ജയമോഹന്റെ ലോകങ്ങൾ

Art, Culture, Life

ജയമോഹന്റെ ലോകങ്ങൾ


ലയാളിക്ക് പ്രിയപ്പെട്ട എഴുത്തുകാരാണ് ജയമോഹനും കെ.സി. നാരായണനും. തമിഴ് സാഹിത്യത്തിൽ അരികുവൽക്കരിക്കപ്പെട്ടവരുടെ ജീവിതം പലവിധം പകർത്തിയ ജയമോഹനെ മലയാളി സ്വന്തം എഴുത്തുകാരനായി തന്നെയാണ് വായിക്കുന്നത്. മാധ്യമപ്രവർത്തകനും ഭാഷാപോഷിണി മുൻ എഡിറ്ററുമായ കെ.സി. നാരായണൻ അരനൂറ്റാണ്ടു കാലമായി മലയാള സാംസ്‌കാരിക ലോകത്ത് പല തരത്തിൽ ഇടപ്പെട്ടുകൊണ്ടിരിക്കുന്നു. കെ.എൽ.എഫ് വേദിയിൽ അവസാന ദിവസം ഇരുവരും സംഭാഷണത്തിലേർപ്പെട്ടു. 'അരികുവൽക്കരിക്കപ്പെട്ടവരുടെ ജീവിതമെഴുതുേമ്പാൾ' എന്ന വിഷയത്തിലായിരുന്നു സംഭാഷണം.

കെ.സി. നാരായണൻ: ഇപ്പോൾ ഒരു സന്തോഷവാർത്ത എനിക്ക് പറയാനുണ്ട്. ജയമോഹന്റെ 1997 ൽ പ്രസിദ്ധീകരിച്ച 'വിഷ്ണുപുരം' എന്ന നോവലിന്റെ ഇരുപത്തിയഞ്ചാമത്തെ പതിപ്പ് ഇന്ന് പ്രകാശനം ചെയ്യുകയാണ്. ഞാൻ അദ്ദേഹേത്താട് ചോദിച്ചു, ഒരു പതിപ്പ് എത്ര കോപ്പി അടിക്കും. 1200 കോപ്പിയാണ് അടിക്കുക. അപ്പോൾ ഈ നോവൽ 30,000 ത്തിലധികം കോപ്പി വിറ്റുപോയിരിക്കുന്നു. ആ നോവൽ 1500 പേജ് ഉള്ളതാണ്. വിഷ്ണുപുരം അദ്ദേഹത്തിന്റെ താരതമ്യേന ചെറിയ നോവലാണ്. 'വെൺ മുരശ്' എന്ന നോവൽ ആയിരം പേജുകൾ വീതമുളള 18 വോള്യങ്ങൾ അടങ്ങുന്ന ബൃഹത്താകാര നോവലാണ്. അതും ഇതുപോലെ പത്തും പതിനഞ്ചും പതിപ്പുകളായി.

ഇതിനു പുറമേ അദ്ദേഹം വർഷത്തിൽ അഞ്ചു പടങ്ങൾക്ക് എങ്കിലും തിരക്കഥ എഴുതും. ജയമോഹന്റെ ദിനചര്യ അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും. രാവിലെ എഴുന്നേറ്റു കഴിഞ്ഞാൽ 5 മണിക്ക് ലാപ്‌ടോപ്പിനു മുന്നിൽ ഇരിക്കും. വൈകുന്നേരം 3 മണി വരെ എഴുത്താണ്. അന്ന് എഴുതിയത് അദ്ദേഹത്തിന്റെ സൈറ്റിൽ ഇടും 70000 ഫോളോവേഴ്‌സ് ആണ് ജയമോഹന് ഉള്ളത്. ലോകത്തെങ്ങുമുള്ള വായനക്കാരുടെ ഒരു സദസ്സ്. ഇത് ജയമോഹൻ സ്വന്തമായി ഉണ്ടാക്കിയെടുത്തതാണ്. 1991 ലാണ് ജയമോഹന്റെ ആദ്യത്തെ നോവൽ 'റബ്ബർ' വന്നത്. ഞാൻ ചോദിച്ചു, എത്ര കോപ്പി അന്ന് അടിച്ചിട്ടുണ്ട്. 400 കോപ്പി. അത് നാല് കൊല്ലം കൊണ്ട് വിറ്റുപോയി. ഒരു വർഷം 100 കോപ്പി. അതാണ് അന്നത്തെ ശരാശരി വില്പന. മാത്രമല്ല അന്ന് തമിഴ് സാഹിത്യം അങ്ങനെയായിരുന്നു. പ്രധാനമായി ആനന്ദവികടൻ, കുമുദം തുടങ്ങിയ സാഹിത്യമാസികകൾക്കായിരുന്നു അതിൽ ആധിപത്യം. മറ്റു യഥാർത്ഥമായ വാല്യു ഉള്ള കവികളും എഴുത്തുകാരും ഒരുതരം ഗറില്ലകളെപോലെ കാടുകളിൽ ഒളിച്ചു ജീവിക്കുകയായിരുന്നു. വളരെക്കുറച്ച് കോപ്പികൾമാത്രം അടിക്കുന്ന ചെറുകിട മാഗസിനുകളിൽ ആണ് അവർ എഴുതുക. അങ്ങനെ ഒരു അവസ്ഥയിൽ നിന്ന് ഈ ഇൻറർനെറ്റ് യുഗത്തിൽ, ഇൻറർനെറ്റിനെ സമർഥമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ജയമോഹൻ ഒരു വലിയ വായനക്കാരുടെ സമൂഹത്തെ ഉണ്ടാക്കി.


Related Articles