ജീവിതമെഴുത്തിലെ എം.കെ. സാനു

Art, Culture, Life

ജീവിതമെഴുത്തിലെ എം.കെ. സാനു


മലയാള സാഹിത്യവിമർശത്തിന് മൗലികമായ സംഭാവന നല്‍കിയ സാംസ്കാരിക പ്രവര്‍ത്തകനായിരുന്നു 2025 ആഗസ്റ്റ് 2-ന് വിടപറഞ്ഞ പ്രൊഫ.എം.കെ.സാനു. 1960-ല്‍ പ്രസിദ്ധീകരിച്ച "കാറ്റും വെളിച്ചവും' എന്ന കൃതിയില്‍ തുടങ്ങി 2018-ല്‍ ഇറങ്ങിയ "കുമാരനാശാന്‍റെ ലീല; ഒരു സ്വപ്നാടനകാവ്യം' വരെ ഇരുപത്തിനാലോളം ഗ്രന്ഥങ്ങളാണ് ഈ വിഭാഗത്തില്‍ സാനുവിന്‍റേതായി പുറത്തുവന്നിട്ടുള്ളത്. ബാലസാഹിത്യം, വ്യാഖ്യാനം, യാത്രാവിവരണം, ഓര്‍മ്മ, ലേഖനസമാഹാരം, എഡിറ്റ് ചെയ്തവ ഉള്‍പ്പെടെ അമ്പതോളം കൃതികള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.

സാഹിത്യവിമർശനം നിരൂപണം

സി.പി. അച്യുതമേനോന്‍, കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, എ.ആര്‍. രാജരാജവര്‍മ്മ, പി.കെ.നാരായണപിള്ള, സി.എസ്.നായര്‍ എന്നിവരിലൂടെ ആരംഭിച്ച സംസ്കൃതത്തിന്‍റെയും പാരമ്പര്യവാദത്തിന്‍റേതുമായ വഴികളിലൂടെ സഞ്ചരിച്ച വരേണ്യ സാഹിത്യനിരൂപണത്തെ പില്‍ക്കാലത്ത് പുതുക്കിപ്പണിയുന്നത് കേസരി ബാലകൃഷ്ണപിള്ളയാണ്. ഇതിനിടയില്‍ ആശാനും ഉള്ളൂരും വള്ളത്തോളും നാളതുവരെയുള്ള വിമര്‍ശനപദ്ധതിയില്‍നിന്നും കുതറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അധീശാശയ നിര്‍മ്മിതിയെ മറികടന്ന് കാര്യമായ ചലനമുണ്ടാക്കാന്‍ അവരുടെ ഇടപെടലുകള്‍ക്കു സാധിക്കുന്നില്ല. പാശ്ചാത്യ സാഹിത്യസിദ്ധാന്തത്തെ അടിസ്ഥാനമാക്കി പുരോഗമനപരവും നവീനവുമായ കാഴ്ചപ്പാട് ഉയര്‍ത്തി കേസരി നടത്തിയ സാഹിത്യവിമര്‍ശനങ്ങള്‍ക്ക് വളരെ വേഗത്തില്‍ സ്വീകാര്യത ലഭിച്ചു. യാഥാസ്ഥിതികതയില്‍ സ്തംഭിച്ചുനിന്ന മലയാള വിമര്‍ശനത്തെ കേസരി പുരോഗമന നിലപാടിലേക്ക് ഉയര്‍ത്തിയതോടെ സാമ്പ്രദായിക വിമര്‍ശനത്തിന് അതിനെ ചോദ്യംചെയ്യാന്‍ കഴിയാതെവന്നു.


Related Articles