ആഗോളപ്രാദേശികതയുടെ ആഘോഷം

Art, Culture, Life

ആഗോളപ്രാദേശികതയുടെ ആഘോഷം


267 മലയാളി കലാകാരരുടെ 3000 ത്തോളം കലാസൃഷ്ടികൾ ആറ് വേദികളിലായി പ്രദർശിപ്പിക്കുന്ന സമകാലികകലാ പ്രദർശനമാണ് 'ലോകമേ തറവാട്' (the world is one family). കേരള സർക്കാരിന്റെ സഹകരണത്തോടെ കൊച്ചി ബിനാലെ ഫൗണ്ടേഷൻ ക്യുറേറ്റ് ചെയ്തിരിക്കുന്ന ഈ ബൃഹദ് കലാപ്രദർശനം ആലപ്പുഴയിലും കൊച്ചിയിലുമായാണ് നടത്തപ്പെടുന്നത്. ആലപ്പുഴയിൽ കേരള സ്‌റ്റേറ്റ് കയർ കോർപ്പറേഷൻ, പോർട് മ്യൂസിയം, ഈസ്‌റ്റേൺ പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡ്, വില്യം ഗുഡേക്കർ & സൺസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ അഞ്ച് വേദികളിലും, കൊച്ചിയിൽ ദർബാർഹാൾ കലാകേന്ദ്രത്തിലും നടന്നുവരുന്ന 'ലോകമേ തറവാട്' 2021 ഏപ്രിൽ പകുതിയോടെ കാണികൾക്കു മുന്നിൽ തുറക്കപ്പെടേണ്ടതായിരുന്നെങ്കിലും, കോവിഡ് മഹാമാരിയുടെ രണ്ടാംതരംഗവും അതിനെത്തുടർന്നുണ്ടായ അടച്ചിടലും കാരണം വൈകിപ്പോവുകയും ഏറെ പരിശ്രമത്തിനൊടുവിൽ ഇപ്പോൾ പ്രദർശനാനുമതി നേടിയിരിക്കുകയുമാണ്. ആഗസ്റ്റ് 13 മുതൽ സെപ്റ്റംബർ 30 വരെ കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് പൊതുജനങ്ങൾക്ക് കലാസൃഷ്ടികൾ കാണാനും ആസ്വദിക്കാനും സംവദിക്കാനും ഉള്ള അവസരമുണ്ട്.

പണിശാലകളും, പാണ്ടികശാലകളും, നിർമ്മാണകേന്ദ്രങ്ങളും കലാപ്രദർശനകേന്ദ്രങ്ങളുമായി പരിണമിപ്പിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരു നൂതനവിപ്ലവാത്മക ആശയമായിരുന്നു. അത് സാമ്പ്രദായിക കലാപ്രദർശനസമ്പ്രദായങ്ങളെ ചോദ്യംചെയ്യുകയും ബദലുകളെ മുന്നോട്ടു വെക്കുകയും ചെയ്തു. അതിന്റെ തുടർച്ചകൾ പല വൻകിടകലാപ്രദർശനങ്ങളിലും കാണാനാവും. 'ലോകമേ തറവാട് ' ആലപ്പുഴയിലെ വിസ്തൃതമായ പാണ്ടികശാലകളെയും കയർഫാക്ടറികളെയും ഇടച്ചുമരുകളാൽ (false wall) വിഭജിച്ച് ഓരോ കലാകാരർക്കും നിയതമായ പ്രാധാന്യം കൊടുത്തുകൊണ്ട് കാണികളുടെ കാഴ്ചയെ അതിലേക്ക് ക്ഷണിക്കുന്നു. ഒരു ബൃഹദ്പ്രദർശനം ആയിരിക്കുന്നതോടൊപ്പം, ഓരോ ചുമരും ഓരോ കലാകാരരുടെയും ഏകാംഗപ്രദർശനഇടം കൂടി ആയിത്തീരുന്നു. ചിത്രശില്പവീഡിയോപ്രതിഷ്ഠാപന കലാസൃഷ്ടികളാൽ വൈവിധ്യം പുലർത്തുന്ന പ്രദർശനവേദികൾ സമകാലിക മലയാളി കലാസമൂഹത്തിന്റെ പരിച്ഛേദമെന്ന് വിശേഷിപ്പിക്കാവുന്നതാണ്.

ബോസ് കൃഷ്ണമാചാരി
ബോസ് കൃഷ്ണമാചാരി

Related Articles