മമ്മൂട്ടി എന്ന വിസ്മയകരമായ പൊതുവിഗ്രഹവ്യക്തിത്വം, അനുഭവ യാഥാര്‍ത്ഥ്യങ്ങളെയും അനുഭൂതി യാഥാര്‍ത്ഥ്യങ്ങളെയും മറികടന്ന് സംസ്കാരത്തെയും സാമാന്യബോധത്തെയും നിര്‍ണയിക്കുന്നത്രയും വളര്‍ന്നു വലുതായിട്ടുണ്ട്. സൂപ്പര്‍താരമായി പടര്‍ന്ന അഭിനയചരിത്രം; താരാരാധനാസംഘങ്ങളിലൂടെ വ്യാപിച്ച ജനപ്രിയത; വൈവിധ്യങ്ങളിലും വിഷമങ്ങളിലും നിസ്സംശയം കടന്നു ചെല്ലുന്ന കഥാപാത്രസ്വഭാവങ്ങള്‍; പുരോഗമന/മതേതര/ജനാധിപത്യ ബോധങ്ങളെ അലക്ഷ്യമായാണെങ്കിലും പിന്തുണയ്ക്കുന്ന കൂസലില്ലായ്മ; വിവാദങ്ങള്‍ക്ക് പിടികൊടുക്കാത്ത വിധത്തില്‍ നിര്‍മ്മിക്കപ്പെട്ട പരിവേഷം എന്നിങ്ങനെ ഒട്ടൊക്കെ ശ്രദ്ധാപൂര്‍വ്വം വിന്യസിക്കപ്പെട്ട ഒരു അതീതയാഥാര്‍ത്ഥ്യമായി മമ്മൂട്ടി കേരളത്തില്‍ വ്യവസ്ഥാപിതമായിക്കഴിഞ്ഞു.
വെറുമൊരു നടന്‍, കുറെ അവാര്‍ഡുകള്‍ വാങ്ങിയ നടന്‍ എന്നല്ല; സിനിമയെന്നസാംസ്കാരികചരിത്രത്തിന്റെയും കേരളത്തിന്റെ സാമൂഹികചരിത്രത്തിന്റെ തന്നെയും ഭാഗമാണ് മമ്മൂട്ടി. അദ്ധ്വാനിച്ചും കഷ്ടപ്പെട്ടും ആത്മാര്‍പ്പണത്തോടുകൂടി പ്രവര്‍ത്തിച്ചുമാണ് മമ്മൂട്ടി ഈ ഉയരങ്ങളിലൊക്കെയെത്തിയത്. 'ടോട്ടല്‍ ആക്ടര്‍' ആണ് അദ്ദേഹം. സമഗ്രസുഭഗമായ അഭിനയം എന്നാണ് എം ടി വാസുദേവന്‍ നായര്‍ നിരീക്ഷിക്കുന്നത്. അരനൂറ്റാണ്ടുകാലമായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയും മറ്റു ഭാഷകളിലെ സിനിമകളില്‍ വ്യക്തമായ സാന്നിദ്ധ്യം ഉറപ്പാക്കുകയും ചെയ്ത ചലച്ചിത്രവ്യക്തിത്വമാണ് മമ്മൂട്ടിയുടേത്. അതേസമയം, കേരളസംസ്കാരത്തിന്റെ പരിണാമങ്ങളിലും നവീകരണങ്ങളിലും നിസ്സാരമല്ലാത്ത സ്വാധീനവും അദ്ദേഹം ചെലുത്തിക്കഴിഞ്ഞു.
