സാഹിത്യഗവേഷണവ്യവഹാരവുമായി ബന്ധപ്പെട്ട സമകാലിക താൽപ്പര്യങ്ങളെ ആധാരമാക്കി നിർമിച്ചെടുക്കാവുന്ന വിജ്ഞാനപദ്ധതിയാണ് സാഹിത്യഗവേഷണവിജ്ഞാനീയം. ഔപചാരികവും അനൗപചാരികവുമായ സാഹിത്യഗവേഷണവഴികളെ സാഹിത്യഗവേഷണവിജ്ഞാനീയം വിമർശനാത്മകമായി വിശകലനം ചെയ്യുന്നു. ആധുനികജ്ഞാനപദ്ധതികളോടുള്ള വിമർശനങ്ങളിൽനിന്നുകൂടിയാണ് ഇത്തരം അറിവുക്രമങ്ങൾ രൂപപ്പെട്ടുവരുന്നത്. അതുകൊണ്ടുതന്നെ സിദ്ധാന്തത്തിന്റെയും രീതിശാസ്ത്രത്തിന്റെയും കാര്യത്തിൽ നിയതത്വത്തിനപ്പുറം അയത്‌നലളിതമായ നില സ്വീകരിക്കാൻ സാഹിത്യഗവേഷണവിജ്ഞാനീയത്തിനാകുന്നു. പാശ്ചാത്യവും പൗരസ്ത്യവും അതിനപ്പുറത്തും ഉള്ള സൈദ്ധാന്തികവും രീതിശാസ്ത്രവും ആയ വഴികളെ ഔചിത്യപൂർവം ഉപയോഗപ്പെടുത്താൻ പ്രസ്തുത വിജ്ഞാനത്തിന് കഴിയുന്നു. ആകെത്തുകയിൽ വിമർശനാത്മകസിദ്ധാന്തങ്ങളും രീതിശാസ്ത്രങ്ങളും ഈ വിജ്ഞാനത്തിന്റെ ആധാരമാകുന്നു. സാഹിത്യഗവേഷണവിജ്ഞാനീയം പോലുള്ള ആധുനികോത്തര ജ്ഞാനപദ്ധതികൾ സ്വയം വിമർശനാത്മകമായി അഴിച്ചുപണിഞ്ഞുകൊണ്ട് പതിവ് വർഗതാൽപ്പര്യങ്ങളുടെ ഭാഗമായിപോകാനുള്ള അപകടകരമായ അവസ്ഥകളെ അതിജീവിക്കുകയും, അതിന്റെ സൂക്ഷ്മരാഷ്ട്രീയത്തെ ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്.
സാഹിത്യഗവേഷണവിജ്ഞാനീയം ആധാരമാക്കി ഘടനാപരവും ചരിത്രപരവുമായ പരിപ്രേക്ഷ്യത്തിൽ നിന്നുകൊണ്ട് മലയാളസാഹിത്യഗവേഷണത്തിന്റെ ഉള്ളടക്കത്തെയും രാഷ്ട്രീയത്തെയും വിശകലനം ചെയ്യാവുന്നതാണ്. ഇതിനായി മലയാള സാഹിത്യഗവേഷണത്തിൽ പ്രവർത്തിച്ച വിചാരമാതൃകകൾ, സങ്കൽപ്പനങ്ങൾ, സിദ്ധാന്തങ്ങൾ, രീതിശാസ്ത്രങ്ങൾ, ഭാഷ, അറിവുനിർമാണം, അറിവിന്റെ വിന്യസനവും വിനിമയവും എന്നിങ്ങനെ നിരവധി ഘടകങ്ങളുടെ ചരിത്രപരമായ പരിണാമങ്ങളെയും പരസ്പരബന്ധങ്ങളെയും പടിപടിയായി വിശകലനം ചെയ്യാവുന്നതാണ്. ഒരു വ്യവഹാരം എന്ന നിലയിൽ സാഹിത്യഗവേഷണത്തെ നിർണയിക്കുന്ന സുപ്രധാന ഘടകങ്ങളാണ് മേൽപ്പറഞ്ഞവ. വ്യവഹാരഘടകങ്ങളും അവയുടെ അവാന്തരവിഭാഗങ്ങളും ശുദ്ധമായ നിലയിലല്ല; മറിച്ച് വിപുലമായ സാംസ്‌കാരികസംഘർഷത്തിൽ കണ്ണിച്ചേരുന്ന രാഷ്ട്രീയ ഘടകങ്ങളായാണ് സാഹിത്യഗവേഷണപ്രക്രിയയിൽ സ്ഥാനം പിടിക്കുന്നത്. വ്യവഹാരഘടനയെ വിശദീകരിക്കുന്നതിനൊപ്പം അവ സാധ്യമാക്കുന്ന സാംസ്‌കാരികസംഘർഷത്തെയും വിശദീകരിക്കാൻ സാഹിത്യഗവേഷണവിജ്ഞാനീയത്തെ പ്രാപ്തമാക്കേണ്ടതുണ്ട്. സംസ്‌കാരസംഘർഷങ്ങളുടെ അനാവരണം വഴി സാഹിത്യഗവേഷണവും പൊതുമണ്ഡലുമായുള്ള ബന്ധത്തെ പുനർനിർണയിക്കാനും സാഹിത്യഗവേഷണത്തിന്റെ ഭാവിയെക്കുറിച്ച് പര്യാലോചിക്കാനും കഴിയും. സാഹിത്യഗവേഷണവിജ്ഞാനീയം മുൻനിർത്തിയുള്ള ഈ അപ്രഗ്രഥനവഴിയെ പ്രസ്തുത വിജ്ഞാനത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ മേഖലകളായി പരിഗണിക്കാവുന്നതാണ്.
മലയാളസാഹിത്യഗവേഷണം
