ഖസാക്കിന്റെ ഇതിഹാസം എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്ന ചിത്രം എന്താണ്? കരിമ്പനകൾക്ക് താഴെയുള്ള മൺവഴിയിലൂടെ പുറംതിരിഞ്ഞു നടക്കുന്ന ഒ.വി. വിജയന്റെ ചിത്രം, അല്ലെങ്കിൽ നീലക്കവറിൽ കറുത്ത നിറത്തില്‍ പറക്കുന്ന തുമ്പികളുടെ ചിത്രം. ആരാച്ചാര്‍ എന്നു കേള്‍ക്കുമ്പോഴോ? ഇഷ്ടപുസ്തകത്തോടൊപ്പം അതിന്റെ കവർചിത്രവും എന്നന്നേയ്ക്കുമായി വായനക്കാരുടെ മനസ്സില്‍ പതിയുന്നു. പുസ്തകത്തിനുള്ളിലെ എഴുത്തുപോലെ തന്നെ പ്രധാനമാണ് പുസ്തക സ്നേഹികളെ സംബന്ധിച്ചിടത്തോളം പുസ്തകത്തിന്റെ കവറും.
പുസ്തകങ്ങളുടെ മുഖമാണ് കവര്‍ പേജ്. ഓരോ പുതിയ പുസ്തകവും പുറത്തിറങ്ങുമ്പോള്‍ മുഖചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുന്ന വായനക്കാരുണ്ട്. ഇഷ്ടപുസ്തകത്തിന്റെ പല കവറുകളിലിറങ്ങിയ പതിപ്പുകള്‍ വാങ്ങി സൂക്ഷിക്കുന്ന പുസ്തകപ്രേമികളുണ്ട്. എന്നാല്‍ ഇഷ്ടപുസ്തകത്തിന്റെ കവറുകളുടെ മിനിയേച്ചര്‍ വരച്ചു സൂക്ഷിക്കുകയാണ് നാദിയ നിഹ എന്ന കൊച്ചുമിടുക്കിയുടെ ഹോബി. അറുപതിലധികം പുസ്കങ്ങളുടെ കവർ ചിത്രങ്ങൾ ഇതുവരെ വരച്ചു കഴിഞ്ഞു ഈ ഏഴാം ക്ലാസ്സുകാരി.
