ഞ അഭിനയപ്രകടന’മെന്നൊക്കെയുള്ള സങ്കല്പങ്ങളിൽ എനിക്കു തീരെ വിശ്വാസമില്ലാത്തത്. ഇന്ന് നിങ്ങളെ വളരെ വൈകാരികമായി സ്പർശിച്ച അഭിനേതാവ് അടുത്ത ദിവസം മറ്റൊരു രീതിയിലായിരിക്കും നിങ്ങളെ സ്പർശിക്കുന്നുണ്ടാവുക. ഓരോ സാഹചര്യത്തിലും വേദിയിൽ അഭിനേതാക്കളുടെ പ്രകടനം വ്യത്യസ്തമായിരിക്കുമല്ലോ. ഓരോ പ്രാവശ്യവും പ്രേക്ഷകരും വ്യത്യസ്തരായിരിക്കും. ഏതുതരം പ്രേക്ഷകരുടെ മുന്നിലാണ് നിങ്ങൾ ഏറ്റവും നന്നായി അഭിനയിച്ചതെന്നൊക്കെ ചിലരെന്നോടു ചോദിക്കാറുണ്ട്. നല്ല പ്രേക്ഷകരും ചീത്ത പ്രേക്ഷകരും ഇല്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. നല്ലതും ചീത്തയുമായ പ്രകടനങ്ങളുണ്ട് എന്നുമാത്രം. നിങ്ങളുടെ അഭിനയത്തിന്റെ മേന്മകൊണ്ട് മോശം പ്രേക്ഷകരെപ്പോലും നല്ലതാക്കി മാറ്റാൻ നിങ്ങൾക്കു കഴിയും. തയ്യാറെടുപ്പ് നടത്തുന്നതിനെ സംബന്ധിച്ച് ഞാൻ പിന്തുടരുന്ന ഒന്നാമത്തെ നിയമവും എന്റെകൂടെ പ്രവർത്തിച്ചിട്ടുള്ള യുവ അഭിനേതാക്കളോട് പറയാറുള്ള കാര്യവും ഒന്നുതന്നെയാണ്: “നിങ്ങൾ നിങ്ങളുടെ സംഭാഷണഭാഗം മനഃപ്പാഠമാക്കുക, സ്റ്റേജിൽ കയറി എവിടെയെങ്കിലും തട്ടിവീഴാതിരിക്കുക.” ഇതു നിങ്ങൾക്ക് ചെയ്യാൻ കഴിയുമെങ്കിൽ, യുദ്ധത്തിലെ ആദ്യഘട്ടം നിങ്ങൾ തരണം ചെയ്തുകഴിഞ്ഞു. "അമിതമായ റിഹേഴ്‌സലിന്റെ ആവശ്യമില്ല’ എന്ന തരത്തിലുള്ള ഒരു പറച്ചിൽ അലസരായ അഭിനേതാക്കളുടെ ഭാഗത്തു നിന്നുണ്ടാകാറുണ്ട്. ‘അലസരായ അഭിനേതാക്കൾ’ എന്ന പ്രയോഗം തന്നെയാണ് അത്തരക്കാരെപ്പറ്റി പറയാൻകൊള്ളാവുന്നത്. പൂർണ്ണമായ അസംബന്ധമാണ് അവരുടെയീ പ്രയോഗം. കൂടുതൽ പരിശീലിക്കുന്തോറും നിങ്ങൾ മികച്ചതാകുകയാണ് ചെയ്യുന്നത്.
