സർഗ്ഗാത്മക ധിക്കാരി

Art, Culture, Life

സർഗ്ഗാത്മക ധിക്കാരി


കുഞ്ഞബ്ദുള്ള മടപ്പള്ളിക്കാരനും ഞാൻ മാഹിക്കാരനുമാണ്. ഏകദേശം ഒരേസ്ഥലം എന്നുതന്നെ പറയാം. സംസാരിക്കുന്ന ഭാഷ, പാരമ്പര്യം, സംസ്‌കാരം എല്ലാം ഏറക്കുറെ ഒന്നുതന്നെയാണ്. മയ്യഴിയിലെ ഫ്രഞ്ചുസ്വാധീനം മാറ്റിനിർത്തിയാൽ മയ്യഴി മടപ്പള്ളിതന്നെയാണ്. ഈ പൊരുത്തമാണ് ഞങ്ങളുടെ തുടക്കം. ഈ പൊരുത്തംകൊണ്ടുതന്നെയാണ് ഞങ്ങൾ പെട്ടെന്ന് അടുത്തതും.

ബാലപംക്തിയിലൂടെയാണ് കുഞ്ഞബ്ദുള്ള എഴുത്ത് തുടങ്ങുന്നത്. പതിമൂന്നു വയസ്സിലോ മറ്റോ അതിൽ കഥ പ്രസിദ്ധീകരിച്ചു തുടങ്ങിയ ആളാണ്. ഞാനാകട്ടെ ബാലപംക്തിയിലൊന്നും എഴുതിയിട്ടേയില്ല. പ്രമുഖമായ പ്രസിദ്ധീകരണങ്ങളുടെ കഥാപേജുകളിൽ നേരിട്ടുതന്നെ ഞാൻ എഴുതിത്തുടങ്ങി. എഴുത്തിന്റെ തുടക്കം ഞങ്ങളുടെ കാര്യത്തിൽ ഇപ്രകാരം വ്യത്യാസപ്പെട്ടു കിടക്കുന്നു. ഞങ്ങൾ പരസ്പരം ആദ്യമായി കാണുന്നതുപോലും നാട്ടിൽവച്ചല്ല. മറുനാട്ടിൽവച്ചാണ്--ഡൽഹിയിൽവച്ചാണ്. ഞങ്ങൾ രണ്ടുപേരും വളരെ ചെറുപ്പത്തിൽത്തന്നെ നാടുവിട്ടു. ഞാൻ ഡൽഹിയിലേക്കും കുഞ്ഞബ്ദുള്ള അലിഗഡിലേക്കും.

അലിഗഡ് അക്കാലത്ത് കുഞ്ഞബ്ദുള്ളയ്ക്ക് ഇഷ്ടപ്പെട്ട സ്ഥലമായിരുന്നില്ല. ഡൽഹിയോടായിരുന്നു താത്പര്യം. അന്നത്തെ അലിഗഡ് സർവ്വകലാശാല ഇന്നത്തെ ജെ.എൻ.യു.പോലെ ഗൗരവമേറിയ ഒരു സ്ഥാപനമായിരുന്നു. ബുദ്ധിജീവികളുടെ കേന്ദ്രം. വിവിധ തലങ്ങളിലുള്ള ചിന്തകരും നക്‌സലൈറ്റുകളും ഉണ്ടായിരുന്ന ഇടം. ആ ലോകം പക്ഷേ, കുഞ്ഞബ്ദുള്ളയെ ആകർഷിച്ചില്ല. അതുകൊണ്ട് ഡൽഹിയിലേക്ക് വന്നുകൊണ്ടിരിക്കും.


Related Articles