എന്റെ വിഷാദഋതുക്കൾ

Art, Culture, Life

എന്റെ വിഷാദഋതുക്കൾ


 

ച്ചാച്ചന്‍ പോയീ, അമ്മമ്മ പോയീ, അമ്മ പോയീ, അച്ഛന്‍ പോയീ... എല്ലാരും പോയീ, ഞാനും പൂവ്വാന്ന് കുമ്മായത്തൂണിൽ ചാരിയിരുന്ന് പാടിപ്പാടിയുറങ്ങിപ്പോകുന്ന പെറ്റിക്കോട്ടുപ്രായത്തിലുള്ള ഒരു പെൺകുട്ടി! അമ്മ പറഞ്ഞുമാത്രമറിഞ്ഞ എന്റെ ഞാന്‍ കണ്ടി​ട്ടില്ലാത്ത ഒരു ചിത്രമാണിത്. വിരഹവും അനാഥത്വവും അര​ക്ഷിതാവസ്ഥയും വിഷാദവും കൂടപ്പിറപ്പായ ഒരുവൾ. അച്ഛന്റെയും അമ്മയുടെയും ബൈപോളാർ ജീവിതാവസ്ഥകളാണ് ബാല്യ-കൗമാ​ര​ങ്ങളിൽ ഒരു വലിയ അളവിൽ എന്റെയും ജീവിത ഗതിവിഗതികളെ നിർണ്ണയിച്ചത്.

'സീനുപ്പെണ്ണിനെ തൊട്ടുകളിച്ചാൽ അക്കളിയിക്കളി തീക്കളിയാണെ'ന്ന് ഉന്മാദത്തിന്റെ വരമ്പുകളിൽനിന്ന് ചിത്തഭ്രമത്തിലേക്ക് വഴുതുന്ന, ഇടക്കാലങ്ങളിൽ വിഷാദത്തിലേക്കു പൂണ്ടുപോകുന്ന അച്ഛനാണ്! അവസാന യാത്രയുടെ തെളിഞ്ഞ ചിത്രങ്ങൾ മാത്രമാണ് അച്ഛൻ. എനിക്കുള്ള ഓർമ്മകൾ. എനിക്ക് ആറു വയസ്സുള്ളപ്പോൾ, 1986-ലാണ് അച്ഛന്‍ മരണം സ്വയം വരിച്ചത്. കനത്ത വിഷാദത്തിന്റെ പാരമ്യത്തിലായിരുന്നു മരണത്തിലേക്കുള്ള ആ ആണ്ടിറങ്ങൽ. ഒരിക്കലും കരകയറാനാവാത്ത ഒരാഴത്തിലേക്കു സ്വയം എടുത്തെറിഞ്ഞുകൊണ്ട് സ്വന്തം ജീവിതാവസ്ഥയെ പ്രതീ​കാത്മകമായി രേഖപ്പെടുത്താന്‍ ശ്രമിച്ചതാവാം അച്ഛന്‍. അത്ഭുത​മെന്നു പറയട്ടെ, അച്ഛന്റെ മരണം നടന്ന ആ വൈകുന്നേരം മുതൽ അച്ഛന്റെ സംസ്‌കാരം വരെയുള്ളതും മരണവീടിന്റേതുമായ വിശദാംശങ്ങൾ ഏറക്കുറെ എന്റെ ഓർമ്മയിലുണ്ട്. അക്കാലത്തേതായി മറ്റൊന്നും ഞാന്‍ ഓർക്കുന്നില്ല. കുട്ടിയായിരുന്നതിനാൽതന്നെ അച്ഛന്റെ വിഷാദത്തെക്കുറിച്ച് അക്കാലത്തെനിക്ക് ഒരറിവു​മുണ്ടായിരുന്നില്ല. വളരെ വൈകി പില്ക്കാലത്ത് മാത്രം ഞാന്‍ തിരിച്ചറിഞ്ഞ ഒരു യാഥാർത്ഥ്യമായിരുന്നു അത്. എൺപതുകളിൽ മലയാളസിനിമയുടെ വെള്ളിത്തിരകളിൽ വിഷാദസാന്ദ്രമായ വേഷ​ങ്ങൾ പകർന്നാടിയ വേണു നാഗവള്ളിയുടെ ഛായയായിരുന്നു അച്ഛനെന്ന് അമ്മ എപ്പോഴും ഓർമ്മിക്കാറുണ്ട്. അമ്മയുടെ പ്രേമ​വായ്പുള്ള ഓർമ്മകളുടെ കൂട്ടുപിടിച്ച് സ്‌ക്രീനിൽ വേണു നാഗവള്ളിയെ കാണു​മ്പോഴെല്ലാം അധികം കാണാതെയും അറി​യാ​തെയും പോയ എന്റെ അച്ഛനെന്നു സങ്കല്പിച്ച് ഗൂഢമായി ആനന്ദിക്കുകയും അഭിമാനിക്കുകയും ചെയ്യാറുണ്ട്. ഏറ്റവും വേണ്ടപ്പെട്ട ആ ഒന്ന് കൂടെയില്ലാത്തത് കാരണമുണ്ടായ ശൂന്യതയായിരുന്നു കുട്ടിക്കാലത്തെ ഏറ്റവും കഠിനവും സങ്കടകരവുമായ അനുഭവം. അച്ഛനില്ലാത്ത കുട്ടികൾ എന്ന ചുറ്റിൽനിന്നുമുള്ള സഹതാപവർഷങ്ങൾ എന്നെയും സഹോദരിയെയും ചെറുതല്ലാതെ അംഗപരിമിതരാക്കിയിട്ടുണ്ട്. അച്ഛന്‍ മരിച്ച് ഏറെക്കഴിഞ്ഞിട്ടും എപ്പോഴോ ഒരിക്കൽ കണ്ട സ്വപ്നത്തിന്റെ ഓർമ്മയിൽ തെക്കുഭാഗത്തെ ആകാശമടക്കുകൾക്കിടയിലെവിടെനിന്നോ എന്നെ കട്ടെടുക്കാന്‍ അച്ഛന്‍ വന്നേക്കുമെന്ന് അത്ര ചെറുതല്ലാത്ത ചെറുപ്പത്തിലും ഞാന്‍ ആവർത്തിച്ചാവർത്തിച്ച് കിനാവ് കാണുമായിരുന്നു! രോഗാ​തുര​മായ ഒരു മനസ്സ് അന്നേ എന്നിലുണ്ടായിരുന്നുവെന്ന് ആത്മാന്വേഷിയായ ഞാന്‍ പിന്നീട് തിരിച്ചറിയുകയായിരുന്നു.


Related Articles