വഴിത്താവളങ്ങൾ

Art, Culture, Life

വഴിത്താവളങ്ങൾ


കടന്നുപോന്ന വഴിത്താവളങ്ങൾ പലതും മലയാളിക്കു നഷ്ടമാവുകയാണ്. പുച്ഛിച്ചുതള്ളാവുന്ന ഗൃഹാ​തുരതയല്ല ഞങ്ങൾക്ക് 44 പുഴ​യും. കുട്ടിക്കാലത്ത് പഞ്ചാരമണലി​ൽ കൂത്താടിയ പുഴ. ഞങ്ങളുടെ ഗ്രാമ​ത്തിന്റെ പ്രിയപ്പെട്ട അതിരും പണ്ടത്തെ പാലക്കാട് - പൊന്നാനി തുറയിലെ ജലപാതയുമായിരുന്നു നിള.

മണ്ണും ജീവജലവുമായി സുഖത്തോടെ പാർക്കാൻ പ്രകൃതി കനി​ഞ്ഞ വിഭവങ്ങളാണ് നാം കവർന്നെടുത്തത്. ഭൂഗർഭജലമൂറ്റി ആഴക്കിണറുകളിൽനിന്ന് ആനവിഴുങ്ങിപ്പൈപ്പിലൂടെ അയൽപ്രദേശങ്ങളിലേക്കു കട​ത്തിക്കൊണ്ടുപോയി. വെള്ളപ്പാച്ചിലിനു വഴി തിരിച്ചുവിടാൻ പ്രകൃതിയൊരുക്കിയ പാറക്കൂട്ടങ്ങൾ ഇടിച്ചുനിരത്തി അന്തിക്കാറ്റിനേയും പുറത്താ​ക്കി. മടക്കുമടക്കായി കിടന്നിരുന്ന കുന്നിൻചെരുവുകളിലേക്കു ചേക്കേ​റി പൊൻവെയിലിനു മുല നൽകിയ വെൺകുളിർമണൽ പൊന്നാക്കിമാറ്റി വിറ്റു. വേനലെത്തും മുന്പുതന്നെ പേരാറിലെ നീരുറവകൾ അതിവേഗം വറ്റി. കാവും കുളവും പടർവാഴയും മണിക്കുല താങ്ങുന്ന കവുങ്ങുകളും വാണ തോപ്പുകൾ പെരുങ്കാനൽ മൂടി വാടി വിളറി. എന്തു ചെലവഴിച്ചു, എത്ര ലാഭം കിട്ടി എന്നല്ലാതെ നിറഞ്ഞൊഴുകുന്ന പുഴയുടെ ഉയിർ​ത്തെഴുന്നേല്പിന് ആരും ആഗ്രഹിക്കുന്നില്ല. എങ്കിലും ജീവിക്കുന്നവരും മൺമറഞ്ഞവരുമായ പുഴയുടെ തീര​ത്തെ മനുഷ്യർ നമ്മുടെ മനസ്സിലെ കഥാപാത്രങ്ങളായി അവശേഷിക്കുന്നു. അവരുടെ വാക്കിലും ചിന്തയിലും പ്രവർത്തിക്കുന്നത് ജീവിതത്തിന്റെ നേർക്കുള്ള സമീപനവും പ്രതീക്ഷകളുമാണ്.

പിന്പേ പാഞ്ഞുവരുന്ന കാലത്തെ മുന്പേ കണ്ടറിഞ്ഞ കവിയും ഹ്യൂമനി​സ്റ്റുമായ എം. ഗോവിന്ദൻ "കേരളകവിത'യുടെ പ്രകാശനത്തിന് തൃത്താലയിലെത്തിയതായിരുന്നു. നിളാതീരത്തെ തൃത്താല ഗസ്റ്റ്ഹൗസിലാണ് അന്ന് ഞങ്ങൾ താമസിച്ചത്. പുഴയ്ക്കഭി​മുഖമായ വിശാലവരാന്തയിൽ കിട​ന്നു​റങ്ങുന്പോൾ പാതിരാത്രിയിൽ പുഴയ്ക്കക്കരെ കുന്നിൻപുറങ്ങളിൽതട്ടി കൊട്ടും മേളവും തീവെട്ടി വെളിച്ചവും ഞങ്ങളെ ഉണർത്തി. ഒരു ഉത്സ​വത്തിന്റെ പലതരം പ്രകാശം നിറ​ഞ്ഞുചിന്നുന്നത് പുലരുംവരെ കാണാ​മായിരുന്നു. ആ കാഴ്ച കാണാൻ അകത്തെ മുറിയിൽ കിടക്കുന്ന എം. ഗോവിന്ദനെ വിളി​ച്ചു​ണർത്തി. “പട്ടാന്പിപ്പുഴക്കരയിൽ പാട്ടു​പന്തൽപ്പടിക്കരികിൽ–പത്തുനൂറുകരിന്പനകൾ പാർത്തുനിൽക്കും പറന്പരികിൽ– ഉയരത്തിൽ ഉയരത്തിൽ– ഒരു കന്പിൽ തലയോട്” എന്ന് "നോക്കുകുത്തി' എന്ന പഴയ നാടൻകഥ ഭാവകാവ്യമായി ആവിഷ്കരിക്കുകയും മലയാളത്തിലെ ആദ്യകാവ്യചലച്ചിത്രമായി രൂപപ്പെടുകയും ചെയ്ത സന്ദർഭമായിരുന്നു.


Related Articles