ആരാണ് നൃത്തം പഠിക്കുന്നത്? അങ്ങേയറ്റം നൃത്തവാസനയുള്ളവർ, നൃത്തം ചെയ്യാൻ മോഹമുള്ളവർ, തനിക്കു ചെയ്യാൻ പറ്റാതെപോയ കാര്യങ്ങൾ മക്കളെക്കൊണ്ടു ചെയ്യിക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർ, പഠിത്തത്തോടൊപ്പം മറ്റെന്തെങ്കിലുംകൂടെ ആയിക്കോട്ടെ എന്നു വിചാരിക്കുന്നവർ, വ്യായാമത്തിനു പകരം നൃത്തം എന്നു കരുതുന്നവർ, എന്റെ മകളും/മകനും കലാകാരി/കലാകാരൻ എന്ന് അംഗീകരിക്കപ്പെടാൻവേണ്ടി കൊതിക്കുന്ന മാതാപിതാക്കളുള്ളവർ, ഇങ്ങനെ പലരും.
ആഗ്രഹമുള്ളതുകൊണ്ട് നൃത്തം പഠിക്കുന്നു. എന്തിനുള്ള ആഗ്രഹം എന്നതു പ്രധാനമാണ്. നർത്തകിയോ നർത്തകനോ ആയിത്തീരാനുള്ള ആഗ്രഹമാണോ? കലോപാസകയായി ജീവിച്ചുതീർക്കാനുള്ള മോഹമാണോ? കലയിലൂടെ പ്രശസ്തി എന്ന ഉദ്ദേശ്യപ്രാപ്തിക്കുള്ള താൽ്പര്യമാണോ? ലക്ഷ്യമേതായാലും നൃത്തപഠനം ആവശ്യമാണല്ലോ! നൃത്തം പഠിക്കുന്ന പല വിഭാഗക്കാരും പല ആഗ്രഹങ്ങളും അതിമോഹങ്ങളും മനസ്സിൽ കൊണ്ടുനടന്നു നൃത്തത്തെ സമീപിക്കുന്നവരും ഒക്കെ 'വെറുതെ'യങ്ങ് നൃത്തം പഠിക്കാൻ സാധിക്കുന്നതല്ല എന്ന് എപ്പോഴെങ്കിലുമൊക്കെ തിരിച്ചറിവ് കിട്ടിയിട്ടുള്ളവരാണ്.
ടെലിവിഷനിൽനിന്നു പലതരം നൃത്തപരിചയം ഉണ്ടായിത്തുടങ്ങിയ കുഞ്ഞിന്റെ നൃത്തതാൽപര്യം അച്ഛനമ്മമാർ തിരിച്ചറിയുന്നു. പണ്ടൊക്കെ വിദ്യാലയജീവിതം തുടങ്ങുമ്പോഴാവും കുഞ്ഞിന്റെ സർഗ്ഗവാസനകൾ, നല്ല അധ്യാപകരിലൂടെ അച്ഛനമ്മമാർ അറിയുന്നത്. അല്ലെങ്കിൽ ഒരു കവിത ഏറ്റുമൂളുന്നതു കേട്ടിട്ടാവാം തന്റെ കുഞ്ഞിന്റെ സംഗീതാഭിരുചി മനസ്സിലാക്കുന്നത്. കേട്ട സംഗീതത്തിനൊപ്പിച്ചു ചുവടുകൾവെക്കുന്നതു കാണുമ്പോൾ ഇവൾ ചിലപ്പോൾ നൃത്തം ചെയ്തേക്കാം എന്നു ധരിച്ച് ഗുരുക്കന്മാരിലേക്കു കുഞ്ഞിനെ കൊണ്ടെത്തിച്ചിരുന്ന കാലം മാറി. സഹജമായ സർഗ്ഗവാസന ഏതു വിധേനയും മനസ്സിലാക്കിക്കൊള്ളട്ടെ. ആ തിരിച്ചറിവ് നൃത്തപഠനത്തിലേക്കു നയിക്കുന്നു. നല്ലതുതന്നെ. ഇതു കലാവാസനയുള്ള കുഞ്ഞിന്റെ/വ്യക്തിയുടെ കാര്യം. ഇതുകൂടാതെ ആദ്യം സൂചിപ്പിച്ച പല പ്രേരണകൾകൊണ്ടു നൃത്തപഠനത്തിലെത്തിപ്പെടുന്നവരും ഉണ്ട്. ഗുരുവിനെ കണ്ടെത്തിക്കഴിഞ്ഞാൽ, തന്റെ കുഞ്ഞിന്റെ സർഗ്ഗവാസന പരിപോഷിപ്പിക്കപ്പെടും എന്ന വിശ്വാസം നല്ലതുതന്നെ. ഗുരുവുംകൂടി മനസ്സുവെക്കണം എന്നുമാത്രം. ഗുരുവിനും അസാധാരണമായ സർഗ്ഗവാസനയുള്ള കുഞ്ഞിന്റെ രക്ഷിതാക്കളും ഒരേ മനസ്സോടെ കലയ്ക്കുവേണ്ടി നിലകൊള്ളണം. അവിടെ, പഠിക്കാനെത്തിയ കുട്ടിയുടെസാമ്പത്തികനിലവാരം വിലങ്ങുതടിയാവരുത്. പണമുള്ള വീട്ടിലെ കുഞ്ഞ് പണമുള്ളതുകൊണ്ടുമാത്രം നൃത്തം പഠിക്കുന്നു എന്ന അവസ്ഥയിലേക്കായി തീർന്നാലോ. കുഞ്ഞിന്റെ കഴിവിനുള്ള പരിപോഷണം ഗുരുവിൽനിന്നു വിലയ്ക്കുവാങ്ങാൻ ശ്രമിക്കുന്ന രക്ഷിതാവും പണം മാത്രം മുന്നിൽകണ്ട് അഭ്യസിപ്പിക്കാനൊരുങ്ങുന്ന ഗുരുവും ആയാൽ നൃത്തം പഠിക്കാൻ ആരു തയ്യാറാകും ഇനിയുള്ള നാളുകളിൽ? സമ്പന്നർമാത്രം.
