കുമാരകവിയുടെ കാമവും സന്ന്യാസവും

Art, Culture, Life

കുമാരകവിയുടെ കാമവും സന്ന്യാസവും


കവി, സമുദായ പ്രവർത്തകൻ, കുടുംബനാഥൻ എന്നിങ്ങനെ ത്രയവ്യക്തിത്വങ്ങളിലൂടെ കടന്നുപോകുന്നതാണ് കുമാരനാശാന്റെ ജീവിതമെന്ന് സാമാന്യമായി പറയുമ്പോഴും അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം സന്ന്യാസജീവിതത്തിന്റെ നിറഭാവത്തെ കണ്ടെത്താൻ കഴിയുമെന്ന സവിശേഷതയും നിലനിൽക്കുന്നുണ്ട്. അതദ്ദേഹത്തിൽ പ്രവർത്തിച്ചു വിമോചനതൃഷ്ണയിലേക്കുള്ള മാർഗ്ഗമായിരുന്നു. അതദ്ദേഹത്തിന്റെ അടിസ്ഥാന സ്വഭാവത്തിൽ രൂപപ്പെട്ടതും. അനിഷ്ടമായ ഭൗതികവ്യക്തിത്വങ്ങൾ തനിക്ക് ഭീഷണിയും ഭാരവുമായപ്പോഴൊക്കെ ആ വിമോചനശാസ്ത്രം അദ്ദേഹത്തിൽ പ്രവർത്തിച്ചു. സാഹചര്യങ്ങളുടെ ചിന്താപദ്ധതികളിലൂടെ അതു പ്രകടമായപ്പോൾ പൊരുത്തക്കേടലിന്റെ സുതാര്യമല്ലാത്ത ഒരു ഒഴുക്ക് ആ ജീവിതത്തിൽ സംഭവിക്കുകയും ചെയ്തു. ശരിക്കും ഭൗതികജീവിതവും സന്ന്യാസജീവിതവും തമ്മിലുള്ള സംഘർഷമായി കുമാരനാശാന്റെ ജീവിതത്തെ കാണാൻ കഴിയും.

ബാല്യകാലത്തിൽതന്നെ കുമാരനാശാനിൽ സന്ന്യാസാഭിമുഖ്യം രൂപപ്പെട്ടു തുടങ്ങിയിരിക്കണം. അമ്മ പറഞ്ഞുകൊടുത്ത ഇതിഹാസകഥകളും അച്ഛന്റെ കീർത്തനാലാപനവും അദ്ദേഹത്തിന്റെ മനസ്സിനെ അത്തരത്തിൽ രൂപപ്പെടുത്തുന്നതിൽ പ്രധാന ഘടകമായിട്ടുണ്ടാകണം. എന്നും എവിടെയും ഒന്നാമനാവാൻ ആഗ്രഹിച്ച മനസ്സിന്റെ ഉടമയായ കുമാരനാശാൻ പഠനത്തിൽ അതിസമർത്ഥൻ, സംസ്‌കൃതം പഠിച്ച് സിദ്ധരൂപവും അമരകോശവും സ്വായത്തമാക്കിയതിനുശേഷമാണ് അദ്ദേഹം പ്രൈമറി സ്‌കൂളിൽ ചേർന്നത്. അവിടെനിന്ന് വിജയിച്ച് ആ സ്‌കൂളിൽതന്നെ അധ്യാപകനാവുന്നു. ഉദ്യോഗനിയമനത്തിന് പ്രായമായില്ലെന്ന കാരണത്താൽ അദ്ദേഹത്തിന് ജോലി നഷ്ടപ്പെടുന്നതോടെ ഏകാന്തത ആ ജീവിതത്തിലേക്കു കടന്നുവരുകയാണ്. കുമാരനാശാനിൽ സന്ന്യാസജീവിതാഭിമുഖ്യം പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത് ഈ കാലഘട്ടത്തിലാണ്. ഉദ്യോഗനഷ്ടവും തുടർവിദ്യാഭ്യാസം ചെയ്യാൻ സാമ്പത്തികദാരിദ്ര്യം അനുവദിക്കാത്തതും കുമാരനാശാനിൽ സൃഷ്ടിച്ച പ്രതിസന്ധി ഭൗതികമായ ഉന്നതിയിലേക്ക് ഉയരാൻ തനിക്ക് കഴിയില്ലായെന്ന തിരിച്ചറിവിലാണ് എത്തുന്നത്. സാമ്പത്തികദാരിദ്ര്യം മാത്രമായിരിക്കില്ല. ജാതിവിഭജനത്തെപ്പറ്റിയും അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകണം. ശരിക്കും ഭൗതികലോകത്ത് താൻ വളരെ ചെറുതായിപ്പോകുന്നുവെന്ന തിരിച്ചറിവ് അദ്ദേഹത്തിന്റെ മനസ്സിനെ തകർത്തിട്ടുണ്ട്. ആ കാലഘട്ടത്തിൽ അദ്ദേഹത്തിൽ പ്രകടമായ ഭൗതികലോകത്തോട് ഉണ്ടായ പരാങ്മുഖത ഇത്തരം നിരാശയിൽനിന്ന് രൂപപ്പെട്ടതാണ്.

ഈ ഒരു സാഹചര്യത്തിലാണ് തന്റെ പ്രവർത്തനമണ്ഡലം ഭൗതികതയിൽനിന്ന് ആത്മീയതയിലേക്കു മാറേണ്ടതുണ്ടെന്ന് കുമാരനാശാൻ തീരുമാനിക്കുന്നത്. അതിന്റെ ഭാഗമായിരുന്നു പുരാണ ഇതിഹാസങ്ങളോട് തോന്നിയ അമിതമായ താത്പര്യവും വീടിനടുത്തുള്ള ഭഗവതിക്ഷേത്രത്തിൽ പതിവായി പോയി ധ്യാനനിമഗ്നനായിട്ടുള്ള അദ്ദേഹത്തിന്റെ ഇരുപ്പും. മകൻ സന്ന്യാസിയാകുമോയെന്ന് ഭയന്ന അച്ഛൻ മകനെ കൊച്ചാര്യൻ വൈദ്യരുടെ കടയിൽ കണക്കെഴുത്തുകാരനാക്കിയ പ്രവൃത്തി കുമാരനാശാന് ഒരുതരത്തിലും യോജിക്കാൻ കഴിയാഞ്ഞതായി അത് ക്ഷോഭിക്കുന്ന ഒരു മനസ്സ് അദ്ദേഹത്തിൽ സൃഷ്ടിച്ചത് ആത്മീയതയിലൂടെയുള്ള-- സന്ന്യാസത്തിലൂടെയുള്ള--തന്റെ മോചനമാർഗ്ഗം അടയുന്നുവെന്ന് കണ്ടപ്പോഴാണ്. വീടുവിട്ടിറങ്ങിപ്പോയ കുമാരനാശാൻ മടങ്ങിവരുന്നത്, സന്ന്യാസം ഉപേക്ഷിക്കാമെന്ന സമ്മതപത്രവുമായിട്ടല്ല. അമ്മയോടുള്ള ആത്മബന്ധം--ശരിക്കും കുട്ടിത്തം വിട്ടുമാറാത്തൊരു മനസ്സ് അദ്ദേഹത്തിൽ അവശേഷിച്ചതുകൊണ്ട് മാത്രമായിരുന്നു.


Related Articles