പഴയകാല ഹിന്ദി ചലച്ചിത്ര നടിമാരിൽ സിനിമാസ്വാദകർ നെഞ്ചിലേറ്റിയ മൂന്നുപേർ മധുബാല, നർഗീസ്, മീനാകുമാരി എന്നിവരായിരുന്നു. ഇവരിൽ പലതുകൊണ്ടും വ്യത്യസ്തമായി കലാവിമർശകരെയെല്ലാം ഇന്നും ഒട്ടൊന്നു വിസ്മയിപ്പിക്കുന്ന പാത്രം മീനാകുമാരി (1932-1972) തന്നെ. കഥപോലെ ജീവിതം എന്ന് നാം ചില ജീവിതങ്ങളെ വിശേഷിപ്പിക്കാറുണ്ട്. ആസൂത്രണം ചെയ്തതനുസരിച്ചുള്ള കഥാതന്തുക്കൾ ഇഴകോർത്തെടുക്കുന്ന കഥകളാണ് അവിടെ വായിക്കപ്പെടുന്നതെങ്കിൽ ആ വിശേഷണം മീനാകുമാരിക്കും നന്നായി ചേരും; അവരുടെ ജീവിതം അകാലത്തിൽ നീറിയൊടുങ്ങിയെന്നു മാത്രം! ഇന്ത്യൻ അഭിനേത്രിമാരിൽ മീനാകുമാരിയെ വ്യത്യസ്തയാക്കുന്നത് അവരുടെ അസൂയാവഹമായ കവിതാ/ഗസൽ രചനാപാടവം ആണ്. പക്ഷേ, ജീവിതത്തിലും സിനിമയിലും ദുരന്തനായികയുടെ 'റോൾ' ജീവിച്ചും അഭിനയിച്ചും കടന്നുപോവുകയായിരുന്നു മീനാകുമാരി.
അലി ബക്ഷ്-ഇക്ബാൽ ബീഗം ദമ്പതികളുടെ മൂന്നാമത്തെ മകളായി ജനിച്ച മീനാകുമാരിയുടെ യഥാർത്ഥപേര് മെഹ്ജബീൻ ബാനു എന്നായിരുന്നു. പാർസി നാടകവേദിയിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളിലൊരാളും ഹാർമ്മോണിയം വായനക്കാരനും കവിയുമായിരുന്നു ശിആ മുസ്ലിമായിരുന്ന അലി ബക്ഷ്. ബംഗാളിലെ പ്രസിദ്ധമായ ടാഗൂർ കുടുംബവുമായി ബന്ധുത്വമുണ്ടായിരുന്നു നർത്തകിയും നടിയുമായിരുന്ന അമ്മ കാമിനിക്ക്. പിന്നീട് അവർ ഇക്ബാൽ ബീഗമായി. മെഹ്ജബീൻ ജനിച്ചപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന അലി ബക്ഷ് കുഞ്ഞിനെ ഒരു മുസ്ലിം അനാഥാലയത്തിൽ ഏല്പിച്ചുവെന്നും മണിക്കൂറുകൾ കഴിഞ്ഞ് തിരിച്ചെടുത്തുവെന്നും കഥയുണ്ട്.
കുടുംബത്തിനു സാമ്പത്തികസഹായമാകുവാൻ കുട്ടിയായ മെഹ്ജബീനെ അച്ഛനും അമ്മയും ചേർന്ന് അഭിനയലോകത്തേക്കു തള്ളിവിടുകയായിരുന്നു. കുട്ടിക്കാലത്തുതന്നെ അഭിനയം ഒരു തൊഴിലായി സ്വീകരിക്കാൻ നിർബന്ധിതയായ 'ബേബി മീന'യുടേത് സ്നേഹശൂന്യമായ ബാല്യകാലമായി മാറിയതിൽ അത്ഭുതമില്ല. എല്ലാവരെയുംപോലെ പഠിച്ചു മിടുക്കിയായി ജീവിതത്തിൽ തിളങ്ങുക എന്ന സാധാരണ ആഗ്രഹമാണ് കുട്ടിയായ മെഹ്ജബീനുണ്ടായിരുന്നത്. പക്ഷേ, സാഹചര്യങ്ങൾ അതിന് എതിരായിനിന്നു. അതുകൊണ്ട്, മീനാകുമാരിക്ക് സിനിമയുമായിട്ടുണ്ടായിരുന്ന ബന്ധം ജീവിതാന്ത്യംവരെ സ്നേഹ-വിദ്വേഷങ്ങളുടേതായി മാറി.
