വള്ളത്തോളിലെ 'ദേശീയത'

Art, Culture, Life

വള്ളത്തോളിലെ 'ദേശീയത'


പത്തൊമ്പത്- ഇരുപത് നൂറ്റാണ്ടുകൾക്കിടയിൽ കേരളത്തിൽ ജീവിച്ച ഒരു മഹാകവിയുടെ രാഷ്ട്രസങ്കല്പം അന്വേഷിക്കുമ്പോൾ ചരിത്രപരമായ ഒട്ടനവധി വസ്തുതകൾ നമ്മുടെ മുന്നിൽ നിരന്നുനിൽക്കും. ഇവയ്‌ക്കെല്ലാം തുല്യപരിഗണന കൊടുത്ത് പുതിയ കാലം ആവശ്യപ്പെടുന്ന ലോകവീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുകയാണെങ്കിൽ ആ മഹാകവിയെക്കുറിച്ച് ഭൂതകാലം സ്വരൂപിച്ചുവെച്ചിട്ടുള്ള പല മുൻവിധികളും പ്രശ്‌നമായിത്തീരാം. മുൻധാരണകളെ പരിഗണിക്കാതെയുള്ള പരിശോധനയും മറ്റൊരു തരത്തിലുള്ള മുൻവിധിയിലാണ് എത്തിച്ചേരുക എന്നതിനാൽ അവയെക്കൂടി സ്വീകരിക്കേണ്ടിവരും. അതിനാൽ മഹാകവി വള്ളത്തോളിന്റെ രാഷ്ട്രീയബോധ്യങ്ങളെക്കുറിച്ചുള്ള ഈ അന്വേഷണത്തിന്റെ പരിധിക്ക് കുറേക്കൂടി തുറസ്സ് ആവശ്യമായി വരുന്നു.

തന്റെ ജീവിതത്തിന്റെ അവസാകാലത്ത് വള്ളത്തോൾ എഴുതിയ 'ഏകലോക'മെന്ന കവിതയിൽനിന്ന് തുടങ്ങാം. 1956-ൽ പ്രസിദ്ധീകരിച്ച ഈ കൊച്ചുകവിത 'സാഹിത്യമഞ്ജരി' പതിനൊന്നാം ഭാഗത്തിലാണുള്ളത്. ഒരു യുദ്ധവിരുദ്ധ കവിത എന്ന വിശേഷണംകൊണ്ട് പൊതുവേ വള്ളത്തോളിന്റെ നിരൂപകർ പരാമർശിച്ചുപോവുക മാത്രം ചെയ്തിട്ടുള്ള കവിതയാണിത്. അതിലപ്പുറം ഈ കവിതയിൽ മറ്റെന്തെങ്കിലുമുണ്ടോയെന്നു കണ്ടെത്താനുള്ള അന്വേഷണമല്ലിത്. പകരം വള്ളത്തോളിന്റെ രാഷ്ട്രമീമാംസയിലേക്കുള്ള കുറുക്കുവഴി എന്ന നിലയിലാണ് പ്രസ്തുത കവിതയെ ഇവിടെ പരിശോധിക്കുന്നത്. പതിനൊന്ന് ശ്ലോകങ്ങൾ മാത്രമേ ഏകലോകമെന്ന കവിതയിലുള്ളൂ. അതാവട്ടെ ആത്മഭാഷണവുമാണ്. പ്രപഞ്ചസൃഷ്ടിക്കു മൂലകാരണമായ അണുക്കളാണ് ഭാഷണം നടത്തുന്ന് എന്നതാണ് ഇവിടുത്തെ പ്രത്യേകത. ആത്മഭാഷണമാണെങ്കിലും അണുക്കൾ സംസാരിക്കുന്നത് ശാസ്ത്രജ്ഞരോടാണ്. എന്നാൽ ശാസ്ത്രജ്ഞരുടെ മറുപടിയില്ലാത്തതിനാൽ കവിത സംഭാഷണത്തിന്റെയോ സംവാദത്തിന്റെയോ വഴിക്കു നീങ്ങുന്നില്ല. അണുക്കളുടെ ആത്മഭാഷണത്തിന്റെ ചുരുക്കമിതാണ്: ''ഗുഹയിലുറങ്ങിക്കിടക്കുന്ന ഞങ്ങളെ നിങ്ങളാണ് (ശാസ്ത്രജ്ഞർ) വിളിച്ചുണർത്തിയത്. ലോകത്തെ സൃഷ്ടിച്ചത് ഞങ്ങളാണ്. അതുകൊണ്ടുതന്നെ ലോകനന്മയ്ക്കായി ഞങ്ങൾക്കു പല കാര്യങ്ങളും ചെയ്യാനുണ്ടാവും. പക്ഷേ, അഭിജ്ഞരായ നിങ്ങളെന്തുകൊണ്ടാണ് അതു തിരിച്ചറിയാത്തത്? അതിനു പകരം ലോകത്തിന്റെ സർവനാശത്തിനായാണല്ലോ നിങ്ങൾ ഞങ്ങളെ വിളിച്ചുണർത്തിയത്. നിങ്ങൾക്ക് അഗാധമായ അറിവുകളുണ്ടെന്ന് സമ്മതിക്കുന്നു. അതുകൊണ്ടാണല്ലോ അണുക്കളെക്കൊണ്ട് തീർത്ത ഈ ലോകത്തെ അണുക്കളെക്കൊണ്ടുതന്നെ ഉടച്ചുകളയാം എന്ന് നിങ്ങൾ കണ്ടെത്തിയത്. നിങ്ങൾ തപസ്സ് ചെയ്തു നേടിയ അറിവുകളെല്ലാം ലോകനാശത്തിനായല്ലേ ഉപയോഗിക്കുന്നത്. ഉപ്പുവെള്ളത്തെ വലിച്ചെടുത്തു പാൽത്തണ്ണീർ തിരിച്ചുനൽകുന്ന അല്ലയോ സൂര്യാ ശുദ്ധജലത്തെ വിഷമാക്കി ബോംബുതിർക്കുന്ന ഈ മനുഷ്യർക്ക് നീ എന്നു വെളിച്ചം നൽകും? ഇരുട്ടിനെ പുണർന്ന് കിടക്കുന്ന നക്ഷത്രരാവിൽ ഈ മനുഷ്യർ കൊല്ലാൻവേണ്ടിയാണോ വിളക്കുകത്തിക്കുന്നത്? എങ്കിലും യുദ്ധത്തിന്റെ അടിമകളായ ചില മനുഷ്യരെങ്കിലും മാറിച്ചിന്തിക്കുന്നുണ്ട്. അവർ ബോംബുവർഷത്തെ പടക്കമായി മാത്രമേ കാണുന്നുള്ളൂ. അതുകൊണ്ടുതന്നെ യുദ്ധക്കൊതിയന്മാർക്ക് സ്തുതിപാടാൻ ഇനിയുള്ള മനുഷ്യർ മുന്നോട്ടുവരുമെന്നു തോന്നുന്നില്ല. അണുവായുധംകൊണ്ട് പരസ്പരം പോരടിച്ചാൽ ഇവിടെ ആരുമുണ്ടാവില്ലെന്ന് അവർ മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. ശാസ്ത്രലോകം കണ്ടെത്തിയ പുത്തൻ യന്ത്രങ്ങൾ ലോകത്തിന്റെ അതിർത്തിരേഖകൾ മായ്ച്ചുകളയുമ്പോൾ ഇനി അകൽച്ചയ്ക്ക് സാധ്യതയുണ്ടോ? എന്തായാലും സർവരും സന്തോഷത്തോടെ വാഴുന്ന ഏകലോകമെന്ന ആഗ്രഹം വിജയിക്കുകതന്നെവേണം.'' അണുക്കളുടെ ആത്മഭാഷണം ഇങ്ങനെ അവസാനിക്കുന്നു.

അണുക്കളുടെ ആഗ്രഹം വിജയിച്ചോ ഇല്ലയോ എന്ന കാര്യത്തെക്കുറിച്ച് തർക്കമുണ്ടാവാം. എന്നാൽ അണുക്കളുടെ ആഗ്രഹം വള്ളത്തോളിന്റെതന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. അതായത് സൃഷ്ട്യുന്മുഖമായ അണുരൂപിയായി കവി മാറുന്നു. കവിയുടെ ദൗത്യംതന്നെ സൃഷ്ടികർമ്മമാണല്ലോ. അതേസമയം സ്രഷ്ടാവായ അണുക്കളെക്കൊണ്ട് സംഹാരകർമ്മവും ചെയ്യിക്കുന്നുവെന്നാണ് ഈ കവിതയിലെ കവിയുടെ (അണുക്കളുടെ) പ്രധാന പരാതി. കവിയായ താൻ സൃഷ്ടികർമ്മത്തിൽനിന്നും മാറി അതിന് നേർവിരുദ്ധമായ സംഹാരകർമ്മത്തിലേക്കും എത്തിച്ചേർന്നോ എന്ന സംശയമാണോ വള്ളത്തോൾ ഇവിടെ പങ്കുവെക്കുന്നത്. വള്ളത്തോളിന്റെ അവസാനകാലത്തെ രാഷ്ട്രീയനിലപാടുകളും അതിന്റെ ഭാഗമായെഴുതിയ കവിതകളും ഇന്നു വായിക്കുമ്പോൾ ഏകലോകത്തിൽ കവി ഉന്നയിക്കുന്ന പരാതിയുടെ ആന്തരികയുക്തി കണ്ടെത്താനാവുമെന്നുതോന്നുന്നു. അതോടൊപ്പം തുടക്കംമുതൽക്കേ വള്ളത്തോൾ ഉയർത്തിപ്പിടിച്ച രാഷ്ട്രീയനിലപാടുകൾക്കു പിന്നിലുള്ള മനോഭാവത്തെക്കുറിച്ചും ചില തെളിച്ചങ്ങൾ കിട്ടും.


Related Articles