സക്കരിയ്യ സംവിധാനം ചെയ്ത 'ഹലാൽ ലവ് സ്റ്റോറി'യിൽ നിറഞ്ഞു നില്ക്കുന്ന മുസ്ലിം സംഘടന, അവതരിപ്പിച്ച മട്ടുംമാതിരിയും കണ്ടാൽ കേരളത്തിലെ ജമാഅത്ത് ഇസ്ലാമിയാണെന്ന് തിരിച്ചറിയാനാവും. 'ഹലാൽ ലവ് സ്റ്റോറി'യെക്കുറിച്ച് വന്ന പല സംസാരങ്ങളിലും എഴുത്തുകളിലും ഇക്കാര്യം പരാമർശിച്ചിരുന്നു. ജമാഅത്ത് ഇസ്ലാമി നേതൃത്വം അത് തള്ളിപ്പറഞ്ഞതായും കണ്ടിട്ടില്ല. ജമാഅത്ത് ഇസ്ലാമിയുമായി ബന്ധമുള്ള ചിലർ, അവർ ധരിച്ചുവെച്ചിരിക്കുന്ന ഇസ്ലാമിക ചട്ടക്കൂടിനകത്ത് നിന്ന് ഒരു ടെലിഫിലിം നിർമ്മാണം നടത്താൻ ശ്രമിക്കുന്നതാണ് 'ഹലാൽ ലവ് സ്റ്റോറി'യുടെ പ്രമേയം. അവർ അനുഭവിക്കുന്ന ധർമ്മസങ്കടങ്ങളും, കൊണ്ടു നടക്കുന്ന വിരുദ്ധഭാവങ്ങളും, അവരുടേമേൽ നിയന്ത്രണമുള്ള സംഘടനയുടെ കാപട്യവും ഈ ചലച്ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. സംഘടനയോടൊട്ടിനിന്ന് ചലച്ചിത്രരചനയിലേർപ്പെടുന്നവരുടെ വേവലാതികളാണ് ബാഹ്യതലത്തിൽ ഈ ചലച്ചിത്രം ആവിഷ്കരിക്കുന്നത്. എന്നാൽ ആന്തരിക തലങ്ങളിൽ അത് ജമാഅത്ത് ഇസ്ലാമിയെ പോലെയുള്ള മുസ്ലിം സമുദായ സംഘടനകളുടെ കലയോടും സാഹിത്യത്തോടുമുള്ള കപട കാഴ്ചപ്പാടിനെതിരായുള്ള പ്രതിഷേധമാണ്. അത് കൊണ്ട് തന്നെ, സംഘടനകളുടെ നിയന്ത്രണങ്ങളിൽ നിന്ന് പുറത്ത് ചാടാനാവാത്തവരുടെ ദുർബല പ്രതിരോധമാണ് 'ഹലാൽ ലവ് സ്റ്റോറി.'
സമുദായവും കലയും:കാപട്യഭാവങ്ങൾ
കേരളത്തിലെ മുസ്ലിം സമുദായ സംഘടനകളുടെ കലയോടും സാഹിത്യത്തോടും വെച്ചുപുലർത്തുന്ന കപടഭാവം കലാസാഹിത്യ രംഗത്തോട് ബന്ധപ്പെട്ട പല മേഖലകളിലും കാണാനാവും. ജമാഅത്ത് ഇസ്ലാമിയുടെ 'സഹോദര സ്ഥാപന'മായ മാധ്യമം ദിനപത്രം 1987ൽ ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ സദാചാര ലംഘനങ്ങളുടെ മേഖലയെന്ന് ആരോപിച്ച് ചലച്ചിത്രങ്ങളുടെ പരസ്യം തിരസ്കരിക്കുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. ഒരൊറ്റ വർഷം പിന്നിടും മുമ്പുതന്നെ, ചലച്ചിത്ര പരസ്യ നിരോധനം മഹാമണ്ടത്തരമെന്ന് മനസ്സിലാക്കിയാവണം മാധ്യമം ദിനപത്രം ഐ.വി.ശശിയുടെ മലബാർ കലാപത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച '1921'ന്റെ പരസ്യം ഒരു മുന്നറിയിപ്പും കൂടാതെ പ്രസിദ്ധീകരിച്ചു. പത്രാധിപരുടെ വിശദീകരണമൊന്നും ഉണ്ടായിരുന്നില്ല. പ്രേമവും അക്രമവും അശ്ളീലവുമൊക്കെയാണ് ചലച്ചിത്ര പരസ്യം നല്കാതിരിക്കാനുള്ള കാരണമെങ്കിൽ, നിഷ്കളങ്കമായ ഒരു ഇറാൻ ചലച്ചിത്രമൊന്നുമായിരുന്നില്ല 1921. സ്വയം നിർമ്മിച്ച തടങ്കൽപ്പാളയത്തിൽ നിന്ന് സൂത്രത്തിൽ രക്ഷപ്പെടാനുള്ള ശ്രമം മതമേലാളന്മാരുടെ ഇടപെടലാൽ ആയിരിക്കണം പിൻവലിക്കേണ്ടി വന്നു; പിന്നീടതിന് മുതിർന്നിട്ടുമില്ല. 1998 മുതൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ മാധ്യമം ആഴ്ചപ്പതിപ്പിൽ ഇന്ന് ചലച്ചിത്ര നിർമ്മാണത്തിന്റെ അന്തഃപ്പുരരഹസ്യങ്ങൾ വരെ പ്രസിദ്ധീകരിക്കുന്നു. ആഴ്ചപ്പതിപ്പിലും സർഗ്ഗരചനാനിരോധനം നടത്തിയതറിയാനായിട്ടുണ്ട്.
