മരിച്ചവരെക്കുറിച്ച് നല്ലതേ പറയാവൂ എന്ന പൊതുബോധമാണ് നമ്മെ നയിക്കുന്നത്. നൂറു ശതമാനം പൂർണരായ മനുഷ്യർ ഉണ്ടാവുക സാധ്യമല്ല എന്ന സ്ഥിതിക്ക് മരിച്ച വ്യക്തി എത്രതന്നെ മഹാനായാലും ചില കുറ്റങ്ങളും കുറവുകളും കഴിവുകളും കഴിവില്ലായ്മകളും വിജയങ്ങളും പരാജയങ്ങളും ഉണ്ടാവുക സ്വാഭാവികം. എന്നാൽ മരണത്തോടെ നാം ഇവരുടെ ദൗർബല്യങ്ങളോട്, അറിഞ്ഞും അറിയാതെയും ചെയ്തുപോയ തെറ്റുകളോട്, ബാലഹീനതകളോട് രാജിയാവുന്നു, ഇവയൊക്കെ മറക്കുന്നു. മരിച്ച വ്യക്തിയെ സ്തുതിക്കുന്നു ദൈവമാക്കുന്നു. സ്മാരകങ്ങൾ പണിയുന്നു. റോഡുകൾക്കും സർവകലാശാലകൾക്കും വിമാനത്താവളങ്ങൾക്കും ഇവരുടെ പേര് നൽകുന്നു. എന്തിനേറെ, വർഷത്തിൽ ഒരു ദിവസം അവരുടെ പേരിൽ അറിയപ്പെടുത്തുന്നു. ഇനി അഥവാ മരിച്ച വ്യക്തിക്കെതിരേ വല്ലരീതിയിലുള്ള വിമർശനങ്ങളും ഉണ്ടായാൽ 'ശവത്തിൽ കുത്തരുത്' എന്ന പ്രയോഗംകൊണ്ടാണ് ചെറുക്കുക.
ഒരു മനുഷ്യൻ ജനിക്കുമ്പോൾ നമുക്കുള്ള സന്തോഷം മരണത്തിൽ ഉണ്ടാവില്ലെങ്കിലും മരണത്തോട് പൊതുവേ ഏറെ വൈകാരികമായാണ് നാം പ്രതികരിക്കുന്നത്. ഒരാൾ മരിക്കുമ്പോൾ ആ വ്യക്തി ഇല്ലാതാവുന്നു എന്നത് ശരിയാണെങ്കിലും ആ വ്യക്തി ജീവിച്ച ജീവിതം ബാക്കിയുണ്ടല്ലോ. ആ ജീവിതത്തെ, ആ വ്യക്തിയുടെ പ്രവർത്തനങ്ങളെ, നിലപാടുകളെ, സമീപനങ്ങളെ അപഗ്രഥിക്കാതെ കാലത്തിന്, വരുംതലമുറയ്ക്ക് വിട്ടുകൊടുക്കുന്ന പൊതു ബോധത്തെ ചോദ്യം ചെയ്യുകയാണ് വിഖ്യാത പോളിഷ് ചലച്ചിത്രകാരൻ ആന്ദ്രെ വൈദ Everything for Sale എന്ന സിനിമയിലൂടെ.
ഫിലിം സൊസൈറ്റികളിലൂടെ കേരളത്തിലെ സിനിമാ പ്രേക്ഷകർക്ക് സുപരിചിതനായ വൈദ തൊണ്ണൂറാം വയസ്സിൽ ഇക്കഴിഞ്ഞ ഒക്ടോബർ ഒൻപതിന് അന്തരിച്ചു.
